Thursday, February 20, 2014

സാക്ഷിക്കെതിരായ ഒരു ഹര്‍ജി കൂടി തള്ളി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണാ വേളയില്‍ മൊഴി മാറ്റിയതിന് സാക്ഷിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഒരു ഹര്‍ജികൂടി കോടതി തള്ളി. 42-ാംസാക്ഷി പാട്യം മുതിയങ്ങര സൗപര്‍ണികയില്‍ സന്ദീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി തള്ളിയത്. സമാനമായ മൂന്ന് ഹര്‍ജികള്‍ കോടതി നേരത്തെ തള്ളിയിരുന്നു. മൊഴി മാറ്റിയെന്ന കുറ്റത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 193-ാംവകുപ്പ് പ്രകാരം സാക്ഷിക്കെതിരെ നടപടിയെടുക്കാനാവില്ല. സാക്ഷി കളവുപറഞ്ഞു എന്നുകരുതിയാല്‍ തന്നെ 33-ാം പ്രതി ഷനോജിനെ വെറുതെ വിടുന്നതിന് അത് കാരണമായിട്ടില്ലെന്നും കോടതിവിധിയില്‍ പറഞ്ഞു. സാക്ഷിയുടെ കെഎല്‍ 58- 3238 കാര്‍ പ്രതികള്‍ ഉപയോഗിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ വിചാരണാവേളയില്‍ സാക്ഷി പ്രോസിക്യൂഷന്‍ ആരോപണം ശരിയല്ലെന്ന് മൊഴി നല്‍കി. തെറ്റായ മൊഴി നല്‍കിയെന്നാരോപിച്ച് നടപടിയാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

ചന്ദ്രശേഖരന്‍കേസ്: സാക്ഷിക്കെതിരായ ഹര്‍ജി തള്ളി

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണ വേളയില്‍ മൊഴി മാറ്റിയതിന് സാക്ഷിക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഒരു ഹര്‍ജി കൂടി തള്ളി. 41-ാംസാക്ഷി കണ്ണങ്കോട് കൊളവല്ലൂര്‍ കിഴക്കയില്‍ അബ്ദുള്ളക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി തള്ളിയത്. നേരത്തെ രണ്ട് ഹര്‍ജികള്‍ തള്ളിയിരുന്നു. മൊഴി മാറ്റിയെന്ന കുറ്റത്തിന് സാക്ഷിക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും സാക്ഷിയുടെ മൊഴിമാറ്റം കേസ് വിധിയെ ബാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. പി കെ കുഞ്ഞനന്തന്റെ വീട് പരിശോധിച്ച് പാസ്പോര്‍ട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തതിന് സാക്ഷിയെന്ന നിലയില്‍ അബ്ദുള്ള മഹസറില്‍ ഒപ്പിട്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ രേഖ. വിചാരണവേളയില്‍ ഇക്കാര്യം കളവാണെന്ന് അബ്ദുള്ള പറഞ്ഞു.

deshabhimani

No comments:

Post a Comment