Sunday, February 2, 2014

മാപ്പ് പറയേണ്ടത് ലീഗ് മുസ്ലിം ലീഗിന്റെ വര്‍ഗീയ മുഖം കൂടുതല്‍ വ്യക്തമായി: സിപിഐ എം

തിരൂര്‍ മംഗലത്തുണ്ടായ അക്രമത്തില്‍ ലീഗ്þഎസ്ഡിപിഐ അവിശുദ്ധബന്ധം തുറന്നുകാട്ടിയതിന്റെ പേരില്‍ സിപിഐ എം മാപ്പുപറയണമെന്ന മുസ്ലിംലീഗ് സെക്രട്ടറിയുടെ പ്രസ്താവന മുഖം രക്ഷിക്കാനുള്ള ചെപ്പടിവിദ്യയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ ലീഗ് വിമതര്‍ ഉള്‍പ്പെടെ നിരവധിപേര്‍ വികസനമുന്നണിക്കൊപ്പം അണിനിരന്നിരുന്നു. എസ്ഡിപിഐയും ലീഗും ഒന്നിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒന്നാംവാര്‍ഡില്‍ തെരിയത്തുവീട്ടില്‍ ഹംസയുടെ മകന്‍ റിയാസ് എസ്ഡിപിഐക്കുവേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയിരുന്നു. പ്രചാരണം ആരംഭിച്ച ഇദ്ദേഹത്തെ എസ്ഡിപിഐ നേതൃത്വം ഇടപെട്ട് ലീഗ് സ്ഥാനാര്‍ഥിക്കുവേണ്ടി പിന്തിരിപ്പിക്കുകയായിരുന്നു. ഒന്നാം വാര്‍ഡിലും 20ാം വാര്‍ഡിലും എസ്ഡിപിഐ ലീഗിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഏനീന്റെ പുരക്കല്‍ മജീദ്, തണ്ടലംവളപ്പില്‍ അന്‍വര്‍, തണ്ടലംവളപ്പില്‍ അലി അക്ബര്‍, നാലേക്കര്‍ വീട്ടില്‍ തുഫൈല്‍, കളരിയ്ക്കല്‍ അസ്കര്‍, എ കെ റമീസ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒന്നാംവാര്‍ഡിലും മൂസാന്റെ പുരക്കല്‍ റാഫി, മൂസാന്റെ പുരക്കല്‍ ഷൗക്കത്ത്, പട്ടത്ത് ഇസ്മയില്‍, ഔളാന്റെ പുരക്കല്‍ അസൈനാര്‍ എന്നിവര്‍ രണ്ടാം വാര്‍ഡിലും ലീനിനുവേണ്ടി പ്രവര്‍ത്തിച്ചു. 18ാം വാര്‍ഡില്‍ അസ്സനാര്‍ പുരക്കല്‍ മനാഫും സജീവമായിരുന്നു. ലീഗ് സ്ഥാനാര്‍ഥിയുടെ പരാജയം എസ്ഡിപിഐയുടേതുമായി കാണാന്‍ കാരണം ഈ സഹകരണമാണ്. എല്‍ഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിലേക്ക് ബൈക്ക് ഇടിച്ചുകയറ്റി എസ്ഡിപിഐക്കാരനായ കെ ടി ലത്തീഫ് പ്രകോപനം സൃഷ്ടിച്ചു. കത്തിവീശി ഭീകരത സൃഷ്ടിച്ച ഇയാളെ പൊലീസ് പിടികൂടി. ഇതിന് തൊട്ടുപിറകെയായിരുന്നു താലിബാന്‍ മോഡല്‍ ആക്രമണം. നടുറോഡില്‍ കാര്‍ തടഞ്ഞാണ് "അക്രമി സൈന്യം" വടിവാളും മാരകായുധങ്ങളുമായി അക്രമണം അഴിച്ചുവിട്ടത്. ചാനല്‍ ദൃശ്യങ്ങളില്‍നിന്ന് ഇവര്‍ എസ്ഡിപിഐക്കാരാണെന്ന് വ്യക്തമാണ്. കൃത്യം ചെയ്തത് എസ്ഡിപിഐക്കാര്‍ തന്നെയാണെന്ന് പാര്‍ടി ജില്ലാ നേതൃത്വം ഏറ്റുപറഞ്ഞതും തങ്ങള്‍ക്ക് പങ്കില്ലെന്ന് ലീഗ് ആവര്‍ത്തിക്കുന്നതും അവിശുദ്ധ സഖ്യത്തിന് മറയിടാനാണ്. ജില്ലയുടെ തീരമേഖലയില്‍ എസ്ഡിപിഐ പിടിമുറുക്കുന്നുവെന്ന ലീഗിന്റെ പുതിയ വെളിപാട് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനാണ്.

ലീഗും എന്‍ഡിഎഫും തമ്മിലുള്ള ഒത്തുകളി മാറാട് കേസിലും കേരളം കണ്ടതാണ്. മഞ്ചേരിയിലെ ഷംസു പുന്നക്കല്‍,തിരൂരിലെ ബാപ്പുട്ടി എന്നിവരെ എസ്ഡിപിഐക്കാര്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ സഹായിച്ചത് ലീഗായിരുന്നു. അന്ന് എംഎല്‍എയായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ "ഉപ്പുതിന്നവന്‍ വെള്ളം കുടിക്കു"മെന്ന് പറഞ്ഞാണ് പ്രതികളെ ന്യായീകരിച്ചത്. 2003ല്‍ മൊറയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ലീഗ് എംഎല്‍എ ഇടപെട്ടാണ് പ്രതികളെ രക്ഷിച്ചത്. എടക്കരയിലും പോത്തുകല്ലിലും വഴിക്കടവിലുമെല്ലാം സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച എസ്ഡിപിഐക്കാര്‍ക്ക് സഹായം നല്‍കിയത് ലീഗാണ്. കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ലീഗുകാരും എന്‍ഡിഎഫുകാരും പ്രതികളായതും ഈ ബന്ധത്തിന് തെളിവാണ്.

മുസ്ലിം സമുദായത്തെ വോട്ട് ബാങ്കാക്കി ലാഭം കൊയ്യാനാണ് ലീഗ് ശ്രമം. ലീഗിന്റെ ഈ രാഷ്ട്രീയമാണ് എസ്ഡിപിഐയ്ക്കും എന്‍ഡിഎഫിനുമുള്ളത്. ഹിന്ദുത്വ തീവ്രവാദികളായ ആര്‍എസ്എസിനെ സഹായിക്കാനേ ഇത് ഉപകരിക്കു. ഇത് മനസ്സിലാക്കി മാപ്പ് പറയേണ്ടത് ലീഗാണ്. ലീഗിന്റെ തീവ്രവാദ മുഖം വെളിപ്പെട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്. ലീഗ് വര്‍ഗീയതയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment