Thursday, February 13, 2014

ബാങ്ക് ജീവനക്കാരുടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും

കൊച്ചി: ബാങ്കുകളിലെ ലാഭം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനുവേണ്ടിയല്ല എന്ന ധനമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. കുത്തകകളെ സഹായിക്കാന്‍ എഴുതിത്തള്ളുന്നതിന്റെ തുഛമായ ഭാഗം കൊണ്ട് കൊണ്ട് ശമ്പളപരിഷ്കരണം നടപ്പാക്കാമെന്നിരിക്കെ ചിദംബരത്തിന്റെ വാദം വസ്തുതയ്ക്കു നിരക്കാത്തതാണ്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) വിശദമാക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് ബാങ്ക് ജീവനക്കാര്‍ നിര്‍ബന്ധിതരാകുമെന്നും ബാങ്ക് യൂണിയനുകളുടെ ഐക്യവേദി മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയിലെ വാണിജ്യബാങ്കുകള്‍ 1,97,000 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. ഇതില്‍ 99,800 കോടി രൂപ വന്‍കിട കുത്തകകള്‍ എടുത്ത വായ്പ എഴുതിത്തള്ളുന്നതിന് മാറ്റിവച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ബാങ്ക് ഉടമകള്‍ ഇപ്പോള്‍ വാഗ്ദാനംചെയ്ത രീതിയില്‍ ശമ്പളം പരിഷ്കരിച്ചാല്‍ ഉണ്ടാകുന്ന ചെലവ് 3150 കോടി രൂപ മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരി ആറിന് ചീഫ് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് യോഗത്തിലും 10 ശതമാനം മാത്രം വേതന പരിഷ്ക്കരണം എന്ന നിലപാടില്‍ ഐബിഎ ഉറച്ചുനിന്നതോടെയാണ് ജീവനക്കാരും ഉദ്യോഗസ്ഥരും രണ്ടു ദിവസത്തെ പണിമുടക്കിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായത്.

പണിമുടക്കിയ ജീവനക്കാര്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. എറണാകുളം സെന്‍ട്രല്‍ ബാങ്കിനു മുന്നില്‍ നടന്ന ധര്‍ണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. കെ എന്‍ ഗോപിനാഥ്, സി ഡി നന്ദകുമാര്‍, ഒ സി ജോയി, ഷാജു ആന്റണി, കെ എസ് കൃഷ്ണ, മെയ്മോള്‍ തോമസ്, ഡേവിസ്, ചെറിയാന്‍ വാഴപ്പിള്ളി, കിഷോര്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരത്ത് പണിമുടക്കിയ ജീവനക്കാര്‍ യൂണിയന്‍ ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി. കോഴിക്കോട് യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി ഡി ജോസണ്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എം മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. തൃശൂരില്‍ കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ സംസാരിച്ചു.

ബാങ്കിങ് മേഖല സ്തംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഒന്നടങ്കം നടത്തിയ രണ്ടു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിങ് മേഖലപൂര്‍ണമായും സ്തംഭിച്ചു. നവലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിലും ശമ്പളപരിഷ്ക്കരണ നടപടി വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. എട്ടുലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിയത്. നിലപാടുകള്‍ തിരുത്താന്‍ കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും തയ്യാറായില്ലെങ്കില്‍ തീവ്രസമരപരിപാടികളിലേക്ക് കടക്കാനാണ് ബാങ്ക് യൂണിയനുകളുടെ ഐക്യവേദി തീരുമാനം. ശനിയാഴ്ച ഉച്ചമുതല്‍ മൂന്നര ദിവസം ബാങ്കുകള്‍ അടഞ്ഞു കിടന്നതിനാല്‍ ഇടപാടുകാര്‍ വലഞ്ഞു. എടിഎമ്മുകളുടെ പ്രവര്‍ത്തനവും നിലച്ചു. ചെക്ക് അംഗീകരിക്കലും മറ്റും മുടങ്ങിയതോടെ ഓഹരി വിപണിയെ ഉള്‍പ്പെടെ പണിമുടക്ക് സാരമായി ബാധിച്ചു. നാട്ടിലേക്കുള്ള പ്രവാസികളുടെ പണമയക്കലും മുടങ്ങി. ഇരുപത് കോടിയോളം ചെക്കുകളാണ് രണ്ടുദിവസങ്ങളിലായി തടസ്സപ്പെട്ടത്. കേരളത്തില്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും സ്തംഭിച്ചു. 35,000 പേര്‍ പണിമുടക്കില്‍ പങ്കെടുത്തു. പണിമുടക്കിയ ജീവനക്കാരും ഉദ്യോഗസ്ഥരും നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പ്രതിഷേധധര്‍ണയും യോഗങ്ങളും സംഘടിപ്പിച്ചു. ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്നാലെ പത്തുലക്ഷത്തോളം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ദ്വിദിന പണിമുടക്ക് ആരംഭിച്ചു. പ്രതിരോധ മേഖലയിലെയും റെയില്‍വെയിലെയും ജീവനക്കാരൊഴികെ മറ്റെല്ലാ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നു.

deshabhimani

No comments:

Post a Comment