Monday, February 3, 2014

സിബിഐ ആവശ്യസമരം യുഡിഎഫിനെ രക്ഷിയ്ക്കാന്‍: പിണറായി

കരുനാഗപ്പള്ളി: അങ്ങേയറ്റം പാപ്പരായ യുഡിഎഫ് രാഷ്ട്രീയത്തില്‍ നിന്ന് ജനശ്രദ്ധതിരിച്ചുവിടുകയാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ കെ രമയുടെ സമരത്തിന്റെ ഉദ്ദേശ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന കേരളരക്ഷാമാര്‍ച്ചിനു നേതൃത്വം നല്‍കി കരുനാഗപ്പള്ളിയില്‍ എത്തിയ പിണറായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ എസ്ഡിപിഐ വരെ സമരപന്തലില്‍ ഒന്നിച്ചിരിക്കുകയാണ്. ഒരു മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യം തന്നെ രൂപപ്പെട്ടിരിക്കുന്നു. അതിനുള്ള വേദിയാണ് രമയുടെ സമരം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംസ്ഥാനത്ത് ഇപ്പോഴും മന്ത്രിയാണ്. മുമ്പ് ആഭ്യന്തരമന്ത്രിയായിരുന്നു. രമയുടെ ആവശ്യം സിബിഐ അന്വേഷണമാണ്. തിരുവഞ്ചൂരിന്റെ കാലത്തുതന്നെയാണ് കേസില്‍ അന്വേഷണം നടന്നത്. അന്ന് തിരുവഞ്ചൂരിന് തൃപ്തിയായിരുന്നു.രമയ്ക്കും തൃപ്തിയായിരുന്നു. ഇപ്പോള്‍ സിബിഐ അന്വേഷണാവശ്യത്തിന് പരസ്യ പിന്തുണ നല്‍കാന്‍ തിരുവഞ്ചൂരിനെ പ്രേരിപ്പിച്ചതെന്താണ്? ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് തിരുവഞ്ചൂരിന് അഭിപ്രായമുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തിരുവഞ്ചൂര്‍ ഏല്‍ക്കുമോ? അന്വേഷിച്ചവര്‍ ശരിയായി അന്വേഷിച്ചില്ലെന്നാണ് അഭിപ്രായമെങ്കില്‍ അത് പറയേണ്ടേ?

അന്വേഷണം നടന്നപ്പോള്‍ തൃപ്തിയായിരുന്നവര്‍ഴെക്കല്ലാം ഇപ്പോളെന്തേ അതൃപ്തി തോന്നാന്‍? തങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ അന്വേഷണഫലം വന്നില്ല. വിധിയും വന്നില്ല. അതുകൊണ്ട് മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് ആ ഫലം കിട്ടുമോ എന്ന് നോക്കാനാണ് ശ്രമം. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ ഈ ഒത്തുചേരലിന്റെ ഉദ്ദേശ്യം പാപ്പരായ യുഡിഎഫ് രാഷ്ട്രീയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ്. അങ്ങനെ മുതലെടുക്കാമെന്നാണ് പ്രത്യാശ. എന്നാല്‍ ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് യുഡിഎഫ് നേതാക്കള്‍ മനസ്സിലാക്കണം-പിണറായി ചൂണ്ടിക്കാട്ടി.

ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും ഏതെങ്കിലും വിഷയം ഉന്നയിച്ച് സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുകയെന്നത് യുഡിഎഫിന്റെയും വലതുപക്ഷ മാധ്യമങ്ങളുടെയും സ്ഥിരം പരിപാടിയായിരിക്കുകയാണെന്ന് ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന സിബിഐ അന്വേഷണമെന്ന ആവശ്യമെന്നും പിണറായി ചൂണ്ടിക്കാട്ടി.

വിചാരണയുടെ ഒരുഘട്ടത്തിലും കോടതിക്കു സ്വീകാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണസംഘത്തിനു കഴിയാതെ പോയ ഗൂഢാലോചനയെ മുന്‍നിര്‍ത്തിയാണ് രമയുടെ പുതിയ സമരമെന്ന് നേരത്തേ കരുനാഗപ്പള്ളിയില്‍ സ്വീകരണ സമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പിണറായി പറഞ്ഞു.നിയമത്തിന്റെ പിന്‍ബലമില്ലാത്ത ഈ സമരത്തിന് പ്രചണ്ഡമായ പ്രചാരണം നല്‍കാനാണ് യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ആര്‍എംപിയും ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയഗൂഢാലോചനയുണ്ട്. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ വലതുപക്ഷ രാഷ്ട്രീയക്കാരുടെ ബുദ്ധികേന്ദ്രങ്ങളില്‍ ആസൂത്രണം ചെയ്തതാണ് ഈ സമരമെന്നും പിണറായി പറഞ്ഞു.

ലാവ്ലിന്‍ കേസിലും ടി പി ചന്ദ്രശേഖരന്‍ വധക്കേസിലും സിപിഐ എം വിരുദ്ധ നീക്കമാണ് വലതുപക്ഷശക്തികള്‍ നടത്തിയത്. ലാവ്ലിന്‍ കേസ് ചീറ്റിപ്പോയതു നാം കണ്ടു. കുറ്റപത്രംപോലും നിയമപരമായി നിലനില്‍ക്കില്ലെന്നുകണ്ട് കോടതി തള്ളുകയും ചെയ്തു. ചന്ദ്രശേഖരന്‍ കേസിലെ കോടതിവിധിയും വലതുപക്ഷ ശക്തികള്‍ക്ക് മോഹഭംഗം ഉണ്ടാക്കുന്നതാണ്. ഇതാണ് നിയമവിരുദ്ധസമരത്തിന് ഇക്കൂട്ടരെ പ്രേരിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.

ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍ തകര്‍ച്ച നേരിടും. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേരിടാന്‍പോകുന്ന വന്‍തകര്‍ച്ചയുടെ ഭാഗമായിരിക്കും അത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുടെ സഖ്യം രൂപപ്പെട്ടുവരികയാണെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഈ സഖ്യത്തിനു കഴിയുമെന്നും പിണറായി പറഞ്ഞു.

ആന്റണിയുടെ ന്യൂജനറേഷന്‍ പ്രസ്താവന അപഹാസ്യം

കൊല്ലം: സിപിഐ എമ്മിന് ന്യൂജനറേഷന്‍ ചിന്തയില്ലെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനിടെ കൊല്ലത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി. പൊലീസ് വാഹനത്തിന് മുകളില്‍ സഞ്ചരിക്കുന്ന രാഹുല്‍ഗാന്ധിയുടെ ന്യൂജനറേഷന്‍ ചിന്തയാണ് ആന്റണി ഉദ്ദേശിച്ചതെങ്കില്‍ അത് തങ്ങള്‍ക്കില്ല. അതുപോലെ കേന്ദ്രം നടപ്പാക്കുന്ന നവ ഉദാര നയങ്ങളോടും താല്‍പര്യമില്ല. 1980കളില്‍ ഇനി നൂറ് കൊല്ലത്തേക്ക് ഇടത്പക്ഷത്തിന് അധികാരത്തില്‍ വരാന്‍ സാധിക്കില്ലെന്ന ആന്റണിയുടെ പ്രസ്താവനയും ഇത്തരം ഒരു തമാശയായിരുന്നു.

മതേതരത്വത്തെ സംരക്ഷിക്കാനാകാത്ത കോണ്‍ഗ്രസ് വര്‍ഗീയതയുമായി സമരസപ്പെട്ടുപോകുകയാണ് മതനിരപേക്ഷത, പാര്‍ലമെന്ററി ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ ദേശീയ പൈതൃകങ്ങളെ തളര്‍ത്തുന്നത് ആന്റണിയടക്കമുള്ള കോണ്‍ഗ്രസുകാര്‍ നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരണ്.സഹകരണ മേഖലയില്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവര്‍ന്ന് ഫെഡറലിസത്തെ തകര്‍ക്കുകയാണ്. സംഘപരിവാരിന്റെ വംശീയ, ചാതുര്‍വര്‍ണ്ണ നയങ്ങളെ എതിര്‍ക്കാനും കോണ്‍ഗ്രസിനാകുന്നില്ല. ഇക്കാര്യങ്ങളില്‍ ആന്റണിയുടെ നിലപാട് എന്താണ്. കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ എട്ടു മന്ത്രിമാരുണ്ടായിട്ടും പഴയ കോച്ചുകള്‍ മാത്രമാണ് റെയില്‍വെ കേരളത്തിന് അനുവദിക്കുന്നത്. ഇതിനൊന്നും ഇവിടത്തെ മന്ത്രിമാര്‍ക്ക് പ്രതിഷേധമില്ലേ.

കൊല്ലത്ത് നിന്നുള്ള രണ്ട് മല്‍സ്യത്തൊഴിലാളികളെ ഇറ്റലിക്കാര്‍ വെടിവെച്ചുകൊന്ന കേസിന്റെ സ്ഥിതിയെന്താണ്.കേസില്‍ പ്രതികള്‍ക്ക് പ്രധാന ശിക്ഷകളൊന്നും നല്‍കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ഇറ്റലി പറയുന്നുത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കാണോ സോണിയാ ഗാന്ധിക്കാണോ കൂടുതല്‍ താല്‍പര്യം. നമ്മുടെ രാജ്യത്തെ പൗരന്‍മാരെ വെറുതെ വെടിവെച്ചു കൊന്ന കേസില്‍ തികഞ്ഞ കള്ളകളിയാണ് നടക്കുന്നത്. കശുവണ്ടി, കയര്‍ മേഖലയിലെ തൊഴിലാളികള്‍ എങ്ങിനെ ജീവിക്കുന്നു എന്ന് പോലും തിരക്കാന്‍ ഇവിടെ ആരുമില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കശുവണ്ടിമേഖലയില്‍ 200 ദിവസം തൊഴില്‍കൊടുത്തിരുന്നു. എട്ടുകോടിയുടെ പി എഫ് കുടിശിക വരുത്തി കശുവണ്ടി കോര്‍പ്പറേഷന്‍ തകര്‍ച്ചയുടെ വക്കിലാണ്. കയര്‍ പരസ്യം നല്‍കാനുപയോഗിക്കുന്ന തുക കയര്‍ മേഖലയുടെ വികസനത്തിന് ഉപയോഗിച്ചിരുന്നുവെങ്കില്‍ തൊഴിലാളികള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കുമായിരുന്നു.

വര്‍ഗീയ ഉപേക്ഷിച്ച് ബിജെപിയില്‍ നിന്ന് വിട്ടുപോന്നവര്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരാതിരുന്നത് എന്നതിനെ കുറിച്ചാണ് രമേശ് ചെന്നിത്തല ആലോചിക്കേണ്ടതെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

deshabhimani

No comments:

Post a Comment