Thursday, April 3, 2014

ആന്റണിയുടെ ഉപദേശം കേട്ട് കേരളീയര്‍ മടുത്തു: വി എസ്

തൃശൂര്‍: കേരളത്തിന്റെ പ്രശ്നങ്ങളിലും ആവശ്യങ്ങളിലും ചെറുവിരലനക്കാത്ത കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി തെരഞ്ഞെടുപ്പുകാലത്ത് വന്ന് നടത്തുന്ന ഉപദേശങ്ങള്‍ കേട്ട് ജനം മടുത്തെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കേരളീയരെ വഞ്ചിക്കുന്ന ആന്റണിയുടെ സ്ഥിരം അടവ് ഇനി വിലപ്പോവില്ല. തൃശൂര്‍ ലോക്സഭാ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എന്‍ ജയദേവന്റെ പ്രചാരണാര്‍ഥം തൃശൂര്‍ തെക്കേഗോപുര നടയില്‍ ചേര്‍ന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ കെ ആന്റണി ചോദിക്കുന്നത് കേരളീയരുടെ ഏത് ആവശ്യത്തിലാണ് ഞാന്‍ ഇടപെടാഞ്ഞതെന്ന്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒരു ഉല്‍ക്കണ്ഠയും വേണ്ടെന്നാണ് ആന്റണി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ നവംബര്‍ 13ന്റെ വിജ്ഞാപനം റദ്ദാക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പുകൊടുക്കാന്‍ ആന്റണി തയ്യാറുണ്ടോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കിയാല്‍ മലയോര കര്‍ഷകര്‍ വഴിയാധാരമാവുമെന്ന കാര്യം ആന്റണി ഓര്‍ക്കുന്നുണ്ടോ. കേരളത്തിന്റെ വികസന കാര്യത്തിലും കേന്ദ്രമന്ത്രി എന്ന നിലയില്‍ എന്തു സംഭാവനയാണ് ആന്റണിയുടേത്. വിഴിഞ്ഞം തുറമുഖം വകസനത്തിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപടിയായതാണ്. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. ആന്റണി ഇടപെട്ടില്ല. പാലക്കാടിന് അനുവദിച്ച കോച്ച് ഫാക്ടറി റായ്ബറേലിക്ക് പോയി. അപ്പോഴും ആന്റണി ഒന്നും ചെയ്തില്ല. അതൊക്കെ മറന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു പടിക്കാന്‍ തെക്കുവടക്ക് നടന്ന് ഉപദേശിക്കുന്നത്. ആന്റണിയുടെ ഈ വേലയിലൊന്നും വോട്ടര്‍മാര്‍ വീഴില്ല.

ആന്റണി പ്രതിരോധമന്ത്രിയായപ്പോഴാണല്ലോ ആ വകുപ്പില്‍ ഏറ്റവും വലിയ അഴിമതികള്‍ നടന്നത്. പ്രതിരോധവകുപ്പിന്റെ അന്തസുതന്നെ കെടുത്തി. ആന്റണിയുടെ മുങ്ങിക്കപ്പല്‍ കടലില്‍ മുങ്ങിയാല്‍ പൊന്തില്ല. യുദ്ധവിമാനങ്ങള്‍ ചിറകൊടിഞ്ഞ് താഴെ വീഴും. അപകടങ്ങളില്‍ സൈനികര്‍ നിരവധി മരിച്ചു. അതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സേനാമേധാവി രാജിക്കത്ത് നല്‍കിയപ്പോള്‍ ആന്റണി അത് ഉളുപ്പില്ലാതെ സ്വീകരിച്ചു. പണ്ട് റെയില്‍വേ ദുരന്തമുണ്ടായപ്പോള്‍ റെയില്‍വേ മേധാവി രാജിക്കൊരുങ്ങിയപ്പോള്‍ മന്ത്രിയായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി സമ്മതിച്ചില്ല. ശാസ്ത്രിതന്നെ രാജിവച്ചു. ഇന്നത്തെ പ്രതിരോധ വകുപ്പിന്റെ സ്ഥിതി കണക്കിലെടുത്ത് ലജ്ജയുടെ ഒരംശം ഉണ്ടെങ്കില്‍ ആന്റണി ആ സ്ഥാനത്തിരിക്കില്ലെന്നും വി എസ് പറഞ്ഞു.

No comments:

Post a Comment