Wednesday, February 5, 2014

നിരപരാധിയായ എന്നെ 19 മാസം ജയിലില്‍ അടച്ചതെന്തിന്: പി മോഹനന്‍

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീമിനെയും വലിച്ചിഴയ്ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് വന്‍ പ്രലോഭനങ്ങളുണ്ടായതായി കോഴിക്കോട് ജില്ലാസെക്രട്ടറിയറ്റംഗം പി മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേതാക്കളുടെ പേര് പറഞ്ഞാല്‍ തന്റെ പേരിലുള്ള കുറ്റം ലഘൂകരിക്കാമെന്നായിരുന്നു വാഗ്ദാനം. 2012 ഏപ്രിലില്‍ നടക്കുന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസിനായി സ്വാഗതസംഘം ഓഫീസ് ആരംഭിച്ചിരുന്നു. അതിനാല്‍ പ്രവര്‍ത്തകരും നേതാക്കളുമവിടെയാണ്. ജില്ലാകമ്മിറ്റി ഓഫീസില്‍ തിരക്കോ ആളോ ഉണ്ടാകില്ല. ആ സമയത്ത് പിണറായിയും കരീമും ഓഫീസിലിരുന്ന് വധ ഗൂഢാലോചന ചര്‍ച്ചചെയ്യുന്നത് കേട്ടുവെന്ന് അന്വേഷകസംഘത്തിന് മൊഴിയായി നല്‍കണമെന്നാണ് നിരന്തരം ആവശ്യപ്പെട്ടത്. മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണിത് ചെയ്യുന്നത്. നിങ്ങള്‍ ഇക്കാര്യത്തില്‍ അനുകൂലമായി പറഞ്ഞാല്‍ കുറ്റങ്ങള്‍ പങ്കിടാമെന്നും (ഷെയര്‍ചെയ്യാം) അനൂപ് കുരുവിള ജോണ്‍ പറഞ്ഞു. 2012 ജൂണ്‍ 29നാണ് തന്നെ അറസ്റ്റ്ചെയ്തത്. ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായുള്ള ചോദ്യംചെയ്യലുണ്ടായി. സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയാന്‍ തയ്യാറായില്ല. പിന്നീട് അന്വേഷണസംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി എ പി ഷൗക്കത്തലി താനിക്കാര്യം എഐജി അനൂപ്കുരുവിള ജോണിനോട് രഹസ്യമായി പറഞ്ഞാല്‍ മതിയെന്ന് നിര്‍ദേശിച്ചു. നിങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള പ്രസ്താവനയാണ് (സ്റ്റേറ്റ്മെന്റ്) അനൂപ്സാര്‍ പറഞ്ഞത്. രണ്ടു ദിവസം ആലോചിച്ച് പറഞ്ഞാല്‍ മതിയെന്നും സൂചിപ്പിച്ചു. ഇതിന് തയ്യാറാകാത്ത തന്നെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനും ശ്രമമുണ്ടായി. മറ്റൊരു കള്ളക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് പറയുന്നതുപോലെയുള്ള മൊഴിക്ക് വിസമ്മതിച്ചപ്പോള്‍ കണ്ണവം വനത്തില്‍ അസ്ഥികൂടം കണ്ടത് ഓര്‍മിപ്പിച്ചു. ആ അനുഭവമുണ്ടാകുമെന്നും ഭീഷണി മുഴക്കി. ശാരീരികമായൊഴികെ മാനസികമായ കടുത്ത ഭേദ്യമാണ് എസ്എടി ക്യാമ്പില്‍ നേരിട്ടത്. ക്യാമ്പിലെ 12 ദിവസം 12 വര്‍ഷമായാണ് അനുഭവപ്പെട്ടത്. എസ്എടി ക്യാമ്പില്‍ ചോദ്യംചെയ്യുന്ന മുറിയില്‍ 12 പൊലീസുകാരെത്തി. മഫ്ടിയില്‍ വന്ന ഇവര്‍ മുറിയുടെ ജനാലകള്‍ തുടര്‍ച്ചയായി വലിച്ചടച്ചു. ഒന്നും ചോദിക്കാതെ മുക്കാല്‍ മണിക്കൂറോളം തുറിച്ചുനോക്കി. പിന്നീട് 11 പേര്‍ പുറത്തുപോയെങ്കിലും ഒരാള്‍ തിരിച്ചുവന്ന് കരാട്ടെയടക്കമുള്ള അഭ്യാസങ്ങള്‍ കാട്ടി. വെള്ളക്കടലാസില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു.

പൊതുപ്രവര്‍ത്തകനായ തന്നെ 19 മാസം ജയിലിലടച്ചതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. 573 ദിവസം നാട്ടില്‍നിന്നും നാട്ടുകാരില്‍നിന്നും പിടിച്ചകറ്റി. നിരപരാധിത്വം കോടതിയില്‍ തെളിഞ്ഞ സാഹചര്യത്തില്‍ 19 മാസം ജയിലിടലച്ചതെന്തിനെന്ന് ഹൃദയവേദനയോടെ ചോദിക്കുകയാണ്. ജനമനസ്സില്‍ തെറ്റായി ചിത്രീകരിക്കാനായിരുന്നു കള്ളക്കേസ്. സിപിഐ എമ്മിനെ പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാമെന്നും മോഹനന്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയപ്രേരിതമായി ഉള്‍പ്പെടുത്തിയ പി മോഹനനെ നിരപരാധിയെന്നുകണ്ട് കോടതി വിട്ടയച്ചിരുന്നു.

സിബിഐ അന്വേഷണത്തെ സിപിഐ എം ഭയക്കുന്നില്ല: ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: ചന്ദ്രശേഖരന്‍ കേസില്‍ സിബിഐ അന്വേഷണത്തെ സിപിഐ എം ഭയക്കുന്നില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പാര്‍ടിയെ ലക്ഷ്യംവച്ചുള്ള അന്വേഷണത്തെയാണ് എതിര്‍ക്കുന്നത്. നേരത്തെ നടന്ന പ്രത്യേകാന്വേഷണസംഘത്തിന്റെ അന്വേഷണത്തില്‍ ആരും അതൃപ്തി പറഞ്ഞിരുന്നില്ല. യുഡിഎഫ് നേതൃത്വവും അന്വേഷണത്തിനായി രംഗത്തുവന്നവരും ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂരുമെല്ലാം പൊലീസ് അന്വേഷണം തൃപ്തികരമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ സിബിഐ അന്വേഷണമാവശ്യപ്പെടുന്നതിനു പിന്നില്‍ സിപിഐ എമ്മിനെ വീണ്ടും വേട്ടയാടുക എന്ന ലക്ഷ്യമാണ്. അതംഗീകരിക്കാനാവില്ല.പൊലീസ് അന്വേഷണത്തെ അഭിനന്ദിച്ച തിരുവഞ്ചൂര്‍ സിബിഐ അന്വേഷണത്തിനുള്ള സമരപ്പന്തലില്‍ അതിനെ ന്യായീകരിച്ച് സംസാരിക്കുന്നു. എല്ലാമാര്‍ക്സിസ്റ്റ് വിരുദ്ധരും ഇക്കാര്യത്തില്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. മാറാട് കൂട്ടക്കൊലക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ ആവശ്യപ്പെട്ട സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നവരാണ് ഇപ്പോഴത്തെ സര്‍ക്കാരും യുഡിഎഫും എന്നത് മറക്കരുത്. ഞങ്ങളുടെ സംസ്ഥാന സെക്രട്ടറിയെ പതിനഞ്ചുവര്‍ഷം സിബിഐ അന്വേഷണത്തിന്റെ പേരു പറഞ്ഞ് വേട്ടയാടിയില്ലേ. ജനങ്ങളെ അണിനിരത്തി നേരിടുക, സത്യം ബോധ്യപ്പെടുത്താനാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്.

ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ടിക്ക് പങ്കില്ലെന്നത് ആവര്‍ത്തിക്കുകയാണ്. തെറ്റായ നിലപാടെടുത്തും തെറ്റിദ്ധരിച്ചും പാര്‍ടി വിട്ടവര്‍ തിരിച്ചുവരണമെന്നതാണ് നിലപാട്. ഇതാണ് ചന്ദ്രശേഖരനടക്കമുള്ളവരോടും സ്വീകരിച്ചത്. പി മോഹനനെ ആക്രമിച്ച ആര്‍എംപിക്കാര്‍ക്കെതിരായ വധോദ്യമമടക്കമുള്ള കേസ് പിന്‍വലിച്ചതടക്കം ഇതിന്റെ ഭാഗമായിരുന്നു. ആര്‍എംപിയോട് വിരോധമുണ്ടെങ്കില്‍ കേസ് പിന്‍വലിക്കില്ലായിരുന്നു. ചന്ദ്രശേഖരന്റെ കൊലക്ക് മുമ്പ് 2011 ഒക്ടോബറിലായിരുന്നു ഈ നിലപാട്. ഇത് പരസ്യമായി പ്രഖ്യാപിച്ചതാണ്. സിപിഐ എമ്മിന് രാഷ്ട്രീയ വിരോധമില്ലെന്നതിന് തെളിവാണീ സംഭവം. ചന്ദ്രശേഖരന്‍ കൊലക്കു പിന്നില്‍ രാഷ്ട്രീയമല്ല വ്യക്തിപരമായ കാരണമാണെന്ന് ഡിജിപി പറഞ്ഞതാണ്. അത് തിരുത്തിയത് മന്ത്രി തിരുവഞ്ചൂരാണ്. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് പദവിപോലും മറന്ന് നിലവിട്ട് ഇടപെട്ടത്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍, ഏരിയാ-ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയെല്ലാം പ്രതിയാക്കി. കുറ്റക്കാരല്ലെന്ന് കണ്ട് കോടതി ഇപ്പോള്‍ അവരെ വെറുതെവിട്ടു. ഇവരെയെല്ലാം പ്രതിചേര്‍ത്ത് സിപിഐ എമ്മിനെ വേട്ടയാടിയതെന്തിനെന്ന് വ്യക്തമാക്കണം-ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment