Thursday, March 20, 2014

സ്മാര്‍ട്ട് കാര്‍ഡിനായി ജനം നെട്ടോട്ടത്തില്‍

കലശലായ തലവേദനയും നിവര്‍ന്നുനില്‍ക്കാന്‍ കഴിയാത്ത ശാരീരിക അസ്വസ്ഥതയും കടച്ചമര്‍ത്തി അറുപത്തിനാലുകാരിയായ മിത്രാനികേതന്‍ പുതുമംഗലം കണ്ണീര്‍വിളാകം ശ്രീഭദ്രയില്‍ ദേവകി സ്കൂള്‍ വരാന്തയില്‍ മണിക്കൂറുകള്‍ കാത്തുനിന്നു. സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനാണ് വെള്ളനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ എത്തിയത്. സ്കൂളില്‍ കാര്‍ഡ് പുതുക്കിനല്‍കുമെന്ന് ആരോ പറഞ്ഞറിഞ്ഞു. എങ്ങനെയെങ്കിലും കാര്‍ഡ് പുതിക്കിയേ മതിയാകൂ. ഹൃദ്രോഗവും മറ്റു ശാരീരിക അവശതകളുമുണ്ട്. ഇതിനെല്ലാം നിരന്തരചികിത്സയ്ക്ക് സമഗ്രാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആശ്വാസം. എത്ര നീണ്ടാലും കാത്തിരിപ്പ് തുടരാനേ നിവൃത്തിയുള്ളൂവെന്ന് ദേവകി പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷവും അക്ഷയകേന്ദ്രം പ്രവര്‍ത്തകര്‍ കൃത്യമായി ദേവകിക്ക് കാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് പദ്ധതി തകിടംമറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇങ്ങനെ ലക്ഷക്കണക്കിന് അശരണര്‍ സംസ്ഥാനത്താകെ കഷ്ടപ്പെടുന്നു.

പദ്ധതി നടത്തിപ്പുകാരായ കോമ്പ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്)യുടെ എക്സിക്യൂട്ടീവ് ഡയറക്ടറുടെ കണക്കില്‍ 35.51 ലക്ഷം കുടുംബം പദ്ധതിയില്‍ അംഗമാണ്. 29.68 കുടുംബത്തിന് നിലവില്‍ അംഗത്വമുണ്ടെന്നും 5.5 ലക്ഷം പുതുതായി ചേര്‍ന്നെന്നും ചിയാക് അവകാശപ്പെടുന്നു. ഭൂരിപക്ഷത്തിനും കാര്‍ഡ് ലഭിച്ചിട്ടില്ല. എന്ന് ലഭിക്കുമെന്ന് ഉറപ്പുമില്ല. കാര്‍ഡ് ലഭിക്കാത്തവരെല്ലാം പദ്ധതിയില്‍നിന്ന് പുറത്താകും. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സര്‍ക്കാരുമായുള്ള കള്ളക്കളിയാണ് ദുരിതത്തിനു കാരണം. അംഗത്വം പുതുക്കലില്‍നിന്ന് അക്ഷയകേന്ദ്രങ്ങളെയും കുടുംബശ്രീയെയും ഒഴിവാക്കിയതോടെ പദ്ധതി അവതാളത്തിലായി. ഈ ജോലിക്ക് റിലയന്‍സ് മെഡികെയര്‍, ഫിനോ, മെഡ്സേവ്, സ്മാര്‍ട്ട് ഐടി എന്നീ സ്ഥാപനങ്ങള്‍ക്ക് ഉപകരാര്‍ നല്‍കി. ഈ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് പദ്ധതിയെ കുറിച്ചോ, ഉദ്ദേശ്യലക്ഷ്യങ്ങളോ കുറിച്ചോ അറിയില്ല.

മൂവായിരത്തോളം അക്ഷയകേന്ദ്രങ്ങളും കുടുംബശ്രീയും പദ്ധതി ജനകീയമാക്കിയിരുന്നു. ബോധവല്‍ക്കരണത്തിലൂടെ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനും കഴിഞ്ഞു. അംഗത്വം 36 ലക്ഷംവരെയായി. ഈ പങ്കാളിത്തമാണ് ഇല്ലാതാക്കുന്നത്. എന്നാല്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ കാര്‍ഡ് വിതരണം നടക്കുന്നെന്ന് ചിയാക് അവകാശപ്പെടുന്നു. ഇവയുടെ പരിധിയിലെ പൊതുസ്ഥലങ്ങളിലെ ചില കേന്ദ്രങ്ങളില്‍ ഒന്നോ രണ്ടോ ദിവസത്തെ ക്യാമ്പാണ് നടത്തുന്നത്. പലര്‍ക്കും കാര്‍ഡ് ലഭിക്കുന്നുമില്ല. ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങുന്ന പദ്ധതിയില്‍ അംഗങ്ങളുടെ കാര്‍ഡ് വിതരണം ജൂണിലും പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയില്ല. കുറഞ്ഞത് മൂന്നുമാസമെങ്കിലും ചികിത്സാസഹായം നിഷേധിക്കപ്പെടും.

ജി രാജേഷ്കുമാര്‍ deshabhimani

No comments:

Post a Comment