Thursday, April 3, 2014

യുഡിഎഫ് വന്നപ്പോഴൊക്കെ യാക്കോബായ സഭയെ പീഡിപ്പിച്ചു: മാര്‍ അന്തീമോസ്

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോഴൊക്കെ യാക്കോബായ സഭയെ പീഡിപ്പിച്ച ചരിത്രമാണുള്ളതെന്ന് യാക്കോബായ സഭ അങ്കമാലി ഭദ്രാസനത്തിന്റെ മൂവാറ്റുപുഴ മേഖലാ അധിപന്‍ മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്താ പറഞ്ഞു. ശ്രേഷ്ഠ കാതോലിക്കാ ബാവയെ "വഴിയിലിരിക്കുന്ന ബാവ"യെന്ന് വിളിച്ച് പരിഹസിച്ചവരെ പെരുവഴിയിലാക്കുന്ന മാജിക്കിന് സഭ തയ്യാറായിക്കഴിഞ്ഞുവെന്ന് സഭയുടെ മുഖപത്രമായ "വിശ്വാസസംരക്ഷക"നില്‍ മാര്‍ച്ച് 20ന്റെ ലക്കത്തില്‍ "സമകാലികം" എന്ന പംക്തിയില്‍ അദ്ദേഹം വ്യക്തമാക്കി. യാക്കോബായ സഭയുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ എപ്പോഴും കൈത്താങ്ങ് നല്‍കുന്നത് എല്‍ഡിഎഫാണെന്ന് സഭാമക്കള്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമോ?

ആലുവ തൃക്കുന്നത്ത് അത്താനാസിയോസ് തിരുമേനിയുടെ കബറിടത്തില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് പ്രാര്‍ഥിക്കുന്നതിന് അവസരം കൊടുത്തത് വി എസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു. ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതിന് പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എസ് ശര്‍മ എന്നിവരും സഹായിച്ചു. ആലുവായില്‍ പെരുന്നാളിന് എല്‍ ഡിഎഫ് സര്‍ക്കാര്‍ ക്രമീകരണം ചെയ്തു തന്നത് യാക്കോബായ സഭ വിസ്മരിച്ചാല്‍ അത് വലിയ നന്ദികേടാകും. ശ്രേഷ്ഠബാവായെ അറസ്റ്റ് ചെയ്തുവെന്ന് കേട്ട് ആദ്യം ഓടിയെത്തിയത് എല്‍ ഡിഎഫ് നേതാക്കളായിരുന്നു. ആ മര്യാദ പോലും യുഡിഎഫ് നേതൃത്വത്തില്‍നിന്ന് ഉണ്ടായില്ല. 1977ല്‍ തോമസ് മാര്‍ ദീവന്ന്യാസ്യോസ് മെത്രാപ്പോലീത്തയെ ( ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്കാ ബാവാ) കൈയാമം വെച്ച് പൊലീസ് സ്റ്റേഷനില്‍ മൃഗീയവും നിഷ്ഠുരവുമായി പീഡിപ്പിച്ചത് അന്നത്തെ യുഡിഎഫ് സര്‍ക്കാരായിരുന്നു. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന 2005ല്‍ ആയിരുന്നു പുരോഹിതരെ പൊലീസ് ക്യമ്പില്‍ കൊണ്ടുപോയി കുര്‍ബ്ബാന ചൊല്ലിച്ച കാടത്തമുണ്ടായത്.

2010 ല്‍ വീണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തിയേടത്തുനിന്ന് തുടങ്ങി. പഴന്തോട്ടം പള്ളിയില്‍ മൂന്നു പ്രാവശ്യം ലാത്തിച്ചാര്‍ജ് നടത്തി. ഏലിയാസ് മാര്‍ അത്താനാസിയോസിനെയും സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനെയും തെരഞ്ഞു പിടിച്ചായിരുന്നു ലാത്തിച്ചാര്‍ജ്. ഒരു സ്ത്രീയുടെ രണ്ടു കാലുകളും തല്ലിയൊടിച്ചു. കുറിഞ്ഞിപ്പള്ളിയില്‍ ശ്രേഷ്ഠബാവായുടെ കണ്ണട തല്ലിയൊടിച്ചാണ് പൊലീസ് മുന്നേറിയത്. അത് മന:പൂര്‍വമായിരുന്നു. ആലുവയില്‍ ശ്രേഷ്ഠബാവായെ ഇല്ലാത്ത കോടതിവിധിയുടെ പേരില്‍ പരിശോധിച്ചുവെന്നു മാത്രമല്ല, ബാവായെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന്റെ പേരില്‍ കാലിന്റെ തള്ളവിരല്‍ നോക്കി ചവിട്ടി. പിറവം മണ്ഡലത്തില്‍ വോട്ടുകിട്ടി ജയിച്ചപ്പോള്‍ മലക്കം മറിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതിനുള്ള വില കൊടുക്കുവാന്‍ പോകുന്നതേയുള്ളൂ. യാക്കോബായക്കാര്‍ക്ക് നട്ടെല്ലുണ്ടോയെന്നു തപ്പിനോക്കാന്‍ ഇനി കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കരുത്. അത് ദൂരവ്യാപകമായ വിപത്തുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment