Thursday, April 3, 2014

കൂടെ നില്‍ക്കുന്നവരെ കോണ്‍ഗ്രസ് കശാപ്പ് ചെയ്യും: ഗൗരിയമ്മ

മുന്നണിയില്‍ കൂടെ നില്‍ക്കുന്ന കക്ഷികളെ കശാപ്പുചെയ്യുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ് എന്നതാണ് തന്റെ രണ്ട് പതിറ്റാണ്ടു കാലത്തെ അനുഭവപാഠമെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ. ആവശ്യത്തിന് ഉപയോഗപ്പെടുത്തി തരംകിട്ടുമ്പോള്‍ തഴയുകയാണ് കോണ്‍ഗ്രസിന്റെ രീതി. ഘടകകക്ഷി നേതാക്കളെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും കോണ്‍ഗ്രസ് മടികാട്ടിയിട്ടില്ല. തൃശൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ "ദേശാഭിമാനി"യുമായി സംസാരിക്കുകയായിരുന്നു ഗൗരിയമ്മ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ മത്സരിച്ച തന്നെ വയലാര്‍ രവിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി തോല്‍പ്പിച്ചു. സ്വന്തം നേട്ടങ്ങള്‍ക്കും അധികാരത്തിനും വേണ്ടി ഏതറ്റം വരെ പോകാനും മടിയില്ലാത്ത നേതൃത്വമാണ് കോണ്‍ഗ്രസിന്റേത്. ചില ഉപാധികളോടെയാണ് യുഡിഎഫില്‍ ചേര്‍ന്നത്. അതെല്ലാം പിന്നീട് കോണ്‍ഗ്രസ് മറന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്ഥിരമായി മത്സരിക്കുന്ന അരൂര്‍ മണ്ഡലത്തില്‍നിന്ന് മാറ്റി ചേര്‍ത്തലയില്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീടാണ് തോല്‍പ്പിക്കാനാണ് മണ്ഡലം മാറ്റിയതെന്ന് മനസ്സിലായത്. വയലാര്‍ രവിയും വെള്ളാപ്പള്ളിയുമൊക്കെ ചേര്‍ന്ന ഉന്നതസംഘമാണ് തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചത്. ആലപ്പുഴ എംപിയായ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഒരിക്കലും ചേര്‍ത്തലയില്‍ പ്രചാരണത്തിനെത്തിയില്ല. ഇതെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ്. ജെഎസ്എസിനോട് കാട്ടിയതിന്റെ മറ്റൊരു രൂപമാണ് സിഎംപിയോടും കാട്ടിയത്.

നാണംകെട്ട ഭരണമാണ് ഉമ്മന്‍ചാണ്ടി തുടരുന്നത്. ഇത്രയും രൂക്ഷമായ കോടതി പരാമര്‍ശം കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു മുഖ്യമന്ത്രിക്കും കേള്‍ക്കേണ്ടിവന്നിട്ടില്ല. സരിതയും കൂട്ടരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി ഭരിക്കുകയും വന്‍ കുംഭകോണം നടത്തുകയും ചെയ്തിട്ട് ഒന്നര വര്‍ഷം കഴിഞ്ഞാണ് ഉമ്മന്‍ചാണ്ടി അറിഞ്ഞത്. സ്വന്തം ഓഫീസ് ഭരിക്കാന്‍ അറിയാത്ത ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ കേരളം ഭരിക്കാനാവും. കോടതിവിധി വന്നപ്പോള്‍ എല്ലാം ജനവിധിക്കു വിടുന്നു എന്ന വാദം വിചിത്രമാണ്. ഉമ്മന്‍ചാണ്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? അടുത്തുനടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണോ ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങും. ഇടതുപക്ഷ-പുരോഗമന ശക്തികളുടെ ഐക്യം രാജ്യത്ത് ശക്തമായി വളര്‍ത്തിയെടുക്കണം. ജനകീയ സമരങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടത്.

1948ല്‍ ഒരൊറ്റ സീറ്റും കിട്ടാതിരുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് 57ല്‍ ഭരണത്തിലെത്താന്‍ കഴിഞ്ഞത് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനായതുകൊണ്ടാണ്. ജെഎസ്എസ് എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. ഈ ആവശ്യം എല്‍ഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടും. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ നിലപാടാണ് ജെഎസ്എസിന്റേത്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇടതുപക്ഷ-ജനാധിപത്യ പാര്‍ടികള്‍ ചെയ്തു കൂടാ. കോണ്‍ഗ്രസ് വര്‍ഗീയതയോട് സന്ധിചെയ്തതിന്റെ ഫലം ഇന്നനുഭവിക്കുകയാണ്. പുരോഗമനപരമായിരുന്ന കേരളീയ സമൂഹം കൂടുതല്‍ ജാതീയവും സാമുദായികവുമാവുകയാണ്. പണ്ടൊക്ക നിങ്ങള്‍ ആരാണ് എന്നു ചോദിച്ചാല്‍ ചെയ്യുന്ന ജോലി എന്താണെന്നാണ് അര്‍ഥം. ഇന്ന് നിങ്ങള്‍ ആരാ എന്നു ചോദിച്ചാല്‍ ഏതുജാതി എന്നാണ് ഉദ്ദേശിക്കുന്നത്. ഈ അവസ്ഥ സൃഷ്ടിച്ചതിന് കോണ്‍ഗ്രസിന്റെ പങ്ക് ചെറുതല്ലെന്നും ഗൗരിയമ്മ പറഞ്ഞു.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment