Thursday, February 20, 2014

പി ആര്‍ രാജന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

തൃശൂര്‍: സിപിഐ എം നേതാവും എംപിയുമായിരുന്ന പി ആര്‍ രാജന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബുധനാഴ്ച രാവിലെ നിര്യാണവാര്‍ത്തയറിഞ്ഞ് തൃശൂര്‍ കാനാട്ടുകരയിലെ വസതിയിലേക്ക് നാടിന്റെ നാനാഭാഗത്തുനിന്നും വന്‍ജനാവലി ഒഴുകിയെത്തി. രാത്രിയും ഇത് തുടര്‍ന്നു. രാഷ്ട്രീയനേതാക്കള്‍, ജനപ്രതിനിധികള്‍, എഴുത്തുകാര്‍, സാംസ്കാരികപ്രവര്‍ത്തകര്‍, ട്രേഡ് യൂണിയന്‍þസര്‍വീസ് സംഘടനാ നേതാക്കള്‍, യുവജന, മഹിള, വിദ്യാര്‍ഥിസംഘടനാ ഭാരവാഹികള്‍, മാധ്യമപ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും പി ആറിന്റെ വസതിയിലെത്തി. ജനകീയതയുടെ ആള്‍രൂപമായിരുന്ന രാജേട്ടന്‍ ജനഹൃദയങ്ങളില്‍ നേടിയ സ്ഥാനം എന്തെന്ന് വ്യക്തമാക്കുന്നതായി ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിര.


സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക് എംഎല്‍എ, എം സി ജോസഫൈന്‍, കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ചന്ദ്രന്‍ എംഎല്‍എ, കെ രാധാകൃഷ്ണന്‍ എംഎല്‍എ, എന്‍ ആര്‍ ബാലന്‍, സി എന്‍ മോഹനന്‍, കെ പി മേരി, തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. ദേശാഭിമാനി തൃശൂര്‍ യൂണിറ്റിനുവേണ്ടി മാനേജര്‍ യു പി ജോസഫ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മേയര്‍ രാജന്‍ പല്ലന്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സി സി ശ്രീകുമാര്‍, കലക്ടര്‍ എം എസ് ജയ, ഐജി എസ് ഗോപിനാഥ്, അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, പ്രൊഫ. പി സി തോമസ്, മന്ത്രി സി എന്‍ ബാലകൃഷ്ണനുവേണ്ടി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, പി ടി കുഞ്ഞുമുഹമ്മദ്, സിപിഐ നേതാക്കളായ കെ ഇ ഇസ്മയില്‍, കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍, എംഎല്‍എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ബാബു എം പാലിശേരി, കെ വി അബ്ദുള്‍ഖാദര്‍, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, ഗീത ഗോപി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മനാഭന്‍, അമ്പാടി വേണു, എം എം വര്‍ഗീസ്, സി കെ ചന്ദ്രന്‍, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രന്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.

കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, പ്രസിഡന്റ് പി എച്ച് എം ഇസ്മയില്‍, കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാര്‍, കേരള അഗ്രി. യൂണി. എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഷിറാസ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, വ്യാപാര്‍ ഉദ്യോഗമണ്ഡല്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. എം ജയപ്രകാശ്, കെജിഒഎ ജില്ലാ സെക്രട്ടി ഡോ. യു സലില്‍, കെഎസ്ടിഎ മുന്‍ സംസ്ഥാന സെക്രട്ടറി കെ വി ദേവദാസ്, ജില്ലാ സെക്രട്ടറി കെ എസ് ജോര്‍ജ്, ടിഡിഎ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍, കോസ്റ്റ്ഫോര്‍ഡ് ഡയറക്ടര്‍ ടി ആര്‍ ചന്ദ്രദത്ത്, ലോയേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി അഡ്വ. കെ ഡി ബാബു, ഡിസിസി ജനറല്‍ സെക്രട്ടറി സി എസ് ശ്രീനിവാസന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് എം മാധവന്‍കുട്ടി, സെക്രട്ടറി സി വിജയന്‍, എഴുത്തുകാരായ രാവുണ്ണി, ബാലചന്ദ്രന്‍ വടക്കേടത്ത് എന്നിവരും ആദരാഞ്ജലിയര്‍പ്പിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയനുവേണ്ടി ജില്ലാ പ്രസിഡന്റ് വി എം രാധാകൃഷ്ണനും സിപിഐ എം ദേശാഭിമാനി ലോക്കല്‍ കമ്മിറ്റിക്കുവേണ്ടി പി കെ രാജനും പുഷ്പചക്രം അര്‍പ്പിച്ചു.

പോര്‍നിലങ്ങളിലും സൗമ്യം

കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ അദ്വിതീയമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു പി ആര്‍ രാജന്‍. എല്ലാവരും സ്നേഹപൂര്‍വം രാജേട്ടന്‍ എന്നു വിളിക്കുന്ന സഖാവുമായി 40 വര്‍ഷത്തോളം അടുത്ത ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇ പത്മനാഭന്‍, ടി കെ ബാലന്‍, പി ആര്‍ രാജന്‍ എന്നിവര്‍ ഒരു കാലഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചവരായിരുന്നു. എന്റെ തലമുറയില്‍ പെട്ടവര്‍ക്ക് ഇവര്‍ മൂവരും ഗുരുതുല്യരാണ്. പൊതുരംഗത്തും ഇടതുപക്ഷ മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനിന്നും അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നും മാതൃകാപരമാണ്. മൂന്നുപേരും സിപിഐ എമ്മിന്റെ സംസ്ഥാനകമ്മിറ്റി അംഗങ്ങളായിരുന്നു. പി ആര്‍ രാജന്‍ പാര്‍ടിയുടെ തൃശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1971ലെ കേന്ദ്ര അഡ്ഹോക്ക് ക്ഷാമബത്തയ്ക്കുവേണ്ടി പണിമുടക്കിനും 1973ലെ 54 ദിവസ പണിമുടക്കിനും നേതൃത്വം കൊടുത്ത പി ആര്‍ രാജന്‍ 1974ലെ പെരിന്തല്‍മണ്ണ സമ്മേളനത്തിലാണ് എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാകുന്നത്. 1975ലേയും 78ലേയും അനിശ്ചിതകാല പണിമുടക്കും നയിച്ചവരില്‍ പ്രമുഖനായിരുന്നു. അടിയന്തരാവസ്ഥയില്‍ ഡിഐആര്‍ പ്രകാരം അറസ്റ്റ്ചെയ്ത് തിരുവനന്തപുരം ജയിലിലടച്ചു. എന്‍ജിഒ യൂണിയന്‍ റിപ്പോര്‍ട്ടില്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റും ജയില്‍വാസവും. അതൊന്നും ആ സഖാവിന്റെ വിപ്ലവവീര്യത്തെയോ സംഘടനാപ്രവര്‍ത്തനത്തെയോ ഒരുതരത്തിലും ബാധിച്ചില്ല.

കേരള ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയെ സമരസംഘടനയാക്കുന്നതിലും പി ആര്‍ വലിയ സംഭാവന നല്‍കി. മുഖ്യ ഭാരവാഹിത്വം ഏറ്റെടുക്കാതെ നിരവധി വര്‍ഷം ആ സംഘടനയുടെ അമരത്തുണ്ടായിരുന്നു. ആരിലും മതിപ്പുളവാക്കുന്ന പ്രവര്‍ത്തനശൈലിക്ക് ഉടമയായിരുന്നു. സംഘടനാകാര്യങ്ങള്‍ വിശദീകരിക്കാന്‍, സംഘടനാ നിലപാട് ആരേയും ബോധ്യപ്പെടുത്താന്‍ പ്രത്യേക കഴിവുതന്നെയായിരുന്നു സഖാവിന്റേത്. 1979ല്‍ പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രി ആയിരിക്കെ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ചര്‍ച്ചയ്ക്കുള്ള ക്ഷണമുണ്ടായതിനെത്തുടര്‍ന്ന് മാറ്റി. ചര്‍ച്ചയോ തീരുമാനങ്ങളോ ഇല്ലാതെ ചര്‍ച്ചയ്ക്ക് ക്ഷണം ലഭിച്ചതുകൊണ്ട് പണിമുടക്ക് എന്തിന് മാറ്റിയെന്ന് വിശദീകരിക്കാന്‍ വിളിച്ച കൗണ്‍സില്‍ യോഗത്തില്‍ പി ആര്‍ രാജന്റെ മറുപടി അത്യപൂര്‍വമായിരുന്നു. ദേശീയരാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന ദിശാമാറ്റം, 10 വര്‍ഷങ്ങള്‍ക്കുശേഷം സിപിഐ, കോണ്‍ഗ്രസ് മുന്നണി വിട്ട് ഇടതുപക്ഷത്തേക്ക് നീങ്ങുന്ന സൂചന, അതേപോലെ സര്‍ക്കാര്‍ ജീവനക്കാരോട് അന്ന് വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

ആകര്‍ഷകമായ വ്യക്തിത്വവും പെരുമാറ്റരീതിയും അദ്ദേഹത്തെ തലയെടുപ്പുള്ള നേതാവാക്കി. സ്നേഹമസൃണമായ ഇടപെടലും മൃദുവായ സംഭാഷണശൈലിയും ചിരിച്ചുകൊണ്ട് ആരേയും സമീപിക്കുന്ന രീതിയും പി ആര്‍ രാജനെ ആരും ആദരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാക്കി. പ്രക്ഷോഭരംഗത്ത് കൊടുങ്കാറ്റായി ആഞ്ഞുവീശിയ ആ നേതാവ്, അതുല്യനായ സംഘാടകനുമായിരുന്നു. ഓരോ പ്രവര്‍ത്തകന്റെയും ഗുണദോഷങ്ങള്‍ കാണാനും അവരെ ഉത്തമ സഖാക്കളായി ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഒരാളേയും മനഃപൂര്‍വം ഒഴിവാക്കാനോ ഇല്ലാതാക്കാനോ ശ്രമിച്ചില്ലെന്നു മാത്രമല്ല, ജനാധിപത്യ സംഘടനാരീതികളെ മുറുകെപ്പിടിക്കുകയും ചെയ്തു. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ പ്രക്ഷോഭത്തിന്റെയും സംഘാടനത്തിന്റെയും രണ്ടു പതിറ്റാണ്ടുകാലത്തെ വഴിത്താരയില്‍ ആ മഹനീയ കാല്‍പ്പാടുകള്‍ ആരാലും മായ്ക്കാനാവാതെ പതിഞ്ഞുകിടക്കും. 2012 വരെ സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗമായിരുന്ന സഖാവ് തൃശൂര്‍ ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവന എന്നും ഓര്‍മിക്കും. ആ ദീപ്ത സ്മരണയ്ക്കു മുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കട്ടെ.

കെ.വരദരാജന്‍

പി ആര്‍ രാജന്‍ മികച്ച സംഘാടകന്‍ :  പിണറായി

തിരു: മികച്ച സംഘാടകനും വിപ്ലവബോധമുള്ള പൊതുപ്രവര്‍ത്തകനുമായിരുന്നു പി ആര്‍ രാജനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സര്‍വീസ് സംഘടനാ പ്രവര്‍ത്തനത്തിനുശേഷമാണ് പി ആര്‍ രാജന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകനാകുന്നത്. തൃശൂര്‍ ജില്ലയില്‍ സിപിഐ എമ്മിനെ കരുത്തുള്ള രാഷ്ട്രീയശക്തിയായി വളര്‍ത്തുന്നതില്‍ നല്ല പങ്ക് വഹിച്ചു. സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. ജനങ്ങളോടുള്ള കൂറും മാര്‍ക്സിസം-ലെനിനിസത്തോടുള്ള പ്രതിബദ്ധതയും മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു രാജന്‍ വ്യാപൃതനായത്. രാജ്യസഭാംഗമെന്ന നിലയില്‍ ജനങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ എത്തിച്ചു. അടിയന്തരാവസ്ഥയില്‍ ഒമ്പതുമാസത്തോളം ജയില്‍വാസം അനുഷ്ഠിച്ച സഖാവ് സൗമ്യതയും വിനയവും നിറഞ്ഞ പെരുമാറ്റത്തിനുടമയായിരുന്നു. വായനയിലും പഠനത്തിലും പ്രത്യേകം ശ്രദ്ധിച്ചതായും പിണറായി അനുസ്മരിച്ചു.

നിസ്വാര്‍ഥ പൊതുപ്രവര്‍ത്തന ശൈലിക്ക് ഉടമ: വൈക്കം വിശ്വന്‍

കോട്ടയം: നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തന ശൈലിയിലൂടെ ഏവരുടെയും സ്നേഹവും ആദരവും പിടിച്ചുപറ്റിയ നേതാവായിരുന്നു സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ആര്‍ രാജനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ജീവനക്കാരെ സംഘടിപ്പിച്ച് സര്‍വീസ് മേഖലയിലെ സംഘടനാ ശൈലിക്ക് പുതിയ രൂപം നല്‍കിയതില്‍ പ്രധാനിയായിരുന്നു. തൃശൂര്‍ ജില്ലാ സെക്രട്ടറിയെന്നനിലയില്‍ സിപിഐ എമ്മിന് നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് രൂപപ്പെടുമ്പോള്‍ മാനേജരായി പത്രത്തിന്റ വളര്‍ച്ചയ്ക്കായും അക്ഷീണം പ്രവര്‍ത്തിച്ചു. രാജ്യസഭാംഗമെന്നനിലയിലും അദ്ദേഹം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയെന്ന് വൈക്കം വിശ്വന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സ്നേഹംകൊണ്ട് കീഴ്പ്പെടുത്തിയ നേതാവ്

സ്നേഹത്തില്‍ ചാലിച്ച പെരുമാറ്റശൈലിയായിരുന്നു രാജേട്ടന്റേത്. പാര്‍ടി പ്രവര്‍ത്തകരോടും ബഹുജനങ്ങളോടും ഇടപെടുമ്പോള്‍ ആ സ്നേഹസ്പര്‍ശം എപ്പോഴും പ്രകടമായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയായി അധികകാലം പി ആര്‍ രാജന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ചുരുങ്ങിയ കാലമാണ് പാര്‍ടിയെ നയിച്ചതെങ്കിലും രാജേട്ടന്‍ ഉയര്‍ത്തിയ മാതൃക പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസ്സില്‍ എക്കാലവും നിലനില്‍ക്കും. ഗുരുവായൂരില്‍ ചേര്‍ന്ന ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സമ്മേളനത്തിന്റെ സംഘാടകസമിതി ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നത് ഈ ലേഖകനായിരുന്നു. സമ്മേളനം ചരിത്രസംഭവമാക്കുന്നതിന് രാജേട്ടന്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. ഓരോ പ്രവര്‍ത്തകരേയും നേരില്‍ ബന്ധപ്പെടുന്നതിനും കുറവുകള്‍ പരിഹരിക്കുന്നതിനും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു


പി ആര്‍. പാര്‍ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ സിപിഐ എമ്മിനെ ജില്ലയിലെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ തന്റേതായ പങ്കുവഹിച്ചു. പി ആര്‍ രാജന്‍ എംപി എന്ന നിലയിലും തന്റെ പരമാവധി കഴിവുകള്‍ ജനങ്ങള്‍ക്കായി വിനിയോഗിച്ചു. ഏതൊരു സാധാരണക്കാരനും എംപിയെ സന്ദര്‍ശിച്ച് തന്റെ പ്രശ്നങ്ങള്‍ ഏത് സമയവും അറിയിക്കാമായിരുന്നു. പ്രധാനമന്ത്രിയുടെ ചികിത്സാ സഹായനിധിയില്‍നിന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഹായധനം വാങ്ങിക്കൊടുത്തിട്ടുള്ള എംപിയായിരുന്നു. തീരദേശമേഖലയില്‍നിന്ന് എംഎല്‍എമാര്‍ മുന്‍കൈയെടുത്ത് നല്‍കുന്ന അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. ചാവക്കാട് ബസ്സ്റ്റാന്‍ഡ് നിര്‍മാണം ഉള്‍പ്പെടെ നിരവധി വികസനപ്രവര്‍ത്തനങ്ങളില്‍ പി ആര്‍ രാജന്‍ എംപിയുടെ പങ്ക് അവിസ്മരണീയമാണ്. ചാവക്കാട് ഹോച്മിന്‍ സ്മാരകമന്ദിര നിര്‍മാണം പൂര്‍ത്തിയാക്കുന്നതിലും ജില്ലാ സെക്രട്ടറിയായിരുന്ന രാജേട്ടന്റെ സഹായം നന്ദിപൂര്‍വം സ്മരിക്കുകയാണ്. കാലമെത്ര കഴിഞ്ഞാലും പി ആര്‍ രാജന്‍ എന്ന മനുഷ്യസ്നേഹിയായ മാര്‍ക്സിസ്റ്റ് നേതാവിന്റെ സമര്‍പ്പിത ജീവിതമുദ്രകള്‍ മായാതെ നില്‍ക്കും.

സിപിഐ എമ്മിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടം: എ സി മൊയ്തീന്‍

തൃശൂര്‍: മുതിര്‍ന്ന സിപിഐ എം നേതാവും രാജ്യസഭാംഗവുമായിരുന്ന പി ആര്‍ രാജന്റെ നിര്യാണം ജില്ലയില്‍ സിപിഐ എമ്മിനും ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്ന് ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരില്‍ അവകാശബോധം ഉണര്‍ത്തി സംസ്ഥാനത്താകെ എന്‍ജിഒ യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ഉദ്യോഗം രാജിവച്ച് പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായ രാജേട്ടന്‍ ഉയര്‍ന്ന സംഘടനാബോധവും സൗമ്യമായ പെരുമാറ്റവുംകൊണ്ട് പാര്‍ടിപ്രവര്‍ത്തകരുടെയും മറ്റു ബഹുജനങ്ങളുടെയും സ്നേഹാദരവ് പിടിച്ചുപറ്റി. ജില്ലാ സെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം എന്നീ നിലകളില്‍ പാര്‍ടിയെ നയിച്ച അദ്ദേഹം ജില്ലയില്‍ സിപിഐ എമ്മിനെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമായി വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. രാജ്യസഭാംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലൂടെ മികച്ച പാര്‍ലമെന്റേറിയനെന്ന് തെളിയിച്ചു. കുറഞ്ഞ സമയംകൊണ്ട് ജില്ലയിലെ പ്രശ്നങ്ങള്‍ പാര്‍ലമെന്റിലുന്നയിച്ച് പരിഹാരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഉത്തമനായ കമ്യൂണിസ്റ്റ്, മികച്ച പാര്‍ലമെന്റേറിയന്‍ എന്നീ നിലകളിലെല്ലാം സജീവമായിരുന്ന പി ആര്‍ രാജന്റെ നിര്യാണം അപരിഹാര്യമായ നഷ്ടമാണ് സിപിഐ എമ്മിന് ഉണ്ടാക്കിയത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങള്‍ക്കും മറ്റു ബന്ധുമിത്രാദികള്‍ക്കുമുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതായും മൊയ്തീന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment