Thursday, February 20, 2014

രാധയുടെ കൊലയ്ക്കുപിന്നില്‍ പ്രമുഖരെന്ന്

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയുടെ കൊലപാതകത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൃതദേഹം കണ്ടെത്തിയ ചുള്ളിയോട് ഉണ്ണിക്കുളത്തെ കുളത്തിന് സമീപം താമസിക്കുന്ന പുളിയിങ്ങല്‍ സുകുമാരന്‍. മൃതദേഹം പുറത്തെടുക്കുമ്പോള്‍ സുകുമാരനും പ്രദേശവാസികളും നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ പൊലീസ് ഇക്കാര്യങ്ങളൊന്നും അന്വേഷിക്കാതെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പ്രവര്‍ത്തിച്ചത് പ്രദേശവാസികളുടെ ആരോപണങ്ങളെ ബലപ്പെടുത്തുന്നു.

ഫെബ്രുവരി അഞ്ചിന് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍വച്ച് രാധയെ കൊലപ്പെടുത്തി വൈകിട്ടോടെ പ്രതികള്‍ ഗുഡ്സ് ഓട്ടോയിലെത്തി കുളത്തില്‍ തള്ളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളതെങ്കിലും ഇത് വിശ്വസിക്കാനാവില്ലെന്നാണ് സുകുമാരന്‍ പറയുന്നത്. ""ടാപ്പിങ് തൊഴിലാളിയായ ഞാന്‍ നേരത്തെ ഉണരാറുണ്ട്. എഴാം തീയതി പുലര്‍ച്ചെ രണ്ടേ കാലോടെ മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ കുളത്തിലേക്കുള്ള വഴിയിലൂടെ രണ്ട് വണ്ടികള്‍ പോയി. ആദ്യം വന്ന വണ്ടി എന്‍ജിന്‍ ഓഫായശേഷം വീണ്ടും സ്റ്റാര്‍ട്ടാക്കിയാണ് ഇവിടം വിട്ടത്. ഉടന്‍ മറ്റൊരു വാഹനവും ഇതുവഴി കടന്നുപോയിരുന്നു.സംശയം തോന്നി അരമണിക്കൂറോളം കാത്തിരുന്നെങ്കിലും വാഹനങ്ങള്‍ തിരിച്ചുവന്നില്ല. ഈ വഴിക്കരികില്‍ താമസിക്കുന്നവരില്‍ ഒരാള്‍ക്ക് മാത്രമാണ് ഓട്ടോറിക്ഷയുള്ളത്. അസമയത്ത് ഇതുവഴി കാറുകള്‍ പോകേണ്ട ആവശ്യമില്ല"". ഇതുവഴി വന്നവര്‍ക്ക് രാധയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് സുകുമാരന്‍ ഉറപ്പിച്ചുപറയുന്നു. മൃതദേഹം പുറത്തെടുത്ത പത്താം തീയതി അസമയത്ത് വാഹനങ്ങള്‍ വന്നിരുന്ന വിവരം എസ്ഐയോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയ വിവരത്തെ കുറിച്ച് അന്വേഷിക്കാനോ മൊഴി രേഖപ്പെടുത്താനോ പൊലീസ് തയ്യാറായിട്ടില്ല. ഈ വഴിയല്ല പ്രതികള്‍ മൃതദേഹവുമായി വന്നതെന്ന് സ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചതും ദുരൂഹമാണ്. രാധയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഗുഡ്സ് ഓട്ടോയില്‍ കയറ്റിയശേഷം പതിനൊന്നുമുതല്‍ രാത്രിവരെ ഷംസുദ്ദീന്റെ ചുള്ളിയോട്ടെ വീടിനടുത്തുള്ള റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വീട്ടില്‍ നിര്‍ത്തിയിട്ടുവെന്ന പൊലീസ് വാദവും വിചിത്രമാണ്.

deshabhimani

No comments:

Post a Comment