Thursday, April 3, 2014

സ്പോട്ട് എക്സ്ചേഞ്ച് വഴി വമ്പന്മാര്‍ തട്ടിയത് 5600 കോടി

കൊച്ചി: കേന്ദ്രമന്ത്രി കെ വി തോമസിന്റെ വകുപ്പായിരുന്ന ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴില്‍ രൂപീകരിച്ച നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ചി(എന്‍എസ്ഇഎല്‍)ലൂടെ വമ്പന്‍മാര്‍ക്ക് കൊള്ളയടിച്ചത് 5600 കോടിയോളം രൂപ. ഉല്‍പ്പന്നങ്ങളുടെ രൊക്കം വില്‍പ്പനയ്ക്കു പകരം അവധിവ്യാപാരത്തിനും ഊഹക്കച്ചവടത്തിനും അവസരമൊരുക്കിയതാണ് കര്‍ഷകരുടെയും നിക്ഷേപകരുടെയും പണം ആവിയായിപ്പോകാന്‍ കാരണം. സ്പോട്ട് എക്സ്ചേഞ്ച്തന്നെ അടച്ചുപൂട്ടിയതോടെ നഷ്ടപ്പെട്ട പണത്തിനായി പലരും കോടതികയറേണ്ട സ്ഥിതിയുമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ടു വില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപഭോക്തൃകാര്യ മന്ത്രാലയത്തിനു കീഴില്‍ എന്‍എസ്ഇഎല്‍ രൂപീകരിച്ചത്.

"അപകടരഹിതവും തടസ്സരഹിതവുമായി രാജ്യത്തുടനീളമുള്ള ചരക്കുകള്‍ വാങ്ങാനും വില്‍ക്കാനുമുള്ള അത്യാധുനിക സാങ്കേതികത കൈവരിച്ച സംഘടിതവും നിയതവുമായ വിതരണമാര്‍ക്കറ്റ് എന്നാണ് എന്‍എസ്ഇഎല്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍, ഇവിടെയും ഊഹക്കച്ചവടം അടിച്ചേല്‍പ്പിച്ചത് തട്ടിപ്പിന് കളമൊരുക്കി. കുരുമുളക്, നെല്ല്, കൊപ്ര, ഏലം, അടയ്ക്ക, പഞ്ചസാര, പരുത്തി, സോയാബീന്‍, ഇരുമ്പ്, ഉരുക്ക്, നാകം, ചെമ്പ് തുടങ്ങിയ 52 ഇനം ഉല്‍പ്പന്നങ്ങളുടെ ഇടപാടു നടന്നിരുന്ന ഇവിടെ തുടക്കത്തില്‍ രൊക്കം പണത്തിന്റെ കച്ചവടമായിരുന്നു. വൈകാതെ സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ അവധിവ്യാപാരം ഏര്‍പ്പെടുത്തി. അവധിവ്യാപാരത്തെ നിയന്ത്രിക്കുന്ന ഫോര്‍വേഡ് മാര്‍ക്കറ്റ് കമീഷന് (എഫ്എംസി) സ്പോട്ട് എക്സ്ചേഞ്ചില്‍ ഇടപെടാന്‍ അധികാരമില്ലാതിരുന്നത് തട്ടിപ്പുകാര്‍ക്ക് സൗകര്യമായി. നിയന്ത്രണം ഇല്ലാതായതോടെ ചരക്കില്ലാതെയും ഊഹക്കച്ചവടം പൊടിപൊടിക്കുന്ന സ്ഥിതിയിലായി.

2012 വരെ ഇതായിരുന്നു അവസ്ഥ. തുടര്‍ന്ന് എക്സ്ചേഞ്ച് എഫ്എംസി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കണമെന്ന് മറ്റൊരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഇതിനകം പലരുടേതായി 5600 കോടി രൂപ എക്സ്ചേഞ്ചില്‍ കുടുങ്ങിയിരുന്നു. ഒടുവില്‍ 2013 ജുലൈയില്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എക്സ്ചേഞ്ചില്‍ പുതിയ ഒരു കരാറും ഉണ്ടാക്കരുതെന്നും മന്ത്രാലയം ഉത്തരവിറക്കി. ഒട്ടേറെപ്പേരുടെ പണം നഷ്ടപ്പെടാന്‍ ഇടയാക്കിയ ശേഷം സൂത്രത്തില്‍ സര്‍ക്കാര്‍ കൈകഴുകുകയായിരുന്നു ഇതിലൂടെ. കര്‍ഷകര്‍ പ്രതീക്ഷയര്‍പ്പിച്ച സ്പോട്ട് എക്സ്ചേഞ്ച് ഇല്ലാതാക്കിയതോടൊപ്പം അനേകരുടെ അധ്വാനഫലം വമ്പന്‍മാര്‍ക്ക് ചൂഷണംചെയ്യാനുള്ള അവസരമാണ്കേന്ദ്രമന്ത്രിയുടെയും ഭരണത്തിന്റെയും തണലില്‍ ഒരുങ്ങിയത്.

നിയന്ത്രണമില്ലാത്ത അവധിവ്യാപാരം ചൂതാട്ടത്തിനു തുല്യമായ തട്ടിപ്പില്‍ അവസാനിക്കുമെന്നതിന് മുന്‍ അനുഭവങ്ങളുണ്ട്. അതിനാലാണ് എഫ്എംസിപോലുള്ള നിയന്ത്രണസംവിധാനങ്ങള്‍ രൂപീകരിച്ചത്. എന്നാല്‍, അതിനെയും നോക്കുകുത്തിയാക്കികര്‍ഷകരെയുംനിക്ഷേപകരെയും കൊള്ളയടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കി. എക്സ്ചേഞ്ചില്‍ പണംകൊടുക്കാന്‍ ബാക്കിയുള്ള 21 ഇടപാടുകാരില്‍രണ്ടാമത്തെയാള്‍ എക്സ്ചേഞ്ച് ചെയര്‍മാന്‍ ശങ്കര്‍ലാലിന്റെ ബന്ധു നിലേഷ് പട്ടേലാണ്. അദ്ദേഹം നല്‍കാനുള്ളതാകട്ടെ 929.9 കോടി രൂപയും. നിര്‍ധനരുടെയും ഇടത്തരക്കാരുടെയുമൊക്കെ വന്‍ തുക വമ്പന്മാരിലേക്ക് ഒഴുക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രി കെ വി തോമസിന് ഒഴിയാനാവില്ല.

ഷഫീഖ് അമരാവതി deshabhimani

No comments:

Post a Comment