Thursday, February 20, 2014

എസ്ബിടി സ്വീപ്പര്‍നിയമനം വിജിലന്‍സ് കമീഷന്‍ അന്വേഷിക്കണം: ബെഫി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ (എസ്ബിടി) സ്വീപ്പര്‍ നിയമനത്തിലെ ക്രമക്കേടുകള്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ അന്വേഷിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ബാങ്കിന്റെ തൃശൂര്‍ സോണിലുണ്ടായ ഗുരുതരമായ ക്രമക്കേടുകളുടെ രേഖകള്‍ ഇതിനോടകം കമീഷന് അയച്ചിട്ടുണ്ട്. യോഗ്യതയ്ക്കുള്ള വ്യാജരേഖ മാത്രമല്ല, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്വരെ വ്യാജമായി ഉണ്ടാക്കി. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢസംഘത്തിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. എസ്ബിടിയില്‍ പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളില്‍ ആയിരക്കണക്കിന് സ്ഥിരം ഒഴിവുകളുണ്ട്. ഇതില്‍ ഒരു മാനദണ്ഡവുമില്ലാതെ വ്യാപകമായി താല്‍ക്കാലിക ജീവനക്കാരെ വിന്യസിക്കുകയാണ്. തൊഴില്‍നിയമവ്യവസ്ഥകള്‍ പാലിക്കാതെ വര്‍ഷങ്ങളോളം ഇവരെ ചൂഷണംചെയ്യുകയാണ്. അവരെ സ്ഥിരപ്പെടുത്താതെ സുതാര്യമല്ലാത്ത നടപടിക്രമങ്ങളിലൂടെ ഒരുസംഘം അവരുടെ ഇഷ്ടക്കാരെയും പാര്‍ശ്വവര്‍ത്തികളെയും തിരുകിക്കയറ്റുകയാണ്. ഭൂരിഭാഗം താല്‍ക്കാലിക ജീവനക്കാരെയും പുറന്തള്ളുന്ന നടപടി അംഗീകരിക്കാനാവില്ല. മുഴുവന്‍ നിയമനങ്ങളും കേന്ദ്ര വിജിലന്‍സ് കമീഷന്‍ പരിശോധിക്കുകയും ഭാവിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമാനുസൃതം നിയമിക്കുകയും സ്ഥിരം ഒഴിവുകളില്‍ അവര്‍ക്ക് സുതാര്യമായ രീതിയില്‍ മുന്‍ഗണന നല്‍കുകയും വേണമെന്ന് ബെഫി ആവശ്യപ്പെട്ടു.

ബജറ്റ് തൊഴിലാളി വിരുദ്ധം: ബെഫി

കൊച്ചി: ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ഇടക്കാല ബജറ്റ് തൊഴിലാളിവിരുദ്ധമാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) പ്രസ്താവനയില്‍ പറഞ്ഞു.

ബജറ്റില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നുമാത്രമല്ല, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കുന്നതിന് നടപടി നിര്‍ദേശിച്ചിട്ടുമില്ല. തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി നിശ്ചയിക്കണമെന്ന രാജ്യത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന് പ്രധാനമന്ത്രി അംഗീകരിച്ചിരുന്നതാണ്. ഈയിടെ യുപിഎ അധ്യക്ഷയും ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ബജറ്റ് ഇക്കാര്യത്തില്‍ മൗനംപാലിക്കുകയാണ്. കോര്‍പറേറ്റ് ആഭിമുഖ്യമുള്ള സാമ്പത്തിക നയങ്ങളില്‍ത്തന്നെ യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നുള്ള പ്രഖ്യാപനംതന്നെയാണ് ഇടക്കാല ബറ്റില്‍ തെളിഞ്ഞുകാണുന്നതെന്ന് ബെഫി ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment