Monday, April 7, 2014

ഫയാസ് ആഭ്യന്തരമന്ത്രിയുടെ സ്വന്തം പയ്യന്‍

രാജ്യാന്തര സ്വര്‍ണകള്ളക്കടത്തുകാരന്‍ ഫയാസും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായുള്ള ഗാഢബന്ധം തെളിയിക്കുന്ന ഫോട്ടോ പുറത്ത്. ചെന്നിത്തലയും കെപിസിസി വക്താവ് എം എം ഹസ്സനുമൊത്ത് ഫയാസ് നില്‍ക്കുന്ന ചിത്രം കൈരളി പീപ്പിള്‍ ചാനല്‍ തിങ്കളാഴ്ച പുറത്തുവിട്ടു. ഇവര്‍ക്കൊപ്പം പ്രവാസി മലയാളിയുമുണ്ട്.

പത്തുവര്‍ഷത്തോളം നീളുന്ന ബന്ധമാണ് ചെന്നിത്തലയ്ക്ക് ഫയാസുമായുള്ളത്. മുഖ്യമന്ത്രിയും ഫയാസുമായുള്ള ബന്ധത്തെക്കുറിച്ച് നേരത്തേ തന്നെ ആരോപണമുയര്‍ന്നതാണ്. ഇതിന് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി കാറില്‍ പോകുമ്പോള്‍ വടകരയ്ക്കും തലശേരിക്കുമിടയില്‍ ദേശീയപാതയില്‍ കാത്തുനിന്ന ഫയാസ് കാറില്‍ കയറുകയും ഒരു മണിക്കൂറോളം കാറിലിരുന്ന് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച ആരോപണമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിച്ചു. ഗള്‍ഫില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തിയപ്പോള്‍ ഫയാസിന്റെ ആതിഥ്യം സ്വീകരിച്ചിരുന്നെന്ന ആരോപണത്തിനും മറുപടി ഉണ്ടായില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫയാസിന് പരിചയപ്പെടുത്തിയതും ചെന്നിത്തലയാണെന്ന് കൈരളി ടിവിയുടെ ഗള്‍ഫ് ലേഖകന്‍ ഇ എം അഷ്റഫ് പറഞ്ഞു. ഫയാസുമൊത്ത് ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത ഗള്‍ഫ് മലയാളി അബ്ദുള്ള, ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടും ഫയാസിനുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞിരുന്നു. സെയില്‍സ്മാനായി ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് ചെന്നിത്തലയെ ഫയാസ് കൂട്ടികൊണ്ടു വരുമായിരുന്നെന്നും അബ്ദുള്ള പറഞ്ഞിരുന്നു.

കോഴിക്കോട് ജയിലിലേതെന്നുപറഞ്ഞ് പ്രചരിപ്പിച്ച ഒരു അവ്യക്തമായ വീഡിയോയുടെപേരില്‍ സിപിഐ എം നേതാക്കളെ ഫയാസുമായി ബന്ധപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കളും ചില മാധ്യമങ്ങളും ശക്തമായ ശ്രമം നടത്തിയിരുന്നു. അത് പാളിപ്പോയെന്നുമാത്രമല്ല, സുവ്യക്തമായ ചിത്രത്തിലൂടെ ഫയാസും കോണ്‍ഗ്രസിലെ ഉന്നതനേതാക്കളുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയുമാണിപ്പോള്‍.

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗവും ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേസില്‍ കുടുക്കി ജയിലിലിടുകയും ചെയ്ത പി മോഹനനെ ജയിലിലെത്തി ഫയാസ് സന്ദര്‍ശിച്ചെന്നാണ് അവ്യക്തമായ ദൃശ്യങ്ങള്‍ കാട്ടി ചില മാധ്യമങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഇല്ലാത്ത ബന്ധമുണ്ടാക്കാനുള്ള വൃഥാശ്രമമാണ് നടത്തിയത്. ദൃശ്യത്തില്‍ കാണുന്നത് കൃത്യമായി ആരാണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ഈ മാധ്യമങ്ങള്‍ക്കോ ഇതേപ്പറ്റി പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പറയാന്‍ കഴിഞ്ഞില്ല.

കേരളത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്ന ആളാണ് ഫയാസ്. അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ നടത്തിയ ഫയാസിന്റെ ബന്ധങ്ങള്‍ അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല ഏതാനും ദിവസം മുമ്പ് അവകാശപ്പെട്ടിരുന്നു. പുതിയ തെളിവ് പുറത്തുവന്ന സാഹചര്യത്തില്‍ ഫയാസ് ജയില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെന്നിത്തലയും ഫയാസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണം. ചെന്നിത്തല ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

വി ജയിന്‍ ദേശാഭിമാനി

No comments:

Post a Comment