Tuesday, April 8, 2014

ബിജെപി പ്രകടനപത്രികയില്‍ അയോധ്യയും ഏക സിവില്‍കോഡും

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം, ഏകീകൃത സിവില്‍ കോഡ്, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ബിജെപി പ്രകടനപത്രിക. നേതാക്കളുടെ തമ്മിലടി കാരണം അനന്തമായി നീണ്ടുപോയ പത്രിക രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ആരംഭിച്ച തിങ്കളാഴ്ചയാണ് ബിജെപി പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പുദിവസം പ്രകടനപത്രിക പുറത്തിറക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് രാഷ്ട്രീയകക്ഷികള്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. "സാംസ്കാരികപൈതൃകം" എന്ന തലക്കെട്ടിലാണ് രാമക്ഷേത്രനിര്‍മാണം പത്രികയില്‍ ഉള്‍പ്പെടുത്തിയത്. ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ട് അമ്പലം നിര്‍മാണത്തിനുള്ള എല്ലാ സാധ്യതയും ആരായുമെന്ന് ബിജെപി അവകാശപ്പെടുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് സംബന്ധിച്ച് ബിജെപി നിലപാട് ആവര്‍ത്തിച്ചു. ഈ വകുപ്പ് റദ്ദാക്കുന്നതിനായി എല്ലാവരുമായും ചര്‍ച്ച നടത്തും. ഏകീകൃത സിവില്‍ കോഡ് നടപ്പാകാതെ ലിംഗസമത്വം ഉറപ്പാക്കാനാകില്ലെന്ന് പ്രകടനപത്രിക പറയുന്നു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കരട് ഏകീകൃത സിവില്‍ കോഡ് തയ്യാറാക്കുമെന്നും ബിജെപി അവകാശപ്പെടുന്നു. നയപരമായ സ്തംഭനാവസ്ഥ, അഴിമതി, നികുതി ഭീകരവാദം എന്നിവ അവസാനിപ്പിക്കും. ചില്ലറവിപണിയിലെ വിദേശനിക്ഷേപം എതിര്‍ക്കും. കള്ളപ്പണം കുറയ്ക്കുന്നതിനായി കര്‍മസമിതി രൂപീകരിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുകയും പ്രത്യേക കോടതികള്‍ സ്ഥാപിക്കുകയും ചെയ്യും. വിലസ്ഥിരതാനിധിക്ക് രൂപംനല്‍കും. എഫ്സിഐ പ്രവര്‍ത്തനം സംഭരണം, കരുതിവയ്ക്കല്‍, വിതരണം എന്നിങ്ങനെ മൂന്നായി തിരിക്കും. ദേശീയ കാര്‍ഷികവിപണി രൂപീകരിക്കും. നികുതിസമ്പ്രദായം ലഘൂകരിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തിയും ഇ-ഗവേണന്‍സിലൂടെയും അഴിമതി ഇല്ലാതാക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും പങ്കാളികളാക്കി ടീം ഇന്ത്യ എന്ന പുതിയ സംരംഭത്തിന് തുടക്കമിടും. പശുക്കളെ സംരക്ഷിക്കാന്‍ നടപടിയുണ്ടാകും. പൊതു-സ്വകാര്യപങ്കാളിത്ത പദ്ധതികള്‍ ജനങ്ങളെക്കൂടി ഉള്‍പ്പെടുത്തി പിപിപിപി പദ്ധതികളാക്കി മാറ്റുമെന്നും പ്രകടനപത്രിക പറയുന്നു.

No comments:

Post a Comment