Monday, February 3, 2014

ഷോപ്പിങ് കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ സ്കൂള്‍ പാട്ടത്തിന് നല്‍കി

തിരു: നഗരത്തില്‍ ഷോപ്പിങ് കോംപ്ലക്സ് പണിയാന്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള സര്‍ക്കാര്‍സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പാട്ടത്തിന് നല്‍കി. നഗരത്തിന്റെ കണ്ണായ ഭാഗത്ത് കിഴക്കേകോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളാണ് തിരുവനന്തപുരം ഡെവലപ്മെന്റ് അതോറിറ്റി(ട്രിഡ)യ്ക്ക് തുച്ഛവിലയ്ക്ക് പാട്ടത്തിന് നല്‍കിയത്. കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ മറവില്‍ ചില വന്‍കിട വ്യാപാരികള്‍ക്കു വേണ്ടി ട്രിഡയെ ഇടനിലക്കാരാക്കി വിദ്യാഭ്യാസ വകുപ്പ് പാട്ടത്തിന് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിലെ ചില ഉന്നതരും തലസ്ഥാനത്തെ ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ഇടനിലക്കാരായാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലം മറിച്ചു വിറ്റത്. സ്കൂളിന്റെ രണ്ടേക്കര്‍ സ്ഥലമാണ് ബസ് ടെര്‍മിനല്‍ സ്ഥാപിക്കാനെന്ന വ്യാജേന വ്യാപാര സമുച്ചയം സ്ഥാപിക്കാന്‍ പാട്ടത്തിന് നല്‍കുന്നത്. ഇതിനായി സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് പുറമെ സ്കൂള്‍വളപ്പിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍മുറിക്കാനും തീരുമാനമായി. സഹോദരന്‍ അയ്യപ്പന്‍, ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍, മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള തുടങ്ങിയ മഹാരഥന്മാര്‍ പഠിച്ച 125 വര്‍ഷം പഴക്കമുള്ള പ്രശസ്ത വിദ്യാലയമാണ് സര്‍ക്കാര്‍ വിറ്റ് കാശാക്കുന്നത്. ട്രിഡയ്ക്ക് 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇവിടെ 30 കോടി രൂപ ചെലവഴിച്ച് ബസ് ടെര്‍മിനലും ഷോപ്പിങ് കോംപ്ലക്സും പണിയുമെന്നാണ് ട്രിഡ പറയുന്നത്. കച്ചവട സമുച്ചയം സ്ഥാപിക്കുന്നതോടെ ഈ വിദ്യാലയം പൂര്‍ണമായി ഇല്ലാതാക്കാനാണ് നീക്കം.

സ്കൂളിന് തൊട്ടടുത്ത് അട്ടക്കുളങ്ങര ബൈപാസില്‍ ട്രിഡയ്ക്ക് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായുള്ളപ്പോഴാണ് സ്കൂളിനെ തകര്‍ക്കാനുള്ള നീക്കം. വൈവിധ്യവും അപൂര്‍വവുമായ 47 വിവിധ മരങ്ങള്‍ മുറിച്ചുമാറ്റാനായി അടയാളപ്പെടുത്തിയിട്ടുണ്ട്. മരം മുറിക്കുന്നതിനുള്ള നിയമനടപടി സ്വീകരിക്കാതെ രഹസ്യമായാണ് മരങ്ങളില്‍ അടയാളപ്പെടുത്തിയത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കോഴിക്കോട് നഗരത്തിലെ നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി ഷോപ്പിങ് കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ആഗോള നിക്ഷേപ സംഗമത്തില്‍ ഈ ഭൂമി പാട്ടത്തിന് നല്‍കാനും തീരുമാനിച്ചിരുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെതുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്.

വിജയ് deshabhimani

No comments:

Post a Comment