Monday, February 3, 2014

അമ്പാടി മുക്കില്‍ ചെങ്കൊടി ഉയര്‍ന്നു

അമ്പാടി മുക്കില്‍ ചെങ്കൊടി ഉയര്‍ന്നു

കണ്ണൂര്‍: തളാപ്പ് അമ്പാടി മുക്കില്‍ ചെങ്കൊടി ഉയര്‍ന്നു. വര്‍ഷങ്ങളായി ആര്‍എസ്എസ്, ബിജെപി കേന്ദ്രമായിരുന്ന അമ്പാടി മുക്കില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട്് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാവിലെ പത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നൂറുക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ പതാക ഉയര്‍ത്തി. ബിജെപി, ആര്‍എസ്എസ്, നമോ വിചാര്‍മഞ്ച് തുടങ്ങിയ സംഘടനകളുമായി എല്ലാ ബന്ധവും അവസാനിപ്പിച്ചാണ് പ്രവര്‍ത്തകര്‍ സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ബിജെപിയുമായിട്ടുള്ള ആശയപരമായ എതിര്‍പ്പും ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്തിന്റെ അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിലും സാമ്പത്തിക ക്രമക്കേടിലുമുള്ള മനംമടുപ്പുമാണ് സിപിഐ എമ്മുമായി സഹകരിക്കുന്നതിലേക്കെത്തിച്ചത്.

തളാപ്പ് വിവേകാനന്ദ സാംസ്കാരിക കേന്ദ്രമായിരുന്നു ആര്‍എസ്എസ്സിന്റെ ജില്ലയിലെ പ്രധാന താവളം. ഇവിടം കേന്ദ്രീകരിച്ചാണ് പണം വാങ്ങി കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് മറിക്കുന്നതിനുള്ള തീരുമാനം എടുത്തതെന്ന് ബിജെപി പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ആര്‍എസ്എസ് നേതാവ് അഡ്വ. കെ കെ ബാലറാമിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് മാത്രം അയ്യായിരത്തോളം വോട്ട് സുധാകരന് അനുകൂലമായി മറിച്ചത് നേരത്തെ വ്യക്തമാക്കിയിരുന്നു. സിപിഐ എമ്മിലേക്ക് ആയിരങ്ങള്‍ വരുമ്പോള്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഭൂകമ്പം സൃഷ്ടിക്കുകയാണെന്ന് പതാക ഉയര്‍ത്തി സംസാരിച്ച പി ജയരാജന്‍ പറഞ്ഞു. ബിജെപി വിടുന്നവരെ തങ്ങളുടെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കെ സുധാകരനും മന്ത്രി കെ പി മോഹനനും ചര്‍ച്ച നടത്തിയിരുന്നു.

ഇവരെയെല്ലാം നിഷ്പ്രഭമാക്കിയാണ് മുന്‍ ജില്ലാ പ്രസിഡന്റ് ഒ കെ വാസുവിന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ സിപിഐ എമ്മിലേക്ക് വന്നത്. പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത് സിപിഐ എമ്മും ഇടതുപക്ഷവുമാണ് എന്ന തിരിച്ചറിവിലാണ് ഇവര്‍ മുന്നോട്ടുവരുന്നത്. വിശ്വാസികള്‍ക്ക് സിപിഐ എമ്മില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുകയാണ്. ശ്രീനാരായണ ഗുരു ശിലാസ്ഥാപനം നടത്തിയ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപത്താണ് നാം ഒത്തുകൂടിയത്. മതത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ആശയമാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. മതവിശ്വാസികള്‍ക്കും ദൈവ വിശ്വാസികള്‍ക്കും സിപിഐ എമ്മില്‍ സ്ഥാനമുണ്ട്. എന്നാല്‍ ഇതിന്റെ പേരിലുള്ള വര്‍ഗീയവാദത്തെ ശക്തമായി എതിര്‍ക്കുമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍ ചന്ദ്രന്‍, പള്ളിക്കുന്ന് ലോക്കല്‍ സെക്രട്ടറി പോത്തോടി സജീവന്‍ എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ പതാക പള്ളിക്കുന്ന് വില്ലേജ് സെക്രട്ടറി കെ റനില്‍ ഉയര്‍ത്തി.

deshabhimani

No comments:

Post a Comment