Sunday, February 16, 2014

നിലമ്പൂരില്‍ കോണ്‍ഗ്രസിന് എന്തോ ഒളിക്കാനുണ്ട്: പിണറായി

തൃശൂര്‍: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന് എന്തോ ഒളിക്കാനുണ്ടെന്നതിന് തെളിവാണ് മന്ത്രി ആര്യാടന് കരിങ്കൊടി കാട്ടിയ വനിതകള്‍ക്കു നേരെയുണ്ടായ അതിക്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്യാടനോടൊപ്പംവന്ന സ്ഥലത്തെ കോണ്‍ഗ്രസുകാരാണ് മര്‍ദിച്ചത്. പാവപ്പെട്ട ഒരു സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ സത്യം പുറത്തുവരരുതെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതായി ഈ സംഭവം വ്യക്തമാക്കുന്നു. കേരള രക്ഷാമാര്‍ച്ചിന്റെ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കോണ്‍ഗ്രസ് സംസ്കാരം എത്രമാത്രം ജീര്‍ണിച്ചുവെന്നതിന്റെ തെളിവാണ് സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമം. സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന്റെ തുടക്കത്തില്‍ത്തന്നെ നാട്ടുകാര്‍ പല സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. അതിനെയെല്ലാം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാന്‍ നേരത്തെ നീക്കമുണ്ടായതാണ്. അന്വേഷകസംഘത്തിന്റെ മേധാവി ഭരണകക്ഷിക്ക് വേണ്ടപ്പെട്ടവരെ കൊലക്കേസില്‍ നിന്നുവരെ ഒഴിവാക്കിയെന്ന് ആക്ഷേപമുള്ളയാളാണ്. മന്ത്രിമാരെ പല ഘട്ടങ്ങളിലും കരിങ്കൊടി കാട്ടാറുണ്ട്. എന്നാല്‍ അവരെയൊക്കെ അനുയായികളെക്കൊണ്ട് അടിച്ചൊതുക്കുന്ന സമീപനം ആദ്യമാണ്. ഈ സംഭവത്തോടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം കൂടുതല്‍ വെളിച്ചത്തു വന്നിരിക്കയാണ്. നാടിനെയാകെ തകര്‍ക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ കൊണ്ടുവന്ന സാമൂഹ്യ പുരോഗതിയെല്ലാം തകര്‍ത്തത് തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരുകളാണ്. കേരള വികസനത്തിന് അസ്ഥിവാരമിട്ട 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച കാലംതൊട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഇപ്പോഴും ഇതു തുടരുന്നു. യുഡിഎഫ് ആഗ്രഹിക്കുന്ന വിധം ഇതു സാധിക്കാത്തത് എല്‍ഡിഎഫിന്റെ ശക്തമായ പ്രക്ഷോഭവും ചെറുത്തുനില്‍പ്പുംകൊണ്ടാണ്. ലോക്സഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ കോണ്‍ഗ്രസും യുഡിഎഫും ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കയാണ്. കേരളത്തില്‍ വിതച്ച കെടുതികള്‍ക്ക് കണക്കു ചോദിക്കാന്‍ കാത്തിരിക്കയാണ് ജനം. കേന്ദ്രത്തില്‍ ഇടതുപക്ഷ-മതനിരപേക്ഷ ശക്തികള്‍ ഭൂരിപക്ഷം നേടാനുള്ള അനുകൂലസാഹചര്യം വന്നിരിക്കയാണ്. അതിലേക്ക് മികച്ച സംഭാവന ചെയ്യേണ്ട സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു വോട്ടിന് രണ്ടു ഫലമുണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ ദുര്‍ഭരണത്തിന് അറുതിവരുത്തുന്നതുമാണിതെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment