Thursday, February 6, 2014

പാനൂര്‍ നല്‍കുന്ന സന്ദേശം

സംഘപരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം ഉപേക്ഷിച്ച് രണ്ടായിരത്തോളംപേര്‍ സിപിഐ എമ്മുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നത് സകലപിന്തിരിപ്പന്മാരെയും വിറകൊള്ളിക്കുകയാണ്. കപടഇടതുപക്ഷക്കാരും മാധ്യമവിശാരദന്മാരും കോര്‍പറേറ്റ് മാധ്യമങ്ങളുമെല്ലാം ഉറഞ്ഞുതുള്ളാന്‍ തുടങ്ങി. കാര്യം വ്യക്തമാണ്. സിപിഐ എം അനുദിനം ശക്തിപ്പെടുന്നു. തകര്‍ക്കാന്‍ പലരീതി നോക്കിയിട്ടും ഏശുന്നില്ല. പാര്‍ടി ശക്തിപ്പെടുന്നത് ഇവര്‍ക്ക് സഹിക്കാവുന്നതിനുമപ്പുറമാണ്. പാനൂരിന്റെ കിഴക്കന്‍മേഖലയായ ചെറുവാഞ്ചേരിയിലും പൊയിലൂരും ബിജെപിയില്‍ ശക്തമായ ഉരുള്‍പൊട്ടലാണ് സംഭവിച്ചത്. ആളുകള്‍ വിട്ടുപോയി എന്ന് ബിജെപി നേതൃത്വംതന്നെ സമ്മതിച്ചു.

പാനൂര്‍ നല്‍കുന്ന സന്ദേശം കേരളരാഷ്രീയത്തില്‍തന്നെ ചലനംസൃഷ്ടിക്കാന്‍ പോന്നതാണ്. ഇത് ഒറ്റപ്പെട്ടതാവില്ലെന്നതുകൊണ്ടാണ് സകല പിന്തിരിപ്പന്മാരും വിറളിപിടിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എം പ്രവര്‍ത്തകരും നേതാക്കളും വര്‍ഗീയഫാസിസത്തിന്റെ കൊലക്കത്തിയില്‍ അരിഞ്ഞുവീഴ്ത്തപ്പെടുമ്പോള്‍ സ്കോര്‍നിരക്ക് പ്രദര്‍ശിപ്പിച്ചവരാണിവരില്‍ പലരും. കമ്യൂണിസ്റ്റുകാര്‍ വെട്ടേറ്റുവീഴുമ്പോള്‍ ഒരിറ്റ് കണ്ണുനീര്‍ വീഴ്ത്താന്‍ മനസ്സുവരാത്തവര്‍. അവരാണിപ്പോള്‍ ചെങ്കൊടിയെയും രക്തസാക്ഷികളെയും വാഴ്ത്തുന്നത്. സിപിഐ എമ്മിന്റെ പ്രതിശക്തിയായി ആര്‍എസ്എസിനെ അവതരിപ്പിച്ച് വര്‍ഗീയഫാസിസത്തിന് ഒത്താശചെയ്യുകയാണ് എല്ലാകാലത്തും വലതുപക്ഷമാധ്യമങ്ങള്‍ ചെയ്തത്. സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പ്രതിസ്ഥാനത്തുള്ള ആര്‍എസ്എസിന്റെ പേരുപറയാന്‍പോലും എന്ത് മടിയായിരുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തിനൊപ്പം ആയിരങ്ങള്‍ ഒഴുകിയെത്തുന്നത് രക്തസാക്ഷികുടുംബങ്ങള്‍ പൊറുക്കുമോ എന്നാണിപ്പോള്‍ ചോദ്യം. ഇങ്ങനെ വിഷംചീറ്റുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. രക്തസാക്ഷികുടുംബാംഗങ്ങള്‍ കൂടി പങ്കെടുത്ത മഹാസമ്മേളനത്തിലാണ് ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ചെത്തിയവരെ സ്വീകരിച്ചത്. ആര്‍എസ്എസുകാര്‍ കൊലചെയ്ത കുറ്റിച്ചി രമേശന്റെ സഹോദരനാണ് സിപിഐ എമ്മിന്റെ ചെറുവാഞ്ചേരി ലോക്കല്‍ സെക്രട്ടറി കുറ്റിച്ചി പ്രേമന്‍. പൊയിലൂര്‍ മടപ്പുരയ്ക്കടുത്ത് ആര്‍എസ്എസുകാര്‍ കൊലചെയ്ത അജയന്റെ പേരടക്കം വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. അജയന്റെ സഹോദരന്‍ ജ്യോതിബാബുവിന്റെയും കുറ്റിച്ചി പ്രേമന്റെയും മറ്റും നേതൃത്വത്തിലാണ് ബിജെപിരാഷ്ട്രീയം ഉപേക്ഷിച്ചെത്തിയവരെ ആവേശപൂര്‍വം വരവേറ്റത്. ബിജെപി-ആര്‍എസ്എസ് സംഘടനയിലുള്ളവര്‍ മരണംവരെ അതേസംഘടനയില്‍ തുടരണമെന്നാണ് കപടഇടതുപക്ഷക്കാരുടെ വാദം. ഫാസിസ്റ്റ്രാഷ്ട്രീയം ഉപേക്ഷിച്ചാലും അവരെ പാര്‍ടിയോട് അടുപ്പിക്കരുതെന്നും അബദ്ധവശാല്‍പോലും ആരും പാര്‍ടിയിലേക്ക് കടന്നുവരരുതെന്നുമാണ് സകല കമ്യൂണിസ്റ്റ്വിരുദ്ധരും പറയുന്നത്. പാര്‍ടി വിട്ടുപോകുന്നവര്‍ സിപിഐ എമ്മിനൊപ്പമാകരുത്. അത് സഹിക്കാന്‍ ഇക്കൂട്ടര്‍ക്കാവില്ല. മറ്റേതു പാര്‍ടിയിലും ചേരാം. കെ സുധാകരന്റെ കോണ്‍ഗ്രസിലേക്കും മന്ത്രി കെ പി മോഹനന്റെ സോഷ്യലിസ്റ്റിലേക്കും ക്ഷണിച്ചാല്‍ കുഴപ്പമില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന ശൃഗാലന്യായം അവതരിപ്പിക്കാന്‍ കപടബുദ്ധിജീവികള്‍ക്കും കോര്‍പറേറ്റ് മാധ്യമത്തൊഴിലാളികള്‍ക്കും ഒരു മടിയുമില്ല.

ബിജെപി, കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ടിയിലുള്ളവര്‍ ആ രാഷ്ട്രീയത്തിനൊപ്പം എന്നും തുടരണമെന്നാണ് ഇവര്‍ വാദിക്കുന്നത്. പാര്‍ടിയില്‍നിന്ന് വഴിതെറ്റി ശത്രുവര്‍ഗത്തിന്റെ കൂടാരത്തില്‍ എത്തിപ്പെടുകയും പിന്നീട് തെറ്റുതിരുത്തി പാര്‍ടിയിലേക്ക് തിരിച്ചുവരികയും ചെയ്തവരെ സര്‍വാത്മനാ സ്വാഗതംചെയ്യുന്ന നടപടിയാണ് അടുത്തദിവസങ്ങളിലടക്കം സിപിഐ എം സ്വീകരിച്ചത്. ഇത്തരത്തിലുള്ളവര്‍ ഇനിയും പാര്‍ടിയിലേക്ക് വന്നുകൊണ്ടിരിക്കും. ഒരു പഞ്ചായത്തിലെ പാര്‍ടിയായ ആര്‍എംപിയുടെ നേതാവ് ചന്ദ്രശേഖരനെപ്പോലും പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നേതാക്കള്‍ നടത്തിയ നിരന്തരശ്രമം പലര്‍ക്കും അറിവുള്ളതാണ്. പക്ഷേ, അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ എന്തെല്ലാം സമ്മര്‍ദം ആരെല്ലാം നടത്തിയെന്നതും വിസ്മരിക്കാവുന്നതല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അച്ചടക്കവും സംഘടനാമൂല്യവും സംരക്ഷിച്ചുനിര്‍ത്താന്‍ എല്ലാകാലത്തും പാര്‍ടിക്ക് വിവിധരൂപത്തിലുള്ള നടപടി സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് ആവേശമായിരുന്ന കെ പി ആര്‍ ഗോപാലന്റെയും എന്‍ സി ശേഖറിന്റെയും പേരില്‍പോലും കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവന്നത് ചരിത്രമാണ്. അച്ചടക്കലംഘനത്തിന്റെ പേരില്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ടിയുമായി വീണ്ടും വിവിധ മേഖലകളില്‍ സഹകരിപ്പിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുമുണ്ട്. അല്ലാതെ പുറത്താക്കപ്പെട്ടവരെല്ലാം പുറത്തെന്ന സമീപനമല്ല പ്രായോഗിക പ്രവര്‍ത്തനത്തില്‍ പാര്‍ടി സ്വീകരിച്ചത്.

എറണാകുളംജില്ലയില്‍ അച്ചടക്കനടപടിക്ക് വിധേയനായ ആളായിരുന്നു എന്‍ കെ മാധവന്‍. വ്യക്തവും തെളിയിക്കപ്പെട്ടതുമായ പ്രശ്നത്തിന്റെ പേരിലായിരുന്നു നടപടി. കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ സന്യാസ തുല്യജീവിതംകൊണ്ട് വേറിട്ടവ്യക്തിത്വമായിരുന്ന സര്‍വാദരണീയനായ എ പി വര്‍ക്കി സെക്രട്ടറിയായ എറണാകുളം ജില്ലാകമ്മിറ്റിയാണ് നടപടിയെടുത്തത്. ബിജെപി ഉപേക്ഷിച്ചുവരുന്നവരെ സ്വീകരിക്കുന്നതിനെതിരെ അപ്പുക്കുട്ടന്‍ പ്രധാനവിഷയമായി ഉന്നയിച്ചത് എന്‍ കെ മാധവനെതിരായ ശിക്ഷാനടപടിയാണ്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പാര്‍ടിയെ വെല്ലുവിളിച്ചതിന് പുറത്താക്കിയ, സിപിഐ എം വിരുദ്ധതമാത്രം ഛര്‍ദിച്ച് ജീവിക്കുന്ന മഹാനാണ് രക്തസാക്ഷികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ജനസംഘവും ബിജെപിയും കേരളത്തില്‍ രൂപംകൊള്ളുന്നതിന് മുന്‍പ് കമ്യൂണിസ്റ്റുകാരെ അതിഭീകരമായി വേട്ടയാടിയ കോണ്‍ഗ്രസും പിഎസ്പിയും പോലുള്ള പാര്‍ടികളില്‍നിന്ന് അറിയപ്പെടുന്ന നേതാക്കളടക്കം ആയിരങ്ങള്‍ പലകാലങ്ങളായി രാജിവച്ച് കമ്യൂണിസ്റ്റ്പാര്‍ടിക്കൊപ്പം അണിചേര്‍ന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് സിപിഐ എം കേരളത്തിലെ ഏറ്റവും വലിയ ബഹുജന വിപ്ലവപ്രസ്ഥാനമായി മാറിയത്. ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന പാനൂര്‍പ്രദേശം ഒരു കാലത്ത് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും പി ആര്‍ കുറുപ്പിന്റെയും അക്രമപ്പേക്കൂത്തുകളുടെയും കൊലപാതക രാഷ്ട്രീയത്തിന്റെയും ഭീതിനിറഞ്ഞ പ്രദേശമായിരുന്നു. പി ആര്‍ കുറുപ്പിന്റെ അനുയായികളും നേതാക്കളുമായ പലരും പിന്നീട് സിപിഐ എം പ്രവര്‍ത്തകരും നേതാക്കളുമായി മാറിയെന്നതും ചരിത്രം. ഇതിന് മുന്‍പും എത്രയോപേര്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബിജെപിവിട്ട് സിപിഐ എമ്മുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പാര്‍ടിയുടെ നയത്തിലും പരിപാടികളിലും വിയോജിപ്പുള്ളവരാണ് പാര്‍ടിവിട്ടു വരുന്നത്. മാര്‍ക്സിസം-ലെനിനിസത്തില്‍ അവഗാഹംനേടിയല്ല ഇവരാരും പാര്‍ടിയുടെ ഭാഗമാകുന്നത്. പാനൂരില്‍ രാജിവച്ചുവന്നവരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പൊയിലൂരിലെ കുഞ്ഞിരാമന്റെ സഹോദരന്‍ ചന്ദ്രനടക്കമുണ്ടായിരുന്നു. വര്‍ഗീയനിലപാട് തള്ളി മതനിരപേക്ഷരാഷ്ട്രീയം അംഗീകരിക്കുകയാണ് ഇവരെല്ലാം ചെയ്തത്. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും പൊതുചിത്രം മാര്‍ക്സിസത്തിന്റെ പ്രസക്തിയാണ് വ്യക്തമാക്കുന്നത്. രാജ്യത്തിന്റെയും സാധാരണ ജനങ്ങളുടെയും താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് പൊരുതുന്നത് സിപിഐ എമ്മാണ്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് മറ്റുപാര്‍ടികളില്‍ നിന്നടക്കം ജനങ്ങള്‍ കമ്യൂണിസ്റ്റ്പാര്‍ടിക്കൊപ്പം അണിചേരുന്നത്.

സഹപ്രവര്‍ത്തകരുടെതന്നെ ജീവനെടുത്ത കോണ്‍ഗ്രസ് ഇപ്പോള്‍ അക്രമത്തിനെതിരെ സംസാരിക്കുകയാണ്. മലയാളത്തില്‍ കോണ്‍ഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരന്‍, എറണാകുളം ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ അബ്ദുള്‍ഖാദര്‍ അങ്ങനെ എത്രയെത്രപേരാണ് കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പിടഞ്ഞൊടുങ്ങിയത്. എണ്ണിയാലൊടുങ്ങാത്ത കൊടുംപാതകങ്ങള്‍ ചെയ്ത പാര്‍ടിയാണിപ്പോള്‍ സമാധാനത്തെക്കുറിച്ച് വാചാലരാകുന്നത്. ഇതിനെല്ലാം തപ്പുംതുടിയുമായി കോര്‍പറേറ്റുമാധ്യമങ്ങള്‍ കൂടെയുണ്ട്. സിമിയടക്കം നിരോധിക്കപ്പെട്ട സംഘടനകളുടെ അറിയപ്പെടുന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും ഉന്നതനേതാക്കളായി സംസ്ഥാനത്ത് വിരാജിക്കുന്നത് ആര്‍ക്കും വിഷയമേയല്ല. യുഡിഎഫ്- ബിജെപി വോട്ടുകച്ചവടം വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ പുറത്തുവന്നതാണ്. ഇക്കാര്യം സിപിഐ എം അന്ന് പറഞ്ഞപ്പോള്‍ പലരും അവിശ്വസിച്ചു. പെരിങ്ങളത്തെ കോലീബി പരീക്ഷണത്തെയും വോട്ടുകച്ചവടത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ എന്തൊരു പരിഹാസമായിരുന്നു. ബിജെപിയില്‍നിന്ന് പുറത്തുവന്ന മുന്‍ദേശീയസമിതി അംഗം ഒ കെ വാസുതന്നെ ഇപ്പോള്‍ ഇക്കാര്യം സമ്മതിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങളൊന്നും എവിടെയും ചര്‍ച്ചയാവുന്നില്ലെന്നുമാത്രം.

കാരായി രാജന്‍ deshabhimani

No comments:

Post a Comment