Friday, February 21, 2014

ലാവ്ലിന്‍ കേസില്‍ കക്ഷിചേരാന്‍ സര്‍ക്കാരിന് എന്തു കാര്യമെന്ന് കോടതി

ലാവ്ലിന്‍ കേസില്‍ രണ്ട് പ്രോസിക്യൂഷന്‍ ഏജന്‍സി ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസ് നടത്താന്‍ സിബിഐ ഉള്ളപ്പോള്‍ പിന്നെ സംസ്ഥാന സര്‍ക്കാരിനെന്ത് പ്രസക്തിയെന്ന് ജസ്റ്റിസ് കെ രാമകൃഷ്ണന്‍ ചോദിച്ചു. കേസ് സിബിഐ ഏറ്റെടുത്തതോടെ സംസ്ഥാന സര്‍ക്കാരിന് കേസില്‍ പ്രസക്തിയില്ലെന്നും സര്‍ക്കാരിനുവേണ്ടിയാണ് സിബിഐ കേസ് നടത്തുന്നതെന്നും കോടതി വ്യക്തമാക്കി.

കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ടി അസഫ് അലി സര്‍ക്കാരിനുവേണ്ടി സമര്‍പ്പിച്ച ഹര്‍ജിയെ സിബിഐയും എതിര്‍ത്തു. ഹര്‍ജിയെ എതിര്‍ത്ത് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിച്ചു. സര്‍ക്കാരിന്റെ കക്ഷിചേരല്‍ ഹര്‍ജി സിബിഐയുടെ റിവിഷന്‍ ഹര്‍ജിയോടൊപ്പം പരിഗണിക്കുന്നതിനായി കോടതി മാറ്റി. സര്‍ക്കാരുകള്‍ മാറിമാറി വരുമെന്നും എന്നാല്‍, സിബിഐക്ക് നിലപാടുമാറ്റമില്ലെന്നും സിബിഐ അഭിഭാഷകന്‍ വാദിച്ചു.

ഊതിപ്പെരുപ്പിച്ച നഷ്ടക്കണക്കുമായി കോടതിയെ സമീപിച്ച സര്‍ക്കാരിന് കോടതിയുടെ നിരീക്ഷണം തിരിച്ചടിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാനാണ് സര്‍ക്കാര്‍ അനുമതി ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനും വൈദ്യുതിബോര്‍ഡിനും 266.25 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഹര്‍ജിയിലെ ആരോപണം. എന്നാല്‍, ലാവ്ലിന്‍ കേസന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ 86.25 കോടിയുടെ നഷ്ടമെന്നായിരുന്നു ആരോപണം. അന്വേഷണ ഏജന്‍സിക്കില്ലാത്ത ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍ക്കാരിനുവേണ്ടിയുള്ള ഹര്‍ജി. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയ പിണറായിക്കെതിരെ ഹര്‍ജിയില്‍ പ്രത്യേക തലക്കെട്ടോടെ രണ്ട് ഖണ്ഡികകള്‍ എഴുതിച്ചേര്‍ത്തായിരുന്നു അനുമതി ഹര്‍ജി.

സര്‍ക്കാരിന്റെ ഹര്‍ജിയിലെ വിവരങ്ങള്‍ എവിടെനിന്നു ലഭിച്ചുവെന്നോ രേഖകളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിലുള്ളതാണെന്നോ ഹര്‍ജിയില്‍ ഒരിടത്തും പരാമര്‍ശമില്ല. ഹര്‍ജിക്ക് സത്യവാങ്മൂലത്തിന്റെ പിന്‍ബലമോ മറ്റ് ആധികാരികതയോ ഇല്ല. മുമ്പ് കേസന്വേഷിച്ച വിജിലന്‍സിന്റെയോ സംസ്ഥാന പൊലീസ് മേധാവിയുടെയോ ശുപാര്‍ശ ഇല്ലാതെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ തയ്യാറാക്കിയതാണ് ഹര്‍ജി എന്നു വ്യക്തം. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുമ്പ് ക്രൈം നന്ദകുമാറിനൊപ്പം ഹൈക്കോടതിയെ സമീപിച്ച തന്റെ സ്വകാര്യഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ അതേപടി പകര്‍ത്തി കോടതിയില്‍ സര്‍ക്കാരിനുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു. കരാറിലൂടെ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നുകാട്ടിയും സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തള്ളിയും ഊര്‍ജവകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് തൊട്ടുപിന്നാലെയാണ് പുതിയ നഷ്ടക്കണക്കുമായി കോണ്‍ഗ്രസ് ഐ നേതാവുകൂടിയായ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ അസഫ് അലി രംഗത്തെത്തിയത്.

മുന്‍ വൈദ്യുതി മന്ത്രി ടി ശിവദാസമേനോനടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ ക്രൈം നന്ദകുമാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതി പരിഗണിച്ചു. പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജിയാണിതെന്നും സിബിഐ പറഞ്ഞു.

പി പി താജുദീന്‍ deshabhimani

No comments:

Post a Comment