Monday, February 17, 2014

കുടിയേറ്റ കര്‍ഷകരുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍: ഐസക്

കര്‍ഷകസംരക്ഷണത്തിന് പദ്ധതി വേണം: കുടിയേറ്റ കര്‍ഷക കണ്‍വന്‍ഷന്‍

പുല്‍പ്പള്ളി: വയനാടിന്റെ കാര്‍ഷിക മേഖല സംരക്ഷിക്കാന്‍ കര്‍ഷക സംരക്ഷണ പദ്ധതി നടപ്പാക്കണമെന്ന് സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടിയേറ്റ കര്‍ഷക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ലയുടെ നട്ടെല്ലായ കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. വിളനാശവും വിലയിടിവും കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിപ്പിച്ചു. കാലവര്‍ഷത്തിലും വര്‍ച്ചയിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചു. കവുങ്ങും കുരുമുളകും ഇല്ലാതായി. കഴിഞ്ഞ വിളവെടുപ്പുകാലം കവുങ്ങ് കര്‍ഷകര്‍ക്ക് തീര്‍ത്തും നിരായയായിരുന്നു. രോഗം ബാധിച്ച് 80 ശതമാനം വിളയും നശിച്ചു. തോട്ടങ്ങള്‍തന്നെ ഇല്ലാതായി. ക്രമം തെറ്റിയ മഴയില്‍ കാപ്പിക്കുരു പൊഴിഞ്ഞ് ഉല്‍പ്പാദനത്തിന്‍ വന്‍ ഇടിവ് ഉണ്ടായി. സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ ജില്ലയില്‍ കുരുമുളക് കൃഷി പേരിന് മാത്രമാണ്. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുത്തിരുന്ന കുരുമുളക് നാടുനീങ്ങി. പുനരുദ്ധാരണ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്‍ വീഴ്ചയാണ്. കാലവസ്ഥവ്യതിയാനത്തില്‍ കൃഷി നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ആത്ഹത്യാമുനമ്പിലായ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കുകയാണ്. പ്രശ്നങ്ങളില്‍ ഇടപെടാതെ നോക്കിനില്‍ക്കുകയാണ് സര്‍ക്കാര്‍. ആശ്വാസ നടപടികളുമില്ല. കാലവര്‍ഷത്തിലും വരള്‍ച്ചയിലും കൃഷിനശിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 12 കോടിയില്‍പരം രൂപയാണ്. 1478 കോടി രൂപയുടെ വയനാട് പാക്കേജ് കടലാസില്‍ ഒതുങ്ങി. ഇതോടൊപ്പമാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ ഭീഷണി. കുടിയേറ്റ കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ കുടിയൊഴിയേണ്ട സാഹചര്യമാണ്. കര്‍ഷകരെ സംരക്ഷിക്കുന്നതിനും കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുമായി സമഗ്ര കര്‍ഷകസംരക്ഷണ പദ്ധതിക്ക് രൂപം നല്‍കി നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ ജെ പോള്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി സി കെ ശശീന്ദ്രന്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എം എസ് സുരേഷ് ബാബു സ്വാഗതവും അനില്‍ സി കുമാര്‍ നന്ദിയും പറഞ്ഞു. സി ഭാസ്ക്കരന്‍, ടി ബി സുരേഷ്, സി കെ സഹദേവന്‍, പി എസ് ജനാര്‍ദനന്‍, കെ എന്‍ സുബ്രഹമണ്യന്‍, സി യു ഏലമ്മ, ബേബി വര്‍ഗീസ്, പി ജെ ആന്റണി എന്നിവര്‍ പങ്കെടുത്തു. 20 കുടിയേറ്റ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

കുടിയേറ്റ കര്‍ഷകരുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തില്‍: ഐസക്

പുല്‍പ്പള്ളി: കുടിയേറ്റ കര്‍ഷകരുടെ നിലനില്‍പ്പ് അനിശ്ചിതത്വത്തിലായതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ച കുടിയേറ്റ കര്‍ഷക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗങ്ങളോടും പട്ടിണിയോടും വന്യമൃഗങ്ങളോടും പടവെട്ടി മലബാറില്‍ ജീവിതം കരുപ്പിടിപ്പിച്ചവരോട് കുടിയൊഴിയാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഇതിന്റെ ഭാഗമാണ്. കടിയേറ്റ കര്‍ഷകന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഭയപ്പാട് കുടിയൊഴിപ്പിക്കപ്പെടുമോയെന്നതാണ്. വിമോചന സമരത്തിനുശേഷം അറുപതുകളില്‍ നടപ്പാക്കിയ കുടിയൊഴിപ്പിക്കല്‍ തിരിച്ചുവരികയാണ്. അന്ന് കുടിയിറക്കിനെതിരെ പൊരുതിയ കമ്യൂണിസ്റ്റുകാര്‍തന്നെയാണ് ഇപ്പോഴും കര്‍ഷകനുവേണ്ടി പോരാടാനുള്ളത്. പരിസ്ഥിതിയുടെ സംരക്ഷകര്‍ അവിടെ ജീവിക്കുന്ന മനുഷ്യരാണ്. ആളുകളെ കുടിയിറക്കി പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. നിരീശ്വരവാദത്തിന്റെ പേരുപറഞ്ഞ് അകറ്റി നിര്‍ത്തേണ്ടവരല്ല ഇടതുപക്ഷക്കാര്‍. നിലനില്‍പ്പ് വിശ്വാസത്തിന്റേയും അവിശ്വാസത്തിന്റേയും പ്രശ്നമല്ല. സാമൂഹിക പ്രശ്നമാണ്. കൃഷിക്കാരന്റെ സുരക്ഷിതത്വം നഷ്ടപ്പെടുമ്പോള്‍ സഹകരണത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച് ജീവിക്കാനായി പൊരുതുകയെന്നതാണ്. സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് പുതിയ മാര്‍പ്പ നല്‍കുന്നതും.

കേരളത്തിന്റ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് കുടിയേറ്റം. എന്നാല്‍
ഇതിന്റെ ചരിത്രം അനാവരണം ചെയ്യപ്പെട്ടിട്ടില്ല. ഇതിന്റെ ചരിത്രം പരിശോധിച്ചാല്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളും കാണാനാവും. സര്‍ സിപിക്കെതിരെ പടപൊരുതിയവര്‍വരെ മലബാര്‍ കുടിയേറ്റത്തിലുണ്ട്. കുടിയേറ്റത്തിന്റെ രണ്ടാംതലമുറയില്‍പെട്ടവരാണ് മലബാറില്‍ പിന്നീട് കുടിയിറക്കിനെതിരെ നിലകൊണ്ടത്. കുടിയേറ്റ ചരിത്രം പരിശോധിച്ചാല്‍ ഇത് കാണാനാവും. വിമോചന സമരത്തിലൂടെ കുടിയേറ്റ കര്‍ഷകരെ കമ്യൂണിസ്റ്റ് വിരുദ്ധരാക്കി. എന്നാല്‍ പിന്നീട് ഇവരെ കുടിയിറക്കിയത് വിമോചനസമരത്തിന്റെ വക്താക്കളായിരുന്നു. അന്നും കര്‍ഷകരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇപ്പോള്‍ ചരിത്രം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment