Monday, April 7, 2014

ഭക്ഷ്യസുരക്ഷാ നിയമം: 2.25 കോടി പേര്‍ക്ക് റേഷനരി കിട്ടില്ല

ഭക്ഷ്യസുരക്ഷാനിയമം അടിസ്ഥാനമാക്കി ജൂലൈ ഒന്നിന് പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്തെ 2.25 കോടിയോളം ജനങ്ങള്‍ക്ക് റേഷനരി കിട്ടില്ല. ഇതനുസരിച്ച് റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നതിനാല്‍ അതീവ രഹസ്യമായാണ് പ്രവര്‍ത്തനങ്ങള്‍. കുടുംബവാര്‍ഷികവരുമാനമനുസരിച്ച് അര്‍ഹതയുള്ളവരെ നിശ്ചയിക്കുന്നതിനാലാണ് സംസ്ഥാനത്തെ 60 ശതമാനത്തിലേറെ ആളുകളും പുറത്താകുന്നത്.

80.92 ലക്ഷമാണ് സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകളുടെ എണ്ണം. ഇതില്‍ 60 ലക്ഷം എപിഎല്ലും 14.6 ലക്ഷം ബിപിഎല്‍ കാര്‍ഡുകളുമാണ്്. കൂടാതെ 5.95 ലക്ഷം അന്ത്യോദയ-അന്നപൂര്‍ണ്ണയോജന (എഎവൈ) കാര്‍ഡുകളുമുണ്ട്. പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുമ്പോള്‍ 2.25 കോടിയോളം പേര്‍ക്ക്് പൂര്‍ണമായും റേഷനാനുകൂല്യങ്ങള്‍ ലഭിക്കാതാവും. പുതിയ റേഷന്‍ കാര്‍ഡ് നിലവില്‍ വരുമ്പോള്‍ ഇപ്പോള്‍ കിട്ടുന്ന പ്രതിമാസവിഹിതം 35 കിലോഗ്രാം അരിയും 10 കിലോഗ്രാം ഗോതമ്പും എന്നത് ആളൊന്നിന് പ്രതിമാസം അഞ്ചുകിലോഗ്രാം ഭക്ഷ്യധാന്യം എന്നനിലയിലേക്ക് ചുരുങ്ങും.

മൂന്ന് അംഗങ്ങളുള്ള വീടിനും 35 കിലോ അരി ലഭിച്ചിരുന്നത് ആളെണ്ണമാകുമ്പോള്‍ 15 കിലോ മാത്രമാകും. അരി കിലോഗ്രാമിന് മൂന്നു രൂപയും ഗോതമ്പ് കിലോഗ്രാമിന് രണ്ട് രൂപയുമാണ് നിലവിലുള്ള റേഷന്‍നിരക്ക്. ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യധാന്യവിഹിതത്തിലും ഇതിനകം കുറവ് വരുത്തിയിട്ടുണ്ട്. 14.39 ലക്ഷം മെട്രിക് ടണ്ണായിരുന്നു 2010-11ല്‍ കേരളത്തിന്റെ ഭക്ഷ്യധാന്യ വിഹിതം. 2011-12ല്‍ 15.86 ലക്ഷം മെട്രിക് ടണ്ണും 2012-13ല്‍ 17.78 ലക്ഷം മെട്രിക് ടണ്ണുമായിരുന്നു. എന്നാല്‍ 2013-14ല്‍ വിഹിതം 14.72 ലക്ഷം മെട്രിക് ടണ്ണായി കുറച്ചു. ഭക്ഷ്യസുരക്ഷാനിയമപ്രകാരം കേരളത്തിന് ഉറപ്പു നല്‍കുന്ന ഭക്ഷ്യധാന്യ വിഹിതം 9.29 ലക്ഷം മെട്രിക് ടണ്‍ മാത്രമായിരിക്കും.

2013 നവംബര്‍ മുതല്‍ എപിഎല്‍ ഗോതമ്പ് വിതരണവും നിര്‍ത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അത് മാര്‍ച്ച് വരെ നീട്ടി. മാര്‍ച്ച് 29ന് ഭക്ഷ്യസിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജില്ലാസപ്ലൈ ഓഫീസര്‍മാരോടും താലൂക്ക് സപ്ലൈഓഫീസര്‍മാരോടും വീഡിയോകോണ്‍ഫറന്‍സിലൂടെയാണ് റേഷന്‍കാര്‍ഡ് പുതുക്കല്‍ ജോലികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തിലാകുന്നതോടെ റേഷന്‍കാര്‍ഡുകളില്‍ എപിഎല്‍/ബിപിഎല്‍ തരംതിരിവ് ഒഴിവാക്കും. പകരം റേഷന്‍ആനുകൂല്യം ലഭിക്കുന്നവരുടെ കാര്‍ഡില്‍ പ്രയോറിറ്റി (മുന്‍ഗണനാവിഭാഗം) എന്ന മുദ്ര പതിക്കും.

മെയ് രണ്ട് മുതല്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷ റേഷന്‍കടകളില്‍ ലഭിക്കും. 20ന് ഇവ പൂരിപ്പിച്ച് തിരികെ നല്‍കണം. മെയ് 31നകം ഇവ കംപ്യൂട്ടറില്‍ ശേഖരിക്കും. ജൂണ്‍ രണ്ട് മുതല്‍ ഒമ്പത് വരെ പരാതികള്‍ നല്‍കാം. 20ന് കാര്‍ഡുകള്‍ അച്ചടിക്ക് നല്‍കും. സപ്ലൈഓഫീസര്‍മാര്‍ക്ക് നല്‍കിയ വര്‍ക്ക്ചാര്‍ട്ടുപ്രകാരം ജൂലൈ ഒന്ന് മുതലാണ് പുതിയ കാര്‍ഡ് പ്രാബല്യത്തിലാകുന്നത്.

സിബി ജോര്‍ജ് deshabhimani

No comments:

Post a Comment