Sunday, February 16, 2014

നിര്‍ഭയ പരിപാടിക്ക് ആളെക്കൂട്ടിയത് പൊലീസ്

കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ് തുടങ്ങിയ "നിര്‍ഭയ കേരളം സുരക്ഷിത കേരളം" പദ്ധതിയുടെ ഉദ്ഘാടന സമ്മേളനത്തിന് പൊലീസ്സംവിധാനം വ്യാപകമായി ദുരുപയോഗിച്ചാണ് ആളെക്കൂട്ടിയത്. വാര്‍ഷികപരീക്ഷ അടുത്തിരിക്കെ, റേഞ്ച് ഐജിയുടെ കീഴിലുള്ള ജില്ലകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും പരിപാടിക്കെത്തിച്ചു. ഇവര്‍ക്കു വേണ്ട ഭക്ഷണംപോലും നല്‍കിയതുമില്ല.

ശനിയാഴ്ച രാവിലെ എറണാകുളം സെന്റ് ആല്‍ബര്‍ട്സ് സ്കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ യുപിഎ അധ്യക്ഷ സോണിയഗാന്ധിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ആളെക്കൂട്ടാന്‍ ജനമൈത്രി പൊലീസിന്റെ ബീറ്റുകളില്‍നിന്ന് നിശ്ചിത എണ്ണം ആളുകള്‍ പങ്കെടുക്കണമെന്ന് വയര്‍ലസ് സന്ദേശം നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനും അവലോകനത്തിനും ശേഷമാണ് മുമ്പൊരിക്കലും ഇല്ലാത്തവിധം വയര്‍ലസ് സംവിധാനം ഇതിനായി ഉപയോഗിച്ചത്. പൊലീസ്വാഹനങ്ങളും വ്യാപകമായി ഉപയോഗപ്പെടുത്തി. ഐജിയുടെ റേഞ്ചിലുള്ള ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള സ്കൂളുകളിലെ കുട്ടിപ്പൊലീസിനെയും വേദിയിലെത്തിച്ചു. ഈ വര്‍ഷം യൂണിറ്റ് തുടങ്ങിയ സ്കൂളുകളിലെ കാക്കി യൂണിഫോം കിട്ടാത്ത കുട്ടികളെയും പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം വെള്ളിയാഴ്ചയാണ് വന്നത്. ദൂരെനിന്ന് പുലര്‍ച്ചെ വന്ന വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയത്. പരിപാടിക്കുശേഷം പലര്‍ക്കും അധ്യാപകരാണ് ഭക്ഷണം വാങ്ങി നല്‍കിയത്. ആളുകള്‍ കൂടുതല്‍ വന്നതുകൊണ്ടാണ് ഭക്ഷണപ്പൊതി കുറഞ്ഞുപോയതെന്നാണ് സംഘാടകരുടെ ഭാഷ്യം.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സാമൂഹ്യക്ഷേമവകുപ്പുമായി ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയാണ് സോണിയഗാന്ധി ഉദ്ഘാടനം ചെയ്തത്. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യാന്‍ കൊച്ചിയിലെപ്പോലെ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment