Monday, February 3, 2014

വയല്‍പച്ചയില്‍ സമരചുവപ്പ്

ആലപ്പുഴ: ജനദ്രോഹ നയങ്ങളില്‍ എരിയുന്നതിന്റെ ആത്മരോഷവും ദുരിതകാലത്തിന്റെ കുടിലതകള്‍ക്കെതിരെ പോരാടാനിറങ്ങിയ പ്രസ്ഥാനത്തോടുള്ള സ്നേഹവായ്പും. കത്തിയിറങ്ങുന്ന വേനല്‍ച്ചൂടിലും തടിച്ചുകൂടിയ പതിനായിരങ്ങള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന്റെ രണ്ടാംനാളിലെ സ്വീകരണങ്ങള്‍ ധന്യമാക്കി. തിങ്കളാഴ്ച മാര്‍ച്ച് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. നവോത്ഥാന നായകരും കമ്യൂണിസ്റ്റ് പ്രസ്ഥാനവും പടുത്തുയര്‍ത്തിയ ക്ഷേമകേരളത്തെ ഒരുശക്തിക്കും തകര്‍ക്കാനാവില്ലെന്ന് അലയടിച്ചെത്തിയ പുന്നപ്ര-വയലാറിന്റെ നേരവകാശികള്‍ പ്രഖ്യാപിച്ചു.

രക്തസാക്ഷി കുടുംബങ്ങള്‍, ആദ്യകാല പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യസമരസേനാനികള്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവരടക്കം ആബാലവൃദ്ധം പങ്കെടുത്ത സ്വീകരണസമ്മേളനങ്ങള്‍ ആലപ്പുഴയുടെ സാമൂഹിക പരിച്ഛേദമായി. കുട്ടനാടന്‍ വയലേലകളും തീരദേശത്തെ ചൊരിമണലും കടന്ന് നീങ്ങിയ മാര്‍ച്ചിനെ സ്വീകരിക്കാന്‍ ഒഴുകിയെത്തിയ ജനങ്ങളില്‍ രാഷ്ട്രീയത്തിന്റെയോ സമുദായത്തിന്റെയോ അതിര്‍വരമ്പുകളുണ്ടായില്ല. ഞായറാഴ്ച രാവിലെ ആലപ്പുഴ നഗരചത്വരത്തിന് സമീപത്തുനിന്ന് പ്രയാണമാരംഭിച്ചു. മങ്കൊമ്പിലെ ആദ്യ സ്വീകരണവേദിയില്‍ എത്തുമ്പോള്‍ കുട്ടനാട്ടിലെ കര്‍ഷക-കര്‍ഷകത്തൊഴിലാളി ജനതയാകെ തടിച്ചുകൂടിയിരുന്നു.

സ്വീകരണം ആരംഭിക്കുന്നതിനുമുമ്പുതന്നെ ജാഥാക്യാപ്റ്റനായ പിണറായി സദസിന് മുന്നിലിരുന്ന രക്തസാക്ഷി കുടുംബാംഗങ്ങളെയും ആദ്യകാലപ്രവര്‍ത്തകരെയും ആദരിച്ചു. തുടര്‍ന്ന് ഹ്രസ്വമായ മറുപടിപ്രസംഗം. കുട്ടനാടന്‍ വയല്‍വരമ്പുകളില്‍നിന്ന് അമ്പലപ്പുഴയിലെ ചൊരിമണലിലേക്കാണ് ജാഥയെത്തിയത്. രണ്ടാമത്തെ സ്വീകരണകേന്ദ്രമായ അമ്പലപ്പുഴ ബ്ലോക്ക് ജങ്ഷനിലെത്തിയപ്പോള്‍ നട്ടുച്ചവെയിലിലും ആയിരങ്ങള്‍ കാത്തുനിന്നു. വേലകളി, ബാന്റ്സെറ്റ്, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെയാണ് പിണറായിയെ സ്വീകരിച്ചത്. സര്‍ സിപിയുടെ മൂക്കുമുറിച്ച കെസിഎസ് മണിയുടെ പത്നി ലളിതമ്മാള്‍ അരിവാള്‍ സമ്മാനിച്ചത് ആവേശംപകര്‍ന്നു.

മൂന്നരയോടെ ഹരിപ്പാട് മാധവ ജങ്ഷനില്‍ എത്തി. മിച്ചഭൂമിസമരത്തില്‍ വെടിയേറ്റുമരിച്ച രക്തസാക്ഷികളായ നീലകണ്ഠന്റെയും ഭാര്‍ഗവിയുടെയും കുടുംബാംഗങ്ങള്‍ ജാഥയെ വരവേല്‍ക്കാനെത്തിയപ്പോള്‍ സമ്മേളനവേദിയാകെ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. കാര്‍ഷിക സംസ്കൃതി തുളുമ്പുന്ന അപ്പര്‍കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും വീഥികളിലൂടെയായിരുന്നു പ്രയാണം. മാര്‍ച്ചില്‍ അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവരും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു.

ചെങ്ങന്നൂരിലെയും മാവേലിക്കരയിലെയും സ്വീകരണത്തോടെ ജാഥയുടെ ഞായറാഴ്ചത്തെ പര്യടനം പൂര്‍ത്തിയായി. ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്കുമാറിന്റെ അച്ഛന്‍ ഗോപിനാഥപിള്ളയും പാകിസ്ഥാന്‍ സൈനികരോട് ഏറ്റുമുട്ടി മരിച്ച് ശൗര്യചക്ര നേടിയ സുജിത്ത്ബാബുവിന്റെ കുടുംബാംഗങ്ങളും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി.

ഡി ദിലീപ്

സമരവീര്യം പകര്‍ന്ന് ...

അമ്പലപ്പുഴ: "ചരിത്ര വഴികളില്‍ ഇരമ്പിയെത്തീ ചുവന്ന പടയുടെ മാര്‍ച്ച്. ചതഞ്ഞരഞ്ഞവര്‍ നിണം പകര്‍ന്നൊരു ചുവന്ന കൊടിയുടെ മാര്‍ച്ച്..."കേരള രക്ഷാമാര്‍ച്ചിന്റെ സ്വീകരണ വേദികളില്‍ ഇടിനാദം പോലെ മുഴങ്ങുകയാണ് കണ്ണൂര്‍ കെ പി ആര്‍ പണിക്കര്‍ വിപ്ലവ ഗായക സംഘത്തിന്റെ ഈ മധുരശബ്ദം. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന മാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ ഗാനങ്ങളിലൂടെ പുത്തന്‍ വിപ്ലവത്തിനുള്ള ഊര്‍ജ്ജം പകരുകയാണ് ഈ ഗായക സംഘം. സമരവീര്യം തുടിക്കുന്ന 20ഓളം ഗാനങ്ങളാണ് ഇവര്‍ ആലപിക്കുന്നത്. മാര്‍ച്ചിന്റെ രണ്ടാം സ്വീകരണ വേദിയില്‍ ഗായക സംഘം ആലപിച്ച ഗാനങ്ങള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കെ പി ആര്‍ പണിക്കരുടെ മക്കളായ കെ പി സുരേഷ് പണിക്കരും കെ പി സുനിലും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് കെ പി സുരേഷ് പണിക്കരാണ്. കെ പി ഐശ്വര്യ, നളിനി പാണപ്പുഴ, ഉമേഷ് ബാബു എന്നിവരാണ് മറ്റ് ഗായകര്‍. പ്രഭാവര്‍മ, ഏഴാച്ചേരി രാമചന്ദ്രന്‍, സുനില്‍ കുന്നരു, കെ ടി രാജീവ് കുട്ടാര്‍, ജെയിംസ് കട്ടപ്പന, വിനോദ് വൈശാഖി, പൊന്‍കുന്നം ദാമോദരന്‍ എന്നിവരാണ് ഗാനരചന. അന്തരിച്ച കെ പി ആര്‍ പണിക്കര്‍ സംഗീതം നല്‍കിയ 10 ഗാനങ്ങളും സംഘം ആലപിക്കുന്നുണ്ട്. പിണറായി വിജയന്‍ നയിച്ച 2006ലെ കേരള മാര്‍ച്ചിലും 2009ലെ നവകേരള മാര്‍ച്ചിലും ഈ ഗായക സംഘം സഹയാത്രികരായിരുന്നു.

ആ ധീരസ്മരണയില്‍ ലളിതമ്മാള്‍ സമ്മാനിച്ചു \"പൊന്നരിവാള്‍\"

അമ്പലപ്പുഴ: സര്‍ സിപിയുടെ അഹന്തയ്ക്കും ധാര്‍ഷ്ട്യത്തിനുമെതിരെ വാളോങ്ങിയ കെ സി എസ് മണിയുടെ പത്നിയും കേരള രക്ഷാമാര്‍ച്ചിന് അഭിവാദ്യവും ആശംസയുമായി അമ്പലപ്പുഴയിലെത്തി. അമ്പലപ്പുഴ കോനാട്ട് മഠത്തില്‍ ലളിതമ്മാള്‍ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന് കൊയ്ത്തരിവാള്‍ സമ്മാനിച്ചാണ് സ്വീകരണ സമ്മേളനഗരിയില്‍നിന്ന് യാത്രയായത്. ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാനും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ കാണാനും സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലളിതമ്മാള്‍ "ദേശാഭിമാനി"യോട് പറഞ്ഞു. പാര്‍ടി പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരുപാട് സന്തോഷത്തോടെയാണ് താന്‍ സ്വീകരിച്ചതെന്നും 76കാരിയായ അവര്‍ പറഞ്ഞു. പിണറായി സദസിലെ മുന്‍നിരയിലിരുന്ന ലളിതമ്മാളിനെ പൊന്നാടയണിച്ച് ആദരിച്ചു. ഈ സമയം മുദ്രാവാക്യങ്ങളാല്‍ സമ്മേളനനഗരി മുഖരിതമായി. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവിതാംകൂറിന്റെ മണ്ണില്‍നിന്ന് ദിവാന്‍ സി പി രാമസ്വാമി അയ്യരെ തുരത്താനാണ് മണി ആക്രമിച്ചത്. പരിക്കേറ്റ ദിവാന്‍ ജീവനുംകൊണ്ട് തിരുവിതാംകൂറില്‍നിന്ന് കെട്ടുകെട്ടുകയായിരുന്നു.

പിന്തുണയര്‍പ്പിച്ച് പ്രാണേഷിന്റെ അച്ഛന്‍

ആലപ്പുഴ: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് മോഡി സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച പ്രാണേഷ്കുമാറിന്റെ പിതാവ് ഗോപിനാഥപിള്ളയുടെ ഐക്യദാര്‍ഢ്യം. രാജ്യത്തെ വര്‍ഗീയതയെ ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്ന ഗോപിനാഥപിള്ള മാവേലിക്കരയില്‍ കേരള രക്ഷാമാര്‍ച്ചിനെ സ്വീകരിക്കാന്‍ എത്തിയത്.

പിണറായി വിജയന്‍, ഗോപിനാഥപിള്ളയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ഭീകരനെന്ന് മുദ്രകുത്തി വധിച്ച പ്രാണേഷ്കുമാറിന്റെ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ ഗോപിനാഥപിള്ള നടത്തിയ പോരാട്ടം ഇന്ന് ചരിത്രമാണ്. ദേശാഭിമാനി മാത്രമായിരുന്നു തന്നെ പിന്തുണയ്ക്കാനുണ്ടായിരുന്നതെന്ന് അദ്ദേഹം ജാഥാക്യാപ്റ്റനെ ധരിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ കൂലിപ്പട്ടാളക്കാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സുജിത്ത്ബാബുവിന്റെ കുടുംബാംഗങ്ങള്‍ മാവേലിക്കരയില്‍ സ്വീകരിക്കാന്‍ എത്തിയത് ആവേശം പകര്‍ന്നു.

അഭിവാദ്യവുമായി ഒരണ സമരനായകന്‍

ചേര്‍ത്തല: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് ഒരണസമരം നയിച്ച കോണ്‍ഗ്രസ് നേതാവ് പി കെ കുര്യാക്കോസിെന്‍റ അഭിവാദ്യം. സിപിഐഎമ്മിന്റെ ആശയങ്ങളോട് യോജിച്ച് പോകാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ കടന്നുവന്ന കുര്യാക്കോസ് ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ഒരണസമരത്തിന്റെ നായകനായിരുന്നു. ഡിസിസി സെക്രട്ടറി, കെപിസിസി അംഗം, ഐഎന്‍ടിയുസി നേതാവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം അസുഖബാധിതനായി ആരും തിരിഞ്ഞുനോക്കാനില്ലാതെ വൃദ്ധസദനത്തിലാണ്. അരനൂറ്റാണ്ടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സഹപ്രവര്‍ത്തകരാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ഈ 75 കാരന്‍ പറയുന്നു. സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമാണ് തിരക്കാന്‍ തയ്യാറാകുന്നത്. അമ്പതു വര്‍ഷക്കാലം ഏത് പ്രസ്ഥാനത്തെയാണ് താന്‍ എതിര്‍ത്തത് അവരില്‍നിന്നുമാത്രമാണ് അവശതയുടെ ഘട്ടത്തില്‍ ആശ്വാസം ലഭിച്ചത്. തന്റെ ദുരവസ്ഥ പൊതുജനം അറിയാന്‍ വഴിയൊരുങ്ങിയതും അവരിലൂടെയാണ്. ശേഷിക്കുന്ന ജീവിതം അവരുടെ ആശയങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ തീരുമാനിച്ചു. പിണറായിയുടെ മാര്‍ച്ചിനും അതിലെ മുദ്രാവാക്യങ്ങള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നതായി കുര്യാക്കോസ് പ്രസ്താവനയില്‍ പറഞ്ഞു.

ആരവം സൈബര്‍ ലോകത്തും

അമ്പലപ്പുഴ: കേരള രക്ഷാമാര്‍ച്ചിന്റെ വാര്‍ത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും ഞൊടിയിടയില്‍ ലോകമാകെ എത്തുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന്റെ തത്സമയ പ്രസംഗങ്ങളും ചിത്രങ്ങളും ഒരു ക്ലിക്കിന് സൈബര്‍ലോകമാകെ പരക്കുകയാണ്. ഫേസ്ബുക്കിലും യൂട്യൂബിലും അപ്പോള്‍ തന്നെ കാണാം വാര്‍ത്തകള്‍ നിറയും. മാര്‍ച്ചിന്റെ സന്ദേശം ലോകം മുഴുവന്‍ എത്തിക്കാന്‍ തിരുവനന്തപുരത്തുനിന്നുള്ള നവമാധ്യമ സംഘം സദാ സമയവും ഒപ്പമുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നടക്കം ആയിക്കണക്കിനു പേരാണ് ദിവസേന ഇന്റര്‍നെറ്റില്‍ മാര്‍ച്ചിന്റെ വിവരങ്ങള്‍ തിരക്കുന്നത്. പിണറായി വിജയനും മറ്റ് പ്രധാന നേതാക്കളും നടത്തുന്ന പ്രസംഗങ്ങള്‍ കേരള രക്ഷാമാര്‍ച്ചിന്റെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാണ്. ഈ പ്രസംഗങ്ങള്‍ യൂട്യൂബിന്റെ സഹായത്തോടെ വെബ്കാസ്റ്റിങ് നടത്തുകയാണ് ചെയ്യുന്നത്. ദേശാഭിമാനിയുടെ ഔദ്യോഗിക വെബ്സൈറ്റായ ദേശാഭിമാനി ഡോട്ട് കോമിലും സിപിഐ എമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇതിന്റെ ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രാദേശിക നേതാക്കളുടേത് അടക്കമുള്ള പ്രസംഗങ്ങള്‍ റെക്കോഡ് ചെയ്ത ശേഷം യൂട്യൂബില്‍ നല്‍കും. ഉദ്ഘാടന പ്രസംഗം ആയിരങ്ങളാണ് ഇതിനകം കണ്ടത്.

കേരളം ഉറ്റു നോക്കുന്ന മാര്‍ച്ചിലെ മറ്റ് സംഭവവികാസങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ ലഭ്യമാണ്. മാര്‍ച്ചിന്റെ ഫേസ്ബുക്ക് പേജിലും പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇത് ലഭിക്കും. സിപിഐ എമ്മിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും നിങ്ങള്‍ക്ക് ചിത്രങ്ങള്‍ കണ്ടെത്താം. മാര്‍ച്ചിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പിണറായി വിജയന്‍ വിശദീകരിക്കുന്ന വീഡിയോ ഇതിനകം രണ്ടു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ആയിരത്തിലധികം പേര്‍ ഇത് ഷെയര്‍ ചെയ്തു. കേരള രക്ഷാ മാര്‍ച്ചിന്റെ ഫേസ്ബുക്ക് പേജിന് ഇതിനകം ഏഴായിരത്തോളം ലൈക്ക് ലഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ സുനില്‍ സുകുമാരന്‍, വി ആര്‍ ആകാശ്്്, ആര്‍ കെ സന്ദീപ് എന്നിവരാണ് നവമാധ്യമ സംഘാംഗങ്ങള്‍.

താലിബാനിസം തുടരുമെന്ന ധാര്‍ഷ്ട്യം: പിണറായി

ആലപ്പുഴ: തിരൂരില്‍ സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന എസ്ഡിപിഐയുടെ പ്രസ്താവന താലിബാനിസം വീണ്ടും തുടരുമെന്ന ധാര്‍ഷ്ട്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് അമ്പലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐയെ ലീഗ് സംരക്ഷിക്കുകയാണ്. ലീഗ് തോറ്റതിന് എസ്ഡിപിഐ എന്തിന് ആക്രമണം നടത്തിയെന്നതിനെക്കുറിച്ച് ലീഗ് വിശദീകരിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇതിനെക്കുറിച്ച് ആരും പ്രതികരിച്ചുകണ്ടില്ല. ഇത് താലിബാനിസത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്. വിയ്യൂര്‍ ജയിലില്‍ അതിഭീകരമായ മര്‍ദനം നടന്നത് അറിഞ്ഞാണ് കോടിയേരി ബാലകൃഷ്ണന്‍ അവിടെ പോയത്. ജയിലിലെ പീഡനങ്ങളെ തങ്ങള്‍ എന്നും എതിര്‍ത്തിട്ടുണ്ട്.

വര്‍ഗീസിനെ വെടിവച്ചുകൊന്നതിനെയും രാജനെ ഉരുട്ടിക്കൊന്നതിനെയും മറ്റുള്ളവര്‍ ന്യായീകരിച്ചപ്പോള്‍ സിപിഐ എം മാത്രമാണ് എതിര്‍ത്തത്. ഇവര്‍ രണ്ടുപേരും സിപിഐ എമ്മുകാര്‍ ആയിരുന്നില്ല. വിയ്യൂരിലെ മര്‍ദനം ഉന്നതതല ആലോചനയെത്തുടര്‍ന്നാണ് നടന്നത്. ജയില്‍മേധാവി അറിയാതെ ഇത് നടക്കില്ല. ഇദ്ദേഹം ജയിലിന്റെ ചുമതല ഏറ്റെടുത്തശേഷമാണ് പി മോഹനനെ കുടുക്കാന്‍ വ്യാജദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും പിണറായി പറഞ്ഞു.

എങ്ങുമെത്താത്ത ആലപ്പുഴ ബൈപ്പാസ് സഹമന്ത്രിയുടെ ഭരണനേട്ടം: പിണറായി

അമ്പലപ്പുഴ: ആലപ്പുഴയിലെ കേന്ദ്രസഹമന്ത്രി തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വാഗ്ദാനവുമായെത്തുകയാണെന്ന് പിണറായി വിജയന്‍. ദശാബ്ദങ്ങളായി നീളുന്ന ബൈപ്പാസ് നിര്‍മാണമോര്‍ത്ത് ജനങ്ങള്‍ ശപിക്കുകയാണ്. ആലപ്പുഴയിലൂടെ യാത്ര ചെയ്യുന്ന ജനം ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകളോളമാണ് വഴിയില്‍ കുടുങ്ങുന്നത്. എംപിയായും പിന്നീട് വര്‍ഷങ്ങളോളം കേന്ദ്രമന്ത്രിയായും തുടരുന്ന ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാള്‍ക്ക് ദശാബ്ദങ്ങളായി തുടരുന്ന ബൈപ്പാസ് നിര്‍മാണം എങ്ങുമെത്തിക്കാനാകുന്നില്ല. ജനങ്ങളുടെ ദുരിതങ്ങള്‍ മനസിലാക്കാനാകാത്ത ഇത്തരം നേതാക്കന്മാരെയും യുഡിഎഫിനെയും ജനങ്ങള്‍ അവജ്ഞയോടെയാണ് കാണുന്നത്- പിണറായി പറഞ്ഞു.

സ്ത്രീസുരക്ഷ നഷ്ടപ്പെട്ടു: പി കെ ശ്രീമതി

അമ്പലപ്പുഴ: സ്ത്രീസുരക്ഷ നഷ്ടപ്പെട്ട സംസ്ഥാനമായി കേരളം മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കേരള രക്ഷാമാര്‍ച്ചിന് അമ്പലപ്പുഴ ബ്ലോക്ക് ജങ്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്രമസാമാധാനത്തിന് കേന്ദ്ര അവാര്‍ഡ് ലഭിച്ച സംസ്ഥാനത്ത് ഇന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു. കേരളത്തിന്റെ ക്രമസമാധാനനില തകര്‍ന്നു. ലോക്കപ്പ് മര്‍ദനങ്ങളും കര്‍ഷക ആത്മഹത്യകളുമേറി. കേരളത്തിലെ മന്ത്രിമാര്‍ മൂക്കറ്റം അഴിമതിയില്‍ കുളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും പരിവാരങ്ങളും സരിതയുമായി ബന്ധപ്പെട്ട് ഭരണം കുപ്രസിദ്ധിയുള്ളതാക്കി എന്നതില്‍ കവിഞ്ഞ് ഒരു നേട്ടവും കേരളത്തിന് ഉണ്ടാക്കിയിട്ടില്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമല്ല. പ്രഖ്യാപനങ്ങളുടെ പെരുമഴ മാത്രമാണ് സംസ്ഥാന ബജറ്റില്‍. അഞ്ചരലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് യുപിഎ സര്‍ക്കാര്‍ നല്‍കിയത്. സാധാരണക്കാരന്റെ ജീവിതവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും തകര്‍ത്ത് സ്വയം കോടീശ്വരിയായി സോണിയാഗാന്ധി മാറിയെന്നും ശ്രീമതി പറഞ്ഞു.

ജനജീവിതം ദുസഹമാക്കി: എളമരം കരീം

ആലപ്പുഴ: വിലക്കയറ്റംമൂലം പൊറുതിമുട്ടിയ ജനങ്ങളെ സഹായിക്കാന്‍ ഒരുനടപടിയും സ്വീകരിക്കാത്ത യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അധികനികുതിഭാരവും അടിച്ചേല്‍പ്പിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം പറഞ്ഞു. കേരള രക്ഷാമാര്‍ച്ചില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ഭരണത്തില്‍ കേരളം തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. 3.5 ലക്ഷം പേര്‍ പണിയെടുക്കുന്ന കയര്‍മേഖലയില്‍ കടുത്ത തൊഴിലില്ലായ്മയും പട്ടിണിയുമാണ്. മിനിമം വേതനം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വേതനപൂരക പദ്ധതി ഈ സര്‍ക്കാര്‍ അട്ടിമറിച്ചു. എല്ലാ പരമ്പരാഗത വ്യവസായമേഖലയും തകര്‍ന്നു. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇതിനുപിന്നാലെയാണ് അതിരൂക്ഷമായ വിലക്കയറ്റം അടിച്ചേല്‍പ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 48 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപ നിരക്കില്‍ അരിനല്‍കി. എന്നാല്‍ ഇപ്പോള്‍ അരിവില 35-40 രൂപയായി ഉയര്‍ന്നു. ഇതിനുപിന്നാലെ 1500 കോടിയുടെ അധികനികുതിയും അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണം അധോലോകത്തിന്റെ കൈയില്‍: എ കെ ബാലന്‍

ആലപ്പുഴ: യുഡിഎഫ് ഭരണത്തില്‍ കേരളം അധോലോകത്തിന്റെ നിയന്ത്രണത്തിലായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചില്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 കോടിയുടെ സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വം നല്‍കി. ഗണ്‍മാനെ ഉപയോഗിച്ച് ജനങ്ങളുടെ ഭൂമിയും തട്ടിയെടുക്കുന്നു. തട്ടിപ്പുകേസുകളില്‍ സമഗ്ര അന്വേഷണം നടത്തുന്നില്ല. ഈ സര്‍ക്കാര്‍ വന്നശേഷം ആദിവാസികള്‍ രുചിയറിഞ്ഞ് ആഹാരം കഴിച്ചിട്ടില്ല. 830 ആദിവാസികള്‍ മരിച്ചു. മേഖലയില്‍ ജനനത്തെക്കാള്‍ കൂടുതല്‍ മരണം സംഭവിക്കുന്നു. ഒരുവംശംതന്നെ ഇല്ലാതാകുകയാണ്. സര്‍വമേഖലയിലും നാശംവിതച്ച ഈ സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തു. ജനങ്ങളില്‍നിന്ന് ഇത്രയും ഒറ്റപ്പെട്ട മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രമയുടെ നിരാഹാരത്തിനുപിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം: എം വി ഗോവിന്ദന്‍

ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ കെ രമയുടെ നിരാഹാരസമരം രാഷ്ട്രീയ സമ്മര്‍ദ്ദതന്ത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചില്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസന്വേഷണവും അതിന്റെ അടിസ്ഥാനത്തില്‍ വിചാരണയും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ കേസ് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള നീക്കം നിയമവിരുദ്ധമാണ്. ഈ ആവശ്യമുന്നയിച്ച് കെ കെ രമ പ്രഖ്യാപിച്ച നിരാഹാരസമരം രാഷ്ട്രീയപ്രേരിതമാണ്. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് രമയുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ശ്രമം. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ കേസില്‍ ആഗ്രഹിച്ച വിധി കിട്ടാത്തതുകൊണ്ട് പ്രതികളെ ജയിലിലിട്ട് കൊലപ്പെടുത്താനായിരുന്നു ശ്രമം. കോടതി വിധിക്കാത്ത വധശിക്ഷ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാനാണ് ശ്രമിച്ചത്. ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ബദലിന്റെ പ്രസക്തിയേറി: ബേബിജോണ്‍

അമ്പലപ്പുഴ: കോണ്‍ഗ്രസ് ഒറ്റപ്പെട്ട് ദുര്‍ബലതയുടെ പരകോടിയിലെത്തിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു. അമ്പലപ്പുഴയിലെ സ്വീകരണകേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡിയെ ഉയര്‍ത്തിക്കാട്ടിയതോടെ എന്‍ഡിഎ സഖ്യം ചില കക്ഷികള്‍ ഉപേക്ഷിച്ചു. ഇവിടെയാണ് മൂന്നാംബദലിന്റെ പ്രസക്തി.

deshabhimani

No comments:

Post a Comment