Tuesday, February 18, 2014

സോണിയയുടേത് വില കുറഞ്ഞ പ്രസ്താവന: വി എസ്

സിപിഐ എം നെതിരെ സോണിയാഗാന്ധി നടത്തിയ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും തരംതാഴ്ന്നതുമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ വന്ന് ഒരു ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനെപ്പോലെ വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്നത് എ ഐ സി സി പ്രസിഡന്റിന്റെ പദവിക്ക് യോജിച്ചതല്ലെന്നും വി എസ് പറഞ്ഞു. സിപിഐ എം പാവപ്പെട്ടവര്‍ക്കൊപ്പമല്ലെന്നും പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ക്ഷേമപദ്ധതികളെ എതിര്‍ത്തത് സിപിഐ എം ആണെന്നുമാണ് കഴിഞ്ഞ ദിവസം എറണാകുളത്തെ പ്രസംഗത്തില്‍ സോണിയാഗാന്ധി പറഞ്ഞത്.

തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയാണ് അവര്‍ നടത്തിയത്. എന്തു വസ്തുതകളുടെ പിന്‍ബലത്തിലാണ് ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവന നടത്തിയതെന്ന് അവര്‍ വ്യക്തമാക്കണം. കേരളത്തിന്റെ ചരിത്രമോ, പാരമ്പര്യമോ മനസ്സിലാക്കിയിണ്‍ട്ടാണോ അവര്‍ ഇത്തരം ചപ്പടാച്ചികള്‍ അടിച്ചുവിടുന്നത്. നിര്‍ധനരും നിരാലംബരുമായ ലക്ഷക്കണക്കിനാളുകളെ എല്ലാത്തരം അസമത്വങ്ങളില്‍ നിന്നും വിവേചനങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ നടത്തിയവരാണ് കമ്യൂണിസ്റ്റുകാര്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഇഎംഎസ് ഭവന പദ്ധതി തകര്‍ത്ത ഉമ്മന്‍ചാണ്ടിയെ അടുത്തിരുത്തിക്കൊണ്ടല്ലേ സോണിയാഗാന്ധി അബദ്ധപ്പഞ്ചാംഗം വായിച്ചത്.

സിപിഐ എം നെതിരെ വങ്കത്തരം തട്ടിവിട്ടാല്‍ കേരളത്തിലെ ജനങ്ങള്‍ അത് വിശ്വസിക്കുകയില്ല. കമ്യൂണിസ്റ്റുകാരെ ഇങ്ങനെ മോശക്കാരാക്കാന്‍ ശ്രമിച്ച സോണിയാഗാന്ധി, അംബാനിമാര്‍ അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്കെതിരെ ഒരു വാക്കെങ്കിലും ഉരിയാടാന്‍ ധൈര്യം കാണിച്ചോ. കേരളം ഏറ്റവും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറി, റെയില്‍വേസോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവയൊക്കെ അട്ടിമറിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരല്ലേ.രാജ്യം ഇതേവരെ കണ്ടിട്ടില്ലാത്തത്രയ്ക്ക് ഭീകരമായ അഴിമതി നടത്തിയ മന്ത്രിമാരെയും കോണ്‍ഗ്രസ് നേതാക്കളെയും ഒപ്പമിരുത്തി അഴിമതിവിരുദ്ധ നിയമം തടഞ്ഞത് പ്രതിപക്ഷമാണെന്ന് ആരോപിക്കുന്നത് ആരാണ് വിശ്വസിക്കാന്‍ പോകുന്നതെന്നും വി എസ് ചോദിച്ചു.

deshabhimani

No comments:

Post a Comment