Sunday, February 16, 2014

കോടികള്‍ തുലയ്ക്കാന്‍ നിര്‍ഭയ

വനിതകള്‍ ഏറ്റവും അരക്ഷിത ജീവിതം നയിക്കുന്ന സംസ്ഥാനമായി കേരളം നാണംകെടുമ്പോള്‍ കോടികള്‍ തുലച്ച് സര്‍ക്കാരിന്റെ "നിര്‍ഭയ"നാടകം. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ സാഹചര്യമൊരുക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട സര്‍ക്കാരും ആഭ്യന്തരവകുപ്പുമാണ് ഖജനാവിലെ കോടികള്‍ തുലച്ച് കടലാസ് പദ്ധതി കൊട്ടിഘോഷിക്കുന്നത്. ശനിയാഴ്ച എറണാകുളത്താണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി "നിര്‍ഭയ" സ്ത്രീസുരക്ഷാ പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഭയാനകമാം വിധം വര്‍ധിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 35,243 സ്ത്രീപീഡനവും 2,950 ബലാത്സംഗവും നടന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത 1,376 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീയെ കൊന്ന് ചാക്കില്‍ക്കെട്ടി സൂക്ഷിച്ച സംഭവം പുറത്തായതിന് അടുത്ത ദിവസമാണ് "നിര്‍ഭയ" നാടകം തുടങ്ങുന്നത്. സ്വീകരണ ചടങ്ങിനിടെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പീഡിപ്പിച്ച സംഭവം യുഡിഎഫ് സര്‍ക്കാരിന്റെ "സ്ത്രീസുരക്ഷ"യുടെ തെളിവാണ്. സുനന്ദ ദുരൂഹസാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ചതും അടുത്തിടെയാണ്. ഏതാനും ദിവസങ്ങള്‍ മുമ്പാണ് തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടി പട്ടാപ്പകല്‍ ഓട്ടോയില്‍ പീഡനത്തിനിരയായത്. കോവളത്തെ മസാജ് സെന്റര്‍ ജീവനക്കാരിയുടെ മൃതദേഹം കളിയിക്കാവിളയില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത് വ്യാഴാഴ്ചയാണ്. വയനാട്ടിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെ ഗുണ്ടല്‍പേട്ടില്‍ സുഹൃത്ത് പീഡിപ്പിച്ചു കൊന്നത് ഇക്കഴിഞ്ഞ പ്രണയദിനത്തിലാണ്. നിലമ്പൂര്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കരിങ്കൊടി കാണിച്ച സ്ത്രീയെ പുരുഷ പൊലീസുകാരും കോണ്‍ഗ്രസ് ഗുണ്ടകളും പരസ്യമായി കൈയേറ്റം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകമാണ് നിര്‍ഭയ പദ്ധതി സോണിയ ഉദ്ഘാടനം ചെയ്തത്.

തലസ്ഥാനത്ത് നടന്ന വനിതാ പൊലീസ് ശില്‍പ്പശാലയില്‍ രാജ്യത്തെ പ്രഥമ വനിതാ ഐപിഎസുകാരി കിരണ്‍ബേദിയോട് സേനയിലെ വനിതാ വിവേചനത്തെക്കുറിച്ച് തുറന്നടിച്ചിരുന്നു. പൊലീസ് സേനയില്‍ അഞ്ചു ശതമാനം പ്രാതിനിധ്യമുള്ള വനിതാ പൊലീസുകാര്‍ക്ക് സ്റ്റേഷനുകളില്‍ ഇരിപ്പിടംപോലും നല്‍കാറില്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തിയത്. കേസ് അന്വേഷണച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും എസ്ഐ പ്രമോഷനില്‍ വിവേചനമുള്ളതായും അവര്‍ വെളിപ്പെടുത്തി.

വി ഡി ശ്യാംകുമാര്‍ deshabhimani

No comments:

Post a Comment