Monday, February 17, 2014

ഫാക്ടിന് പ്രത്യേക പാക്കേജ് അനുവദിക്കണം: തപന്‍ സെന്‍

കളമശേരി: ഫാക്ടിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാന്‍ പൊതുമേഖലാ പുനരുജ്ജീവന സമിതി ശുപാര്‍ശചെയ്ത 991.9 കോടി രൂപ ഉടന്‍ അനുവദിക്കണമെന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എംപി ആവശ്യപ്പെട്ടു. ഞായറാഴ്ച ഫാക്ടില്‍ അനിശ്ചിതകാല സത്യഗ്രഹം അനുഷ്ഠിക്കുന്ന ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി കെ സത്യനെ സന്ദര്‍ശിച്ചശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനത്ത ശേഖരമുണ്ടായിട്ടും എല്‍എന്‍ജി ന്യായവിലക്ക് ഫാക്ടിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വടക്കേ ഇന്ത്യയില്‍ കൊടുക്കുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് ഫാക്ടിന് എല്‍എന്‍ജി നല്‍കുന്നത്. ഇതാണ് ഫാക്ട് പ്രതിസന്ധിയുടെ പ്രധാന കാരണം. ഭീമമായ തുക മുടക്കി സ്ഥാപിച്ച എല്‍എന്‍ജി പ്ലാന്റ് ഇതിന്റെ ഫലമായി അടഞ്ഞുകിടക്കുന്നു. ഉല്‍പ്പാദനശേഷിയുടെ എട്ടു ശതമാനം മാത്രമായിരുന്നു ഇവിടെ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അതും നിലച്ചു. ഗവണ്‍മെന്റിന്റെ തെറ്റായ വിലനയമാണ് ഇതിനിടയാക്കിയത്. എല്‍എന്‍ജി പരമാവധി ഉപയോഗിച്ച് യൂറിയയുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതി നിയന്ത്രിക്കാനായാല്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമായേനേ.

ഭൗമശാസ്ത്ര സര്‍വേ അനുസരിച്ച് ഇന്ത്യ പ്രകൃതിവാതകത്തിന്റെ കാര്യത്തില്‍ സമ്പന്നമാണെന്നാണ്. പക്ഷെ അതിന്റെ നിയന്ത്രണം എന്‍ടിപിസിക്കോ ഒഎന്‍ജിസിക്കോ നല്‍കാതെ റിലയന്‍സിനു നല്‍കിയിരിക്കുകയാണ്. സിഎജിപോലും റിലയന്‍സിനു നല്‍കുന്ന അന്യായമായ സൗജന്യങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അവഗണിക്കുകയാണ്. എച്ച്എംടി, എച്ച്ഒസി, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധി നേരിടുകയാണ്. ഗവണ്‍മെന്റിന്റെ തെറ്റായ നയമാണ് ഇതിന് കാരണം. ഇതിനെതിരെ രാജ്യമെമ്പാടുമുള്ള ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. പോരാടുന്ന കാര്യത്തില്‍ തൊഴിലാളികള്‍ക്ക് അഭിപ്രായഭിന്നതയില്ല. കാരണം രാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ് യൂണിയനുകള്‍ നിലകൊള്ളുന്നത്. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ പോരാട്ടവും സ്ഥാപനത്തെ രക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് സംസാരിച്ചു.

deshabhimani

No comments:

Post a Comment