Monday, February 3, 2014

ഭരണസംവിധാനം ദുരുപയോഗിച്ച് സിപിഐ എം വേട്ട

സംസ്ഥാനത്തെ മുഖ്യരാഷ്ട്രീയപ്രസ്ഥാനത്തെ നേരിടാന്‍ എല്ലാവിധത്തിലും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്നു. കെ കെ രമയുടെ നിര്‍ദിഷ്ട സെക്രട്ടറിയറ്റ് ഉപവാസം യുഡിഎഫിന്റെ രാഷ്ട്രീയ കപടനാടകമാണെന്ന് ഇതിനകം വ്യക്തം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രചിച്ച കപടനാടകത്തിലെ പൊറാട്ടു കഥാപാത്രമായിരിക്കയാണ് രമ. ചന്ദ്രശേഖരന്‍ കേസില്‍ ഏതന്വേഷണം നടന്നാലും അതില്‍ സിപിഐ എമ്മിന് ഒട്ടും പേടിയില്ല. എന്നാല്‍, സിപിഐ എം വേട്ടയ്ക്കായി നിയമവിരുദ്ധമാര്‍ഗങ്ങള്‍ ഒട്ടും മറയില്ലാതെ ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നു എന്നതാണ് പ്രശ്നം.

ലാവ്ലിന്‍ കേസ് സിബിഐക്ക് വിട്ട് രാഷ്ട്രീയക്കളി നടത്തിയ ഉമ്മന്‍ചാണ്ടിയാണ് ചന്ദ്രശേഖരന്‍ കേസിന്റെ പേരില്‍ സിപിഐ എമ്മിനെ വേട്ടയാടാന്‍ ഒരുവര്‍ഷത്തിലധികമായി ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തിയത്. ചന്ദ്രശേഖരന്‍ വധക്കേസ് സംസ്ഥാനത്തെ അത്യപൂര്‍വമായ സംഭവങ്ങളില്‍ ഒന്നല്ലായെന്ന് കോടതി തന്നെ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷേ, ഒരു അത്യപൂര്‍വ കേസ് എന്ന നിലയില്‍ രാഷ്ട്രീയ പകപോക്കലിന് കേസിനെ ദുരുപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍. ഇതിന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെപ്പോലെ തന്നെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിക്ക് കൂട്ടാളിയായിരിക്കയാണ്. രാഷ്ട്രീയപ്രതിയോഗികളെ നിയമവും ജനാധിപത്യകീഴ്വഴക്കവും കാറ്റില്‍പറത്തി മൃഗീയമായി നേരിടുകയെന്നതാണ് ഉമ്മന്‍ചാണ്ടി ശൈലി. ഇക്കാര്യത്തില്‍ ചാണ്ടിയേക്കാള്‍ കേമനും കമ്യൂണിസ്റ്റ് വിരുദ്ധനുമാണ് താനെന്ന് സ്ഥാപിക്കാനുള്ള മത്സരത്തിലാണ് ചെന്നിത്തല. ഇതിന്റെ ഭാഗമായാണ് ചന്ദ്രശേഖരന്‍ കേസില്‍ കോടതി ശിക്ഷിച്ച പ്രതികളെ ജയില്‍ മാറ്റി വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. ഇക്കാര്യത്തിലെല്ലാം കണ്ണൂരിലെ കെ സുധാകരന്റെയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെയും സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാറിന്റെയും പങ്കാളിത്തവും ആര്‍എംപിയുമായുള്ള രാഷ്ട്രീയഗൂഢാലോചനയിലുണ്ട്.

ചന്ദ്രശേഖരന്‍ കേസ് സിബിഐ അന്വേഷിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സിബിഐ അംഗീകരിക്കാന്‍ ഇടയില്ലെന്ന് മാതൃഭൂമി ചാനല്‍ ഞായറാഴ്ച സിബിഐയെയും നിയമവൃത്തങ്ങളെയും ഉദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കഴിഞ്ഞ് കോടതി വിധി വന്ന കേസില്‍ ഗൂഢാലോചന മാത്രമായി അന്വേഷിച്ച ചരിത്രം സിബിഐക്ക് ഇല്ലായെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്നെ ഗൂഢാലോചന എന്ന ഭാഗം പ്രോസിക്യൂഷന്‍ ശക്തമായ ഉന്നയിച്ചതാണ്. അക്കാര്യം ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പരിഗണിക്കുകയും അക്കാര്യത്തില്‍ രണ്ടുപേരെ ശിക്ഷിക്കുകയും ചെയ്തതാണ്. ഗൂഢാലോചനയെപ്പറ്റി മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്ന് കോടതിയുടെ വിധിന്യായത്തിലുമില്ല. കോണ്‍ഗ്രസിന്റെ കൈയിലെ പാവയായ സിബിഐയെ രാഷ്ട്രീയ ആയുധമാക്കി കേസന്വേഷണം ഏറ്റെടുപ്പിക്കാനുള്ള നീക്കം യുഡിഎഫും കമ്യൂണിസ്റ്റ് വിരുദ്ധരും സ്വാഭാവികമായി നടത്താം. പക്ഷേ, മാറാട് കേസില്‍ ഗൂഢാലോചന പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്ന് ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഏറ്റെടുക്കാന്‍ സിബിഐ തയ്യാറായിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ നിയമപരമായും പ്രായോഗികമായും അസാധ്യമായ ഒരുകാര്യമാണ് ചന്ദ്രശേഖരന്‍ കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗൂഢാലോചനാ ആക്ഷേപത്തിന്മേല്‍ ശിക്ഷ ലഭിച്ച കുഞ്ഞനന്തനും കെ സി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവരും അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്രകാരം ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരിഗണനയില്‍ വരുമെന്നിരിക്കെ ഗൂഢാലോചനയ്ക്ക് സിബിഐ അന്വേഷണമെന്ന സംസ്ഥാനസര്‍ക്കാര്‍ നീക്കം കോടതിയെയും ഭരണഘടനയെയും അപഹസിക്കലാണ്.
(ആര്‍ എസ് ബാബു)

രണ്ടുനാള്‍ നിരാഹാരനാടകം, പിറ്റേന്ന് തീരുമാനം

ടി പി ചന്ദ്രശേഖരന്റെ വിധവയും ആര്‍എംപി നേതാവുമായ കെ കെ രമയുടെ നിരാഹാരം യുഡിഎഫ് നേതൃത്വം സ്പോണ്‍സര്‍ചെയ്യുന്ന രാഷ്ട്രീയ നാടകം. സമരം ഒത്തുതീര്‍ക്കാനെന്ന പേരില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനാണ് ആര്‍എംപിയും യുഡിഎഫ് നേതൃത്വവും രഹസ്യധാരണയായിട്ടുള്ളത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. രണ്ടുദിവസത്തെ നിരാഹാരനാടകമേ ഉണ്ടാകൂ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് സംബന്ധിച്ച് തീരുമാനമെടുത്തു, മന്ത്രിസഭാ യോഗത്തില്‍ വയ്ക്കാന്‍ ഫയലും തയ്യാറാക്കി. കെപിസിസി എക്സിക്യൂട്ടീവ് അംഗമായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസിഫലി ഇതിനനുകൂലമായ ഒരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇനി ഔപചാരിക തീരുമാനംമാത്രമേ വേണ്ടൂ. ഒട്ടും നിയമ പിന്‍ബലമില്ലാത്ത ഒരു കേസില്‍ സിബിഐ അന്വേഷണമെന്ന നിയമവിരുദ്ധ നടപടികള്‍ക്ക് പിന്തുണ നല്‍കാനാണ് ഈ നീക്കങ്ങളെല്ലാം.

നിരാഹാര സമര പ്രഹസനവും സിബിഐ അന്വേഷണ പ്രഖ്യാപനവും വഴി യുഡിഎഫ് ലക്ഷ്യമിടുന്നത് ലോക്സഭാ തെരഞ്ഞെടുപ്പാണ്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം പൊലീസിനെയും മാധ്യമങ്ങളെയും ഉപയോഗിച്ച് അതിനീചമാം വിധം നടത്തിയ രാഷ്ട്രീയവേട്ടയിലും സിപിഐ എമ്മിന് പോറലേറ്റില്ല. സിബിഐയെ ഉപയോഗിച്ച് വീണ്ടും വേട്ടയാടാന്‍ കഴിയുമോ എന്നാണ് നോട്ടം. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതു മുതല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മാതൃകയില്‍ നടത്തിയ മുതലെടുപ്പിന് സമാനമായാണ് ഈ സമരനാടകവും. വ്യാജസാക്ഷികളെയും വ്യാജതെളിവുകളും സൃഷ്ടിച്ചുണ്ടാക്കിയ കേസില്‍ സിപിഐ എം ഗൂഢാലോചന അപ്പാടെ തള്ളിപ്പോയി. സിപിഐ എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ വീട്ടുവളപ്പിന്റെ മതിലിന് പുറത്തുകൂടി പോയപ്പോള്‍ വീട്ടില്‍നിന്ന് ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന ആര്‍എസ്എസുകാരനായ കള്ളസാക്ഷിയുടെ മൊഴിയുടെ പിന്‍ബലത്തിലാണ് കുഞ്ഞനന്തനെ ഉള്‍പ്പെടെ ഗൂഢാലോചനക്കേസില്‍ ശിക്ഷിച്ചത്. എന്നിട്ടും സിപിഐ എമ്മിനെതിരെ തുടര്‍ന്നും വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടാനുള്ള യുഡിഎഫ് തന്ത്രത്തിന്റെ ഇരയാവുകകൂടിയാണ് ബോധപൂര്‍വമോ അല്ലാതെയോ രമയും കൂട്ടരും.

വിചാരണ പൂര്‍ത്തിയായി വിധി പ്രസ്താവിച്ച ഒരു കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുകയെന്നതുമാത്രമാണ് നിയമവ്യവസ്ഥ. രമ ഇതിനായി സുപ്രീംകോടതിയിലെ അഭിഭാഷകന് വക്കാലത്ത് നല്‍കിയെന്നാണ് വാര്‍ത്ത. ശിക്ഷിക്കപ്പെട്ടവരും അപ്പീല്‍ നല്‍കുന്നുണ്ട്. ഇങ്ങനെ നിയമ പോരാട്ടം തുടരുന്നതിന് പകരം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് തീര്‍ത്തും നിയമവിരുദ്ധവുമാണ്. ഇത്തരം കേസുകളില്‍ തുടരന്വേഷണം വേണമെങ്കില്‍ വിചാരണക്കോടതി അത് പറയണം. അതല്ലെങ്കില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ കേസ് നടത്തിയതിലോ കോടതി അതൃപ്തി രേഖപ്പെടുത്തണം. ഇവിടെ ഇത് രണ്ടുമുണ്ടായില്ല. അന്വേഷണത്തില്‍ പൂര്‍ണമായും തൃപ്തരാണെന്നാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതുവരെ ആര്‍എംപിക്കാരും രമയും പറഞ്ഞിരുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേസ് അന്വേഷണഘട്ടത്തില്‍തന്നെ രണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു, അതും കോണ്‍ഗ്രസ് നേതാക്കളെ. ഇവര്‍ തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചായിരുന്നു കുറ്റപത്രവും സാക്ഷികളും തെളിവുകളും സൃഷ്ടിച്ചതും. അതേസമയം, ഒമ്പതു പേര്‍ കൊല്ലപ്പെട്ട മാറാട് കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെടെ സിബിഐ അന്വേഷണം നടത്താന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ചന്ദ്രശേഖരന്‍കേസ് സിബിഐക്ക് വിടുന്നത്. മാറാട് കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ ശുപാര്‍ശപോലും ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

എം രഘുനാഥ്

deshabhimani

No comments:

Post a Comment