Sunday, February 2, 2014

ബെഫി മധ്യമേഖലാജാഥക്ക് ഉജ്ജ്വല സമാപനം



കോട്ടയം: ജനകീയ ബാങ്കിങ് ജനനന്മക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച മധ്യമേഖലാജാഥ കോട്ടയത്ത് സമാപിച്ചു. ശനിയാഴ്ച മുണ്ടക്കയത്ത് നിന്ന് ആരംഭിച്ച ജാഥ സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍ കുത്തകകളുടെ കൈയിലേയ്ക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ ജെ തോമസ് പറഞ്ഞു. ഇതോടെ ഈ ബാങ്കുകളുടെ സുരക്ഷിതത്വം അപകടത്തിലാകും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി. വിവിധ സംസ്ഥാനങ്ങളിലെയും കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെയും പരാജയം ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈകിട്ട് കോട്ടയത്ത് എത്തിയ ജാഥയെ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പഴയപൊലീസ് സ്റ്റേഷന്‍ മൈതാനിയിലേക്ക് ആനയിച്ചു. സമാപനസമ്മേളനംസിഐടിയു ജില്ലാപ്രസിഡന്റ് വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയാസെക്രട്ടറി എം കെ പ്രഭാകരന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാസെക്രട്ടറി ടി ആര്‍ രഘുനാഥന്‍, ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ജെ നന്ദകുമാര്‍, ജാഥാക്യാപ്ടന്‍ ടി നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ കെ ആര്‍ മേനോന്‍ സ്വാഗതവും പി ജി അജിത് നന്ദിയും പറഞ്ഞു. കലാജാഥയും ആകര്‍ഷകമായി. കലാകാരന്മാരെ വി എന്‍ വാസവന്‍ ആദരിച്ചു. പൊന്‍കുന്നം, പാമ്പാടി, ചങ്ങനാശേരി എന്നീ കേന്ദ്രങ്ങളിലും ജാഥക്ക് ഉജ്വല സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്ടന്‍ ടി നരേന്ദ്രന്‍, മാനേജര്‍ കെ എസ് രവീന്ദ്രന്‍, നേതാക്കളായ എബ്രഹാം തോമസ്, എം എന്‍ ഗംഗാധരന്‍, എബ്രഹാം തോമസ്, ആര്‍എഎം റെഡ്യാര്‍, എം കെ സന്തോഷ്, നാസര്‍ കൂട്ടിക്കല്‍, സെബാസ്റ്റ്യന്‍ ആന്റോ എന്നിവര്‍ സംസാരിച്ചു. ചങ്ങനാശേരിയില്‍ ടി എസ് നിസ്താര്‍ അധ്യക്ഷനായി. വിദേശികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കിങ് ലൈസന്‍സ് അനുവദിക്കരുത്, പുറംകരാര്‍ സമ്പ്രദായം നിര്‍ത്തലാക്കുക, സഹകരണ-ഗ്രാമീണ ബാങ്കുകളെ സംരക്ഷിക്കുക, ഒഴിവുകളില്‍ സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ജാഥ ഉന്നയിച്ചു.

No comments:

Post a Comment