പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളുടെ മറ്റൊരു മാതൃകയാണ് ആം ആദ്മി പാര്‍ടിയുടെ സാമ്പത്തികനയങ്ങളെന്ന് പ്രകാശ് കാരാട്ട്. സാമ്പത്തികനയങ്ങളില്‍ തന്റെ പാര്‍ടിയുടെ വീക്ഷണത്തെക്കുറിച്ച് എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ സിഐഐ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്- പീപ്പിള്‍സ് ഡെമോക്രസിയിലെ ലേഖനത്തില്‍ കാരാട്ട് പറഞ്ഞു. എഎപി ചങ്ങാത്തമുതലാളിത്തത്തിനു മാത്രമാണ് എതിരെന്നും മുതലാളിത്തത്തിന് എതിരല്ലെന്നുമാണ് സിഐഎ യോഗത്തില്‍ കെജ്രിവാള്‍ പറഞ്ഞത്. വ്യവസായത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്നും അത് സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കണമെന്നും കെജ്രിവാള്‍ വാദിച്ചു.
സാമ്പത്തികനയത്തില്‍ അവരുടെ നിലപാടും ആശയങ്ങളും എന്താണെന്ന സൂചനയാണ് കെജ്രിവാള്‍ ഇതിലൂടെ നല്‍കിയത്. നേരത്തെ കെജ്രിവാള്‍ പറഞ്ഞത് തങ്ങള്‍ മുതലാളിത്തവാദികളോ സോഷ്യലിസ്റ്റുകളോ ഇടതുപക്ഷമോ അല്ലെന്നും വെറും സാധാരണ ജനങ്ങളാണെന്നുമാണ്. ഏതെങ്കിലും പ്രത്യേക ആശയസംഹിതയോട് തങ്ങള്‍ ഒട്ടിനില്‍ക്കുന്നില്ലെന്നും പ്രശ്നപരിഹാരത്തിനായി ഇടതു വലത് വ്യത്യാസമില്ലാതെ തത്വസംഹിതകള്‍ കടംകൊള്ളാന്‍ തയ്യാറാണെന്നും പറഞ്ഞു. വ്യവസായം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണെന്ന് തങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു. എല്ലാം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കണമെന്ന് ആവര്‍ത്തിച്ചുപറയുന്നത് ലോകത്ത് പ്രബലമാകുന്ന പുത്തന്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ മറ്റൊരു പതിപ്പാണ്. കെജ്രിവാളിന്റെ പ്രമാണപ്രകാരം എല്ലാ വ്യവസായങ്ങളും സാമ്പത്തികകാര്യങ്ങളും സ്വകാര്യവ്യക്തികളില്‍ എത്തിച്ചേരുകയും വിപണിയെ അവര്‍ നിയന്ത്രിക്കുകയുംചെയ്യുന്ന സ്ഥിതി വരും. അടിസ്ഥാനാവശ്യങ്ങളായ വൈദ്യുതിയും ജലവുംപോലും സ്വകാര്യവ്യക്തികളുടെ പക്കലെത്തും. വ്യവസായങ്ങള്‍ നിയമപ്രകാരമാണോ നടക്കുന്നതെന്ന് പരിശോധിക്കാന്‍ മികച്ച നിരീക്ഷണസംവിധാനം ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നായിരുന്നു കെജ്രിവാളിന്റെ വാദം. നിരീക്ഷണ ഏജന്‍സികള്‍ വന്‍ വ്യവസായങ്ങള്‍ക്ക് അനുകൂലമായി നിയമങ്ങളുണ്ടാക്കുന്ന പുത്തന്‍ സാമ്പത്തികമാതൃകയുടെ മറ്റൊരു ഭാഗമാണിത്. അംബാനിയുടെ വൈദ്യുത വിതരണ കമ്പനിയുമായി അദ്ദേഹം നടത്തുന്ന പോരാട്ടം ചങ്ങാത്തമുതലാളിത്തത്തിനുമാത്രം എതിരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതുവഴി പ്രധാനപ്രശ്നത്തെ അവഗണിക്കുകയാണ് എഎപിയും കെജ്രിവാളും. കെജ്രിവാളിന്റെ അഭിപ്രായപ്രകാരം ചങ്ങാത്തമുതലാളിത്തം അവസാനിപ്പിക്കാന്‍ നല്ലൊരു നിരീക്ഷണസംവിധാനം മതി. വ്യവസായത്തില്‍ സര്‍ക്കാരിന് കാര്യമില്ലെന്ന കെജ്രിവാളിന്റെ സങ്കല്‍പ്പപ്രകാരം, രാജ്യത്തെ ധാതുഖനം സ്വകാര്യമേഖലയുടെ കൈയില്‍ നില്‍ക്കും. ധാതുഖനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നതാണ് സിപിഐ എം നിലപാട്.
തങ്ങള്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയഇടമാണ് പങ്കുവയ്ക്കുന്നതെന്ന വാദം ശരിയല്ലെന്നും കേരളത്തിലും ബംഗാളിലും അധികാരത്തില്‍ വന്നപ്പോഴൊക്കെ മറ്റു പാര്‍ടികളെപ്പോലെത്തന്നെയാണ് ഇടതുപക്ഷം പെരുമാറിയതെന്നുമാണ് എഎപി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞത്. ഇടതുപക്ഷം അധികാരത്തില്‍ വന്ന സംസ്ഥാനങ്ങളില്‍ ഭൂപരിഷ്കരണം നടപ്പാക്കി. തൊഴിലാളികളുടെ അവകാശം ഉറപ്പാക്കി. അധികാരവികേന്ദ്രീകരണം നടപ്പാക്കി. ദളിതരും ആദിവാസികളും ഇടതുപക്ഷം ഭരിക്കുമ്പോള്‍ആക്രമിക്കപ്പെട്ടിട്ടില്ല. ഇതൊന്നും യാദവിനെ സംബന്ധിച്ച് പ്രാധാന്യം അര്‍ഹിക്കുന്നതാകില്ല. സാര്‍വത്രിക പൊതുവിതരണമെന്ന ഇടതുപക്ഷ കാഴ്ചപ്പാടിന് വിരുദ്ധമാണ് യാദവിന്റെ നിലപാട്. ഭക്ഷ്യസബ്സിഡി നിര്‍ത്തലാക്കണമെന്നാണ് മുംബൈയില്‍ നിക്ഷേപ സമ്മേളനത്തില്‍ യാദവ് പറഞ്ഞത്- കാരാട്ട് പറഞ്ഞു.
deshabhimani
No comments:
Post a Comment