Tuesday, April 8, 2014

ശശി തരൂര്‍ വോട്ടിനായി പണം നല്‍കാന്‍ ശ്രമിച്ചത് പുറത്തായി

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ മതപ്രചാരകരെ പണംകൊടുത്ത് വശത്താക്കി വോട്ടുപിടിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വഴുതക്കാട്ടെ തരൂരിന്റെ വസതിയില്‍ ശനിയാഴ്ച രാത്രിയില്‍ വിളിച്ചുചേര്‍ത്ത രഹസ്യയോഗത്തിന്റെ ദൃശ്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത്. കെ മുരളീധരന്‍ എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പങ്കെടുത്തവര്‍ക്ക് അത്താഴവിരുന്നും നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയ തരൂരിനെ അയോഗ്യനാക്കി ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.

സുനന്ദ പുഷ്കറിന്റെ ദുരൂഹമരണത്തെക്കുറിച്ചുള്ള സംശയം മാറ്റാന്‍ ശ്രമിക്കണമെന്നും ക്രിസ്ത്യാനികള്‍ ഒറ്റക്കെട്ടായി തനിക്ക് വോട്ട് ചെയ്യണമെന്നുമായിരുന്നു തരൂരിന്റെ ആവശ്യം. കേന്ദ്രമന്ത്രിയുടെ യോഗം എന്ന പേരിലാണ് യുഡിഎഫ് നേതാക്കള്‍ മതപ്രചാരകരെ തരൂരിന്റെ വസതിയില്‍ എത്തിച്ചത്. ഇതിന് മുന്‍കൈ എടുത്ത ഒരു പാസ്റ്റര്‍, ഞങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചെന്നും ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിനേ വോട്ടുചെയ്യാവൂവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ആമുഖമായി വിശദീകരിച്ചു.

ഭാര്യയുടെ മരണവുമായി ഉണ്ടായ വിവാദങ്ങള്‍ വെറുതെയാണെന്നും തനിക്കെതിരെ ഒരു പരാതിയുമില്ലെന്നും താന്‍ നിരപരാധിയാണെന്നും പാസ്റ്റര്‍മാര്‍ ജനങ്ങളോട് പറയണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. തനിക്കെതിരെ എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസ് ഒന്നും അന്വേഷിച്ചിട്ടില്ല. കുറ്റകൃത്യം നടന്നതായി സംശയവുമില്ല. മരണകാരണത്തെക്കുറിച്ച് ഫോറന്‍സിക് ലാബുകാരും ഡോക്ടര്‍മാരും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നം. ഇതില്‍ ഒരു സത്യവുമില്ലെന്ന് നിങ്ങളുടെ ആള്‍ക്കാരോട് പറയണം. താന്‍ മര്യാദയുള്ള മനുഷ്യനാണെന്നു കൂടി പറയണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

കടുത്ത മത്സരം നേരിടുകയാണെന്ന് പറഞ്ഞ തരൂര്‍ പരാജയഭീതിയും പ്രകടിപ്പിച്ചു. തരൂരിന്റെ വാക്കുകളിങ്ങനെ: ""ഞങ്ങളുടെ കാല്‍ക്കുലേഷനില്‍ ഭയങ്കര ടൈറ്റാണ്. ശരിക്കുപറയുകയാണെങ്കില്‍ ഞാന്‍ കയറിയ നിയോജകമണ്ഡലം വട്ടിയൂര്‍ക്കാവും തിരുവനന്തപുരവും മാത്രമാണ്. പാറശാലയിലും നെയ്യാറ്റിന്‍കരയിലും അവരാണ് (എല്‍ഡിഎഫ്) കൂടുതല്‍. കഴക്കൂട്ടവും നേമവും ഭയങ്കര പിടുത്തമാണ്. ആരാണെന്ന് പറയാന്‍ പറ്റില്ല...""

അത്താഴത്തിന് ശേഷമാണ് പണപ്പൊതി കൈമാറാന്‍ ശ്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് പാസ്റ്റര്‍മാരില്‍ ചിലര്‍ തരൂരിന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. എല്‍ഡിഎഫിനും സ്ഥാനാര്‍ഥിക്കും അപകീര്‍ത്തികരമായ പ്രസ്താവനയും തരൂര്‍ നടത്തി.

എല്‍ഡിഎഫിന്റെ എംപി ഉണ്ടായാല്‍ നരേന്ദ്രമോഡിയെ ആണ് സഹായിക്കുകയെന്നും ബിജെപിക്ക് വോട്ട് കൊടുക്കുന്നതു പോലെയാണിതെന്നും തരൂര്‍ പറഞ്ഞു. മതേതര വിശ്വാസികള്‍ക്ക് ഇടതുപക്ഷ എംപിയെ ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും തരൂര്‍ പറയുന്നുണ്ട്. ഇത് അപകീര്‍ത്തികരമാണെന്ന് എല്‍ഡിഎഫ് ചെയര്‍മാന്‍ എം വിജയകുമാറും ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍നായരും പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജനപ്രാതിനിധ്യ നിയമത്തിലെ 123-ാം വകുപ്പ് അനുസരിച്ച് തരൂരിനെ അയോഗ്യനാക്കി പ്രഖ്യാപിക്കണമെന്നും ക്രിമിനല്‍ നടപടി ക്രമം അനുസരിച്ച് കേസ് രജിസ്റ്റര്‍ചെയ്യണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment