Thursday, February 20, 2014

പൊലീസ് കമീഷണറെ മാറ്റിയത് കേന്ദ്ര- സംസ്ഥാനമന്ത്രിമാര്‍ ഇടപെട്ട്

പൊലീസ് തലപ്പത്തെ അഴിച്ചുപണിക്കെതിരെ ഐപിഎസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെ 58 ഡിവൈഎസ്പിമാരുടെയും 175 സിഐമാരുടെയും കൂട്ടസ്ഥലംമാറ്റത്തിനു പിന്നില്‍ ലക്ഷങ്ങളുടെ കോഴ ഇടപാട്. തീവ്രവാദവിരുദ്ധ സ്ക്വാഡ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേകസംഘം എന്നിവയെ ഇല്ലാതാക്കിയാണ് ഉന്നത ഉദ്യോഗസ്ഥരെ മാറ്റിയത്. തിരുവനന്തപുരം സിറ്റി കമീഷണര്‍ പദവിയില്‍ ഒരുവര്‍ഷം തികയുംമുമ്പ് പി വിജയനെ തെറിപ്പിച്ചതിനു പിന്നില്‍ കേന്ദ്ര സഹമന്ത്രിയുടെയും സംസ്ഥാനമന്ത്രിയുടെയും അതൃപ്തി. കേന്ദ്രമന്ത്രി ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ ജോലിക്ക് വരാതെ ഒപ്പിട്ടതിന് നോട്ടീസ് നല്‍കിയതാണ് തരൂര്‍ കമീഷണര്‍ക്കെതിരെ തിരിയാനുള്ള കാരണം. നഗരത്തില്‍ ഇരുവിഭാഗം തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതികളെ അറസ്റ്റുചെയ്തതിനാണ് മന്ത്രി കമീഷണറെ വിരട്ടിയത്. കോവളത്തെ അനധികൃത മസാജ് പാര്‍ലറുകള്‍ക്കെതിരായ നിലപാടും ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപടിയെടുത്തതും പി വിജയന് വിനയായി.

ചട്ടം ലംഘിച്ച് ഐപിഎസുകാരെ മാറ്റിയതിനെതിരെ ഐപിഎസ് അസോസിയേഷന്‍ 22ന് അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. നാല് ഐപിഎസുകാര്‍ ഉത്തരവ് ചോദ്യംചെയ്ത് നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്ട്രേഷന്‍ അടുത്തമാസം ഏഴിനു പരിഗണിക്കും. മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കാനും ഐപിഎസുകാരുടെ സംഘടന തീരുമാനിച്ചു. ഇതിനിടെയാണ് 58 ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 233 പേരെ ഒറ്റയടിക്ക് മാറ്റിയത്. നല്ല കൊയ്ത്തുള്ള സ്ഥലങ്ങളില്‍ നിയമനം തരപ്പെടുത്താന്‍ പത്തു ലക്ഷംവരെ നല്‍കിയവരുണ്ട്. അതിര്‍ത്തിപ്രദേശങ്ങള്‍, മണല്‍- മണ്ണ് കടത്തുകേന്ദ്രങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, തീര്‍ഥാടനസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിയമനം കിട്ടാനും മാറ്റാതിരിക്കാനും ലേലം വിളിയാണ് നടന്നത്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പുനേതാക്കളാണ് പല ജില്ലയിലും ഡിവൈഎസ്പിമാരുടെയും സിഐമാരുടെയും സ്ഥലംമാറ്റത്തിന് ഇടനിലക്കാരായി നിന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖ്യസുരക്ഷാ ഉദ്യോഗസ്ഥനായി നിയമിച്ച എസ്പി വി ഗോപാലകൃഷ്ണന്‍ ചുമതലയേല്‍ക്കാന്‍ വിസമ്മതിച്ചു. ഇദ്ദേഹം പൊലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പല്‍ പദവി ഒഴിയാനും തയ്യാറായിട്ടില്ല. പകരം ഈ സ്ഥാനത്തേക്ക് നിയമിച്ച ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കാന്‍ വന്നപ്പോള്‍ ഇദ്ദേഹം മുറിപൂട്ടി സ്ഥലം വിട്ടെന്നാണ് പരാതി. ചീഫ് സെക്രട്ടറിക്ക് കിട്ടിയ പരാതി ഡിജിപിക്ക് നല്‍കിയെങ്കിലും എസ്പി വഴങ്ങിയിട്ടില്ല. അതേസമയം, പത്മനാഭസ്വാമിക്ഷേത്ര സുരക്ഷാസംഘത്തിലെ എസ്പി എന്‍ വിജയകുമാറിനെ തൃശൂരിലേക്ക് മാറ്റിയതോടെ സുരക്ഷാസംവിധാനം പാളി. ഐപിഎസ് സ്ഥലംമാറ്റം ചട്ടം ലംഘിച്ചാണെന്ന് വ്യക്തമായിട്ടും മാറ്റംവരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പൊലീസ് ആസ്ഥാനത്തെ ഏതാനും മിനിസ്റ്റീരിയല്‍ സ്റ്റാഫിനെയും മാറ്റി. ഐപിഎസുകാരായ ഉമ, എസ് അജിതാബീഗം, പുട്ടവിമലാദിത്യ, എച്ച് മഞ്ജുനാഥ് എന്നിവരാണ് കേന്ദ്ര ട്രിബ്യൂണലില്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയില്‍ തീര്‍പ്പുവരട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. മാവോയിസ്റ്റ് വേട്ടയ്ക്ക് നിയോഗിച്ച പ്രത്യേക സംഘത്തില്‍ ഇപ്പോള്‍ കണ്ണൂര്‍ റേഞ്ച് ഐജി സുരേഷ്രാജ് പുരോഹിത് മാത്രമാണ് ശേഷിക്കുന്നത്. കെ സുധാകരന്റെ അപ്രീതിക്ക് പാത്രമായ ഇദ്ദേഹവും സ്ഥലംമാറ്റ ഭീഷണി നേരിടുകയാണ്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ കേസുകള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേകസംഘം രൂപീകരിച്ചത്. ഈ സംഘത്തിലെ വനിതാ ഐപിഎസുകാരെയെല്ലാം തലങ്ങുംവിലങ്ങും മാറ്റിയതോടെ ഈ പ്രത്യേക സ്ക്വാഡും ഫലത്തില്‍ ഇല്ലാതായി. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതിനു ശേഷം ആദ്യം നടത്തിയ കൂട്ടസ്ഥലംമാറ്റത്തിനു പിന്നില്‍ ജില്ലകളിലെ കോണ്‍ഗ്രസ് നേതാക്കളാണ് ചരടുവലി നടത്തിയത്. മറ്റു ചില ഉന്നത ഉദ്യോഗസ്ഥരെയും ഈ സംഘം ലക്ഷ്യമിട്ടിട്ടുള്ളതായാണ് സൂചന.

പൊലീസ് തലപ്പത്തെ അഴിച്ചുപണി: സ്ഥലംമാറ്റം ചട്ടംലംഘിച്ച്

തിരു: പൊലീസ് തലപ്പത്തെ അഴിച്ചുപണിയിലൂടെ ജില്ലാ സൂപ്രണ്ടുമാരടക്കം നിരവധിപേരെ സ്ഥലംമാറ്റിയത് ചട്ടം ലംഘിച്ച്. ഒരു തസ്തികയില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റാന്‍ പാടില്ലെന്ന കേരള പൊലീസ് ആക്ടിലെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച സര്‍വീസ് ചട്ടത്തിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് പുതിയ മാറ്റം. ഒരു മാസം പൂര്‍ത്തിയാക്കാത്ത അര ഡസന്‍പേരെ തലങ്ങുംവിലങ്ങും മാറ്റിയിരിക്കുകയാണ്. ഇതിനെതിരെ ഐപിഎസ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. നിലമ്പൂര്‍ കൊലക്കേസ് അന്വേഷണം മന്ത്രിസഭയിലെ ഒരു ഉന്നതനെതിരെ നീങ്ങിയതാണ് മലപ്പുറം എസ്പി പുട്ടവിമലാദിത്യയുടെ സ്ഥാനചലനത്തിന് മുഖ്യ കാരണം. മുസ്ലിംലീഗ് നേതൃത്വവും ഇദ്ദേഹത്തെ മാറ്റണമെന്ന് സമ്മര്‍ദം ചെലുത്തിയിരുന്നു. കണ്ണൂര്‍, വയനാട്, തൃശൂര്‍ റൂറല്‍, ആലപ്പുഴ ജില്ലാ സൂപ്രണ്ടുമാരെയും തിരുവനന്തപുരം സിറ്റി കമീഷണര്‍, ഡെപ്യൂട്ടി കമീഷണര്‍ എന്നിവരെയും മാറ്റിയത് പൊലീസ് ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

പൊലീസിനെ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രി തലപ്പത്ത് അഴിച്ചുപണി നടത്തിയതെങ്കിലും ഇതിന് ചരടുവലിച്ചത് ഭരണ-മാഫിയാ സംഘമാണ്. മണല്‍, ബ്ലേഡ് മാഫിയക്കെതിരെ നിലപാട് എടുത്ത ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കമീഷണര്‍ പി വിജയന്‍, ആലപ്പുഴ എസ്പി ഉമ, വയനാട് എസ്പി എസ് മഞ്ജുനാഥ്, തൃശൂര്‍ റൂറല്‍ എസ്പി പി അജിതാബീഗം, തിരുവനന്തപുരം ഡിസിപി കെ കെ ബാലചന്ദ്രന്‍, കൊച്ചി ഡിസിപി ആര്‍ നിശാന്തിനി, കണ്ണൂര്‍ എസ്പി എ ശ്രീനിവാസ് എന്നിവരുടെ സ്ഥലംമാറ്റത്തിലാണ് നഗ്നമായ ചട്ടലംഘനം നടത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് മേധാവിസ്ഥാനത്തുനിന്ന് വിജിലന്‍സിലേക്ക് മാറ്റിയ എഡിജിപി എസ് അനന്തകൃഷ്ണന്റെ കാര്യത്തിലും പൊലീസ് ആക്ട് ലംഘിച്ചു. ഇന്റലിജന്‍സ് എഡിജിപിയായി ഇദ്ദേഹത്തെ നിയമിച്ചിട്ട് ഒരു മാസം തികഞ്ഞിരുന്നില്ല. വിജിലന്‍സില്‍ എഡിജിപിയുടെ ഒരു തസ്തികകൂടി സൃഷ്ടിച്ചാണ് മാറ്റിയത്. തിരുവനന്തപുരം എഡിജിപി എ ഹേമചന്ദ്രനെ ഇന്റലിജന്‍സിലേക്ക് മാറ്റി പകരം തിരുവനന്തപുരം റെയ്ഞ്ച് എഡിജിപി സ്ഥാനത്തേക്ക് കെ പത്മകുമാറിനെ നിയമിച്ചതിനു പിന്നില്‍ ചില ഇടപെടലുകളുണ്ടെന്നാണ് ആക്ഷേപം. പുട്ടവിമലാദിത്യക്കു പകരം മലപ്പുറം എസ്പിയായി നിയമിച്ച എസ് മഞ്ജുനാഥിനെ ഒരു മാസംമുമ്പാണ് വയനാട്ടില്‍ നിയമിച്ചത്. ആലപ്പുഴ എസ്പി ഉമ, തിരുവനന്തപുരം ഡിസിപി കെ കെ ബാലചന്ദ്രന്‍ എന്നിവരെയും 27 ദിവസംമുമ്പാണ് മാറ്റിനിയമിച്ചത്. തിരുവനന്തപുരത്ത് ഡിസിപിയായിരുന്ന ഡോ. ശ്രീനിവാസിനെ കണ്ണൂരിലേക്ക് മാറ്റിയതും അടുത്തിടെയാണ്. അദ്ദേഹത്തെ വീണ്ടും പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി പി എന്‍ ഉണ്ണിരാജയെ കണ്ണൂരില്‍ എസ്പിയാക്കി. ജില്ലാ പൊലീസ് സൂപ്രണ്ടുമാരെയും മറ്റും ഒരു സ്ഥലത്തേക്ക് മാറ്റി അവിടെ നിലംതൊടുമുമ്പ് അടുത്ത മാറ്റം നടത്തിയിരിക്കുന്നു. തിരുവനന്തപുരം കമീഷണര്‍ സ്ഥാനത്തേക്ക് പി വിജയന്‍ നിയമിതനായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. ബ്ലേഡ് മാഫിയക്കെതിരെ നടപടി എടുത്തതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചത്. പുതിയ കമീഷണര്‍ എച്ച് വെങ്കിടേഷ് വിജിലന്‍സ് ഡിഐജിയായിരിക്കെ ഇദ്ദേഹം ചില അന്വേഷണങ്ങളില്‍ സ്വീകരിച്ച നിലപാടാണ് മാറ്റത്തിനു കാരണം.

പൊലീസിലെ കൂട്ട സ്ഥലംമാറ്റം നിയമവിരുദ്ധം: പിണറായി

തേഞ്ഞിപ്പലം (മലപ്പുറം): കേരള പൊലീസിലെ കൂട്ട സ്ഥലംമാറ്റം നിയമവിരുദ്ധവും അനഭിലഷണീയവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേസുകള്‍ അട്ടിമറിക്കാനാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് കലിക്കറ്റ് സര്‍വകലാശാലയിലെ ഇ എം എസ് ചെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഐപിഎസ് ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷമെങ്കിലും ഒരു തസ്തികയില്‍ തുടരാന്‍ അനുവദിക്കണമെന്ന വ്യവസ്ഥയടക്കം കേന്ദ്ര നിയമവും കേരളപൊലീസ് നിയമവും അട്ടിമറിച്ചു. മലപ്പുറം ജില്ലാ പൊലീസ് ചീഫ് പുട്ട വിമലാദിത്യ അടക്കം 22 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. നിലമ്പൂര്‍ രാധ കൊലക്കേസില്‍ അന്വേഷണം അട്ടിമറിക്കാനാണ് പുട്ട വിമലാദിത്യയെ മാറ്റിയതെന്ന് സംശയമുണ്ട്. ബ്ലേഡ് മാഫിയക്കെതിരെ നടപടി സ്വീകരിച്ചതിനാണ് തിരുവനന്തപുരം സിറ്റി കമീഷണറെ മാറ്റിയത്. 58 ഡിവൈഎസ്പിമാരെയും 175 സിഐമാരെയയും മാറ്റി. ഇത്തരം കൂട്ട സ്ഥലംമാറ്റം ക്രമസമാധാന പാലനത്തെയും പൊലീസിന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കും. ഫെബ്രുവരിയില്‍ സാധാരണഗതിയില്‍ സ്ഥലംമാറ്റം ഉണ്ടാകാറില്ല. ഒരു സര്‍ക്കാര്‍ മാറി മറ്റൊരു സര്‍ക്കാര്‍ വരുമ്പോള്‍ പൊലീസില്‍ സ്ഥലംമാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു സര്‍ക്കാരിലെ ആഭ്യന്തരമന്ത്രി മാറിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടമായി മാറ്റുന്നു. ആരോട് കൂറുള്ളവരെയാണ് മാറ്റിയതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനോട് കൂറുള്ളവരെയാണോ മുഖ്യമന്ത്രിയോട് കൂറുള്ളവരെയാണോ മാറ്റിയത്? സംസ്ഥാന വാര്‍ഷിക പദ്ധതി അടങ്കലില്‍ വരുത്തുന്ന വെട്ടിക്കുറവ് ആശങ്ക ജനിപ്പിക്കുന്നതാണ്. 20 ശതമാനം വെട്ടിക്കുറച്ചു. ഡിസംബര്‍ 31നകം വാര്‍ഷിക പദ്ധതിയുടെ 40 ശതമാനമേ ചെലവഴിച്ചിട്ടുള്ളൂ. മാര്‍ച്ച് 31നകം ബാക്കി 60 ശതമാനം തുക ചെലവഴിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment