Monday, February 3, 2014

തട്ടിപ്പുവീരന്‍ അലക്സിന് കോണ്‍ഗ്രസ്,ബിജെപി നേതാക്കളുമായി ബന്ധം

ശനിയാഴ്ച ഡല്‍ഹിയില്‍ അറസ്റ്റിലായ കാര്‍ തട്ടിപ്പുകേസ് പ്രതി തിരുവല്ല സ്വദേശി അലക്സ് സി ജോസഫിന് കോണ്‍ഗ്രസിലെയും ബിജെപിയിലെയും ഉന്നത നേതാക്കളുമായി ബന്ധം. ഇത് തെളിയിക്കുന്ന രേഖകള്‍ അലക്സിനെതിരായ കേസുകള്‍ അന്വേഷിക്കുന്ന സിബിഐക്ക് ലഭിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ അലക്സ് പലവട്ടം ഫോണില്‍ വിളിച്ചതായി കണ്ടെത്തി.

ഭരണപക്ഷത്തെ പല പ്രമുഖരുടെയും പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാവിന്റെയും ബന്ധുക്കളുമായും അലക്സ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് 27 ലക്ഷം രൂപയുമായാണ് അലക്സ് പിടിയിലായത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കോഴ നല്‍കാന്‍ കൊണ്ടുവന്നതാണ് പണമെന്ന് ഇയാള്‍ സിബിഐ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. അലക്സ് പിടിയിലായതോടെ ഇയാളുമായി ബന്ധം പുലര്‍ത്തുന്ന കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ കേസുകള്‍ ഒതുക്കാന്‍ ശ്രമം തുടങ്ങി. നേരത്തെ ഊര്‍ജവകുപ്പ് കൈകാര്യംചെയ്ത കേരളത്തില്‍നിന്നുള്ള ഒരു മന്ത്രിയുമായി അലക്സിന് ബന്ധമുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പവര്‍ഗ്രിഡ് ഓഫ് കോര്‍പറേഷന്റെ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചതായി അന്വേഷകര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച അറസ്റ്റിലായ അലക്സിനെ ഞായറാഴ്ച മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കി. ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ മജിസ്ട്രേട്ട് അനുമതി നല്‍കി. തുടര്‍ന്ന് ഞായറാഴ്ച തന്നെ ഇയാളെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പിടിയിലാകുമ്പോള്‍ 27 ലക്ഷം രൂപയ്ക്ക് പുറമെ ഒമ്പത് മൊബൈല്‍ ഫോണും ഇയാളുടെ പേരിലുള്ള മൂന്ന് പാസ്പോര്‍ട്ടിന്റെ പകര്‍പ്പും സിബിഐ കണ്ടെടുത്തിരുന്നു. ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഒട്ടനവധി കേസുകളില്‍ അലക്സ് പ്രതിയാണ്.

ഡിഎംകെ നേതാവ് സ്റ്റാലിന്‍, ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്‍ തുടങ്ങി പല പ്രമുഖരും അലക്സ് നികുതി കൂടാതെ ഇറക്കുമതിചെയ്ത ആഡംബര കാറുകളാണ് ഉപയോഗിക്കുന്നത്. ഉപയോഗിച്ച ആഡംബര കാറുകളെന്ന വ്യാജേന പുതിയ കാറുകള്‍ പ്രവാസികളുടെ പേരില്‍ ഇറക്കുമതിചെയ്ത് കോടികളുടെ വെട്ടിപ്പാണ് അലക്സ് നടത്തിയത്. 60 കോടിയുടെ നഷ്ടം ഇതുവഴി സര്‍ക്കാരിനുണ്ടായി. അലക്സ് ഇറക്കുമതിചെയ്യാന്‍ ശ്രമിച്ച 36 ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഡല്‍ഹിയില്‍ 45 കോടി വിലമതിക്കുന്ന ഫ്ളാറ്റ് ഇയാള്‍ വാങ്ങിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കേരള പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇയാളെ 2011 നവംബറില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ്ചെയ്തിരുന്നു. തുടര്‍ന്ന് കേരള പൊലീസിന് കൈമാറിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങി.

deshabhimani

No comments:

Post a Comment