Monday, April 7, 2014

ബിജെപി പത്രികയില്‍ ഹിന്ദുത്വ അജണ്ട: കാരാട്ട്

ലോകസഭയിലേക്കുള്ള പോളിങ് തുടങ്ങിയ ശേഷം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഹിന്ദുത്വ അജണ്ടയാണുള്ളതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട് .

മുന്‍കാലങ്ങളിലെന്നപോലെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പത്രികയിലുണ്ട്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കലടക്കം രാജ്യത്തെ മതേരത്വത്തെ വെല്ലുവിളിക്കുന്നതാണ് പ്രകടനപത്രിക. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന പറയുന്ന ബിജെപി ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ പറഞ്ഞിരുന്നത് "അയോദ്ധ്യക്ക് ശേഷം കാശി" എന്നായിരുന്നു. ഇത്തവണ കാശി ഉള്‍പ്പെടുന്ന വരാണസിയില്‍ നരേന്ദ്രമോഡി മല്‍സരിക്കുന്നതും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായാണ്. ദുര്‍ഭരണം മൂലം ജനം അധികാരത്തില്‍നിന്ന് ഇറക്കിവിടുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പതനമായിരിക്കും സൂചിപ്പിക്കുക. ആ സാഹചര്യത്തില്‍ ബിജെപിയെ തടയാന്‍ മതനിരപേക്ഷ - കോണ്‍ഗ്രസ് ഇതര കൂട്ടുകെട്ടിനെ കോണ്‍ഗ്രസ് പിന്തുണക്കുമോ എന്നാണ് വ്യക്തമാക്കേണ്ടത്.

1996ല്‍ നരസിംഹറാവു സര്‍ക്കാരിന്റെ പതനത്തിന്ശേഷം കോണ്‍ഗ്രസ് സ്വീകരിച്ച നയം അതാണ്. ഈ തെരഞ്ഞെടുപ്പിലും 1996 ആണ് ആവര്‍ത്തിക്കുക. ബിജെപി നേട്ടമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് സ്വധീനമുള്ള സംസ്ഥാനങ്ങളിലാണ്. അതിന്കാരണം കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കാന്‍ കഴിയാത്തതിനാലാണ്. എന്നാല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലും അതല്ല സ്ഥിതി. അവിടെയെല്ലാം പ്രദേശിക കക്ഷികളേക്കാള്‍ വളരെ പിന്നിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഈ സംസ്്ഥാനങ്ങളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാകില്ല. ഈ സാഹചര്യം അനുകൂലമാകുക കോണ്‍ഗ്രസ് ഇതര - മതനിരപേക്ഷ കൂട്ട്കെട്ടിനാകുമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment