Wednesday, February 5, 2014

പണിതീര്‍ക്കാതെ ഉദ്ഘാടനം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: വി എസ്

തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് പണി പൂര്‍ത്തിയാക്കാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ തിടുക്കത്തില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെടുന്ന ഇത്തരം പദ്ധതികളില്‍ തെരഞ്ഞെടുപ്പും രാഷ്ട്രീയവും മുഖ്യപരിഗണനയായി വരുന്നത് ശരിയല്ലെന്നും വി എസ് പറഞ്ഞു. ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎസ്ആര്‍ടിസി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചെലവാണ്. ഇത് കണക്കിലെടുത്താണ് സര്‍വീസിനുപുറമേ അനുബന്ധ വരുമാനമേഖലകള്‍കൂടി കണ്ടെത്തണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ ഗതാഗതക്കുരുക്കുകൂടി പരിഹരിക്കാന്‍ കെടിഡിഎഫ്സി സഹായത്തോടെ 2010ല്‍ തമ്പാനൂരില്‍ ബസ് ടെര്‍മിനല്‍ കോംപ്ലക്സ് നിര്‍മാണം എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചു. പദ്ധതി പ്രാവര്‍ത്തികമാകുമ്പോള്‍ 50 ശതമാനം ലാഭം കെഎസ്ആര്‍ടിസിക്ക് ലഭിക്കുമായിരുന്നു. 55.59 കോടി രൂപ ചെലവ് കണക്കാക്കി ആരംഭിച്ച ടെര്‍മിനലിന്റെ നിര്‍മാണം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിശ്ചയിച്ചിരുന്നു. എന്നാല്‍, പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ നിശ്ചയിക്കപ്പെട്ട കാലാവധിക്കകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ഥമായ നടപടികളൊന്നും സ്വീകരിച്ചില്ല. ഇപ്പോള്‍ നാലുവര്‍ഷം കഴിഞ്ഞാണ് ഉദ്ഘാടനം നടത്തിയിരിക്കുന്നത്. തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ടെര്‍മിനല്‍ പൂര്‍ണമായും പരിഹാരമാകില്ലെന്നതിനാല്‍ ദീര്‍ഘദൂരബസുകള്‍ക്കായി ഈഞ്ചയ്ക്കലില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍, ഈ പദ്ധതിയും യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോയില്ല. ഈ പദ്ധതി യാഥാര്‍ഥ്യമായിരുന്നെങ്കില്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമായിരുന്നു. കൊച്ചി നഗരത്തില്‍ വൈറ്റിലയില്‍ ബസ് ടെര്‍മിനല്‍ നിര്‍മിച്ചപ്പോഴുണ്ടായതുപോലെ ഈഞ്ചയ്ക്കലില്‍ പുതിയ ബസ് സ്റ്റേഷന്‍ നിര്‍മിച്ചാല്‍ തലസ്ഥാനനഗരിക്ക് അതൊരു ആശ്വാസമാകുമായിരുന്നു. കെഎസ്ആര്‍ടിസി ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നതെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment