Thursday, April 10, 2014

ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും'

""ബല്ലിഭാര പാര്‍ടി ഓഫീസിന്റെ വാതില്‍ തുറക്കുകയാണ്. അടിച്ചമര്‍ത്തിയും ബലം പ്രയോഗിച്ചും നമ്മളെ ഇല്ലാതാക്കിക്കളയാം എന്ന് കരുതുന്നവര്‍ക്കുള്ള സന്ദേശമാണിത്. നമ്മള്‍ ഇവിടെയുണ്ട്. ഇവിടെത്തന്നെ ഉണ്ടാകും. വീഴില്ല, ഭയപ്പെടുകയുമില്ല. ബാരക്ക്പൂരിന് നമ്മള്‍ കരുത്ത് പകരും; വര്‍ധിത വീര്യത്തോടെയും നെഞ്ചുറപ്പോടെയും". ഏപ്രില്‍ ആറിന് സുഭാഷിണി അലി ഫേസ്ബുക്കില്‍ കുറിച്ചു.

തൃണമൂല്‍ അക്രമികള്‍ തകര്‍ത്ത് കവര്‍ച്ച ചെയ്ത ജേത്തിയ പഞ്ചായത്തിലെ ബല്ലിഭാര പാര്‍ടി ഓഫീസിനെപ്പറ്റിയാണ് ഈ പോസ്റ്റ്. പാര്‍ടി ആഫീസ് തുറക്കുന്ന ചിത്രവും മുന്നില്‍ ചെങ്കൊടി ഉയര്‍ത്തുന്ന ചിത്രവും ചേര്‍ത്താണ് ബാരക്ക്പൂരിലെ സിപിഐ എം സ്ഥാനാര്‍ഥിയായ സുഭാഷിണിയുടെ ഈ ഫേസ്ബുക്ക് കുറിപ്പ്. ഭരണസഹായത്തോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം അതിജീവിച്ചാണ് ഇവിടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

തീവ്രമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും അന്നന്ന് നടക്കുന്ന സംഭവങ്ങള്‍ ഫേസ്ബുക്കില്‍ ചേര്‍ത്ത് പ്രചാരണത്തിന് പുതുവഴികള്‍ തേടുകയാണ് സുഭാഷിണി. സ്ഥാനാര്‍ഥിത്വം വ്യാപകമായ ജനബന്ധമുണ്ടാക്കാനും അടിച്ചമര്‍ത്തലിനെ അതിജീവിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം നല്‍കാനും പ്രയോജനപ്പെടുത്തുകയാണ് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗമായ അവര്‍. പ്രചാരണരംഗത്തുനിന്നുള്ള ഒട്ടേറെ ചിത്രങ്ങളും അന്നന്ന് ഫേസ്ബുക്കില്‍ ചേര്‍ക്കുന്നു. വോട്ടര്‍മാരുമായി ഫേസ്ബുക്കിലൂടെ നേരിട്ട് സംവദിക്കാനും അവര്‍ സമയം കണ്ടെത്തുന്നു.അന്നന്ന് ഉയരുന്ന രാഷ്ട്രീയ പ്രശ്നങ്ങളോടും പ്രതികരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെത്തന്നെ വെല്ലുവിളിച്ച് തെരഞ്ഞെടുപ്പ് അഴിമതിക്ക് മുതിരുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന പോസറ്റും ഫേസ്ബുക്കിലുണ്ട്.

" ഇന്ന് ഞാന്‍ ശ്യാംനഗര്‍ തെരുവില്‍ അയല്‍ക്കാരുമായി ചെലവഴിക്കാന്‍ അല്‍പ്പസമയം കണ്ടെത്തി. കുടുംബം പോറ്റാനായി പപ്പടമുണ്ടാക്കുന്നവരാണിവര്‍. അവര്‍ക്കൊപ്പം സംസാരിച്ചിരുന്നു. കുറഞ്ഞ കൂലിക്ക് നടുവൊടിക്കുന്ന ജോലി ചെയ്യുന്ന ഈ സ്ത്രീകളുടെ കരുത്തും ദൃഢനിശ്ചയവും അതിശയിപ്പിക്കുന്നു. തളര്‍ച്ച അറിയാതെ അവര്‍ ഓരോദിവസവും ജോലി ചെയ്യുന്നു; കുടുംബം പുലര്‍ത്താന്‍-ഏപ്രില്‍ നാലിന് സുഭാഷിണി കുറിയ്ക്കുന്നു.

ഒരു വനിതാ മൂഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ പൊറുക്കാനാകുന്നതല്ലെന്ന് സുഭാഷിണി അലി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുന്നില്ല. ഇരകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം ക്ഷണിച്ചു വരുത്തുന്നതാണെന്നു പറയുന്ന ഇവരെ സഹിക്കാന്‍ ജനത്തിന് ആവില്ലെന്നും സുഭാഷിണി അലി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ച ബാരക്ക്പൂരില്‍ മുന്‍ റയില്‍വെ മന്ത്രി ദിനേശ് ത്രിവേദിയാണ് അവരുടെ സ്ഥാനാര്‍ത്ഥി. മെയ് 12 നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ഒന്നാം സ്വാതന്ത്യസമരമായി മാറിയ 1857ലെ ശിപ്പായി കലാപത്തിനു തുടക്കമായ ബാരക്ക്പൂരിന്റെ വിപ്ലവപാരമ്പര്യം ഉണര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന് സുഭാഷിണി അലി പ്രത്യാശ പ്രകടിപ്പിക്കുന്നു.

deshabhimani

No comments:

Post a Comment