Sunday, April 13, 2014

അട്ടപ്പാടി വീണ്ടും ദുരന്തവക്കില്‍

അഗളി: വേനല്‍ കനത്തതോടെ അട്ടപ്പാടി വീണ്ടും കൊടുംവരള്‍ച്ചയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങുകയാണ്. കുഞ്ഞുങ്ങളുടെ കൂട്ടമരണം വീണ്ടും ഒരോ ഊരുകളെയും വാര്‍ത്തകളില്‍ നിറച്ചേക്കാം. നവജാതശിശുക്കള്‍ കൂട്ടത്തോടെ മരിച്ച പാലൂരി എത്തിയ കേന്ദ്രമന്ത്രി 30കോടിയുടെ കുടിവെള്ളപദ്ധതിയും 70 കിലോമീറ്റര്‍ റോഡ് വികസനവുംമെല്ലാം വാഗ്ദാനം ചെയ്തുമടങ്ങിയയാതണ്. പക്ഷേ, ഇവിടെ ഇപ്പോഴും റോഡില്ല, വെള്ളവുമില്ല. അട്ടപ്പാടിയുടെ ദുരിതങ്ങള്‍ പുറത്തുവന്ന് ഒരുവര്‍ഷം തികയുമ്പോഴും സര്‍ക്കാര്‍ പാക്കേജുകള്‍ കടലാസില്‍മാത്രം.

കേന്ദ്രവും സംസ്ഥാനവും ഒരുപോലെ വഞ്ചിച്ചതായി ആദിവാസികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പാക്കേജുകളില്‍ ഭൂരിഭാഗവും നടപ്പായില്ല. നടപ്പാക്കിയവയാകട്ടെ ആദിവാസികളുടെ ജീവിതത്തിന് ഗുണകരവുമല്ല. ഊരുകളില്‍ പൊട്ടിപ്പൊളിഞ്ഞ വീടുകള്‍ അതേപടിതന്നെ. തൊഴിലില്ലായ്മയും ജലക്ഷാമവും രൂക്ഷമായി തുടരുന്നു. തൊഴിലുറപ്പ്പദ്ധതിയില്‍ കൂലിയിനത്തില്‍ നല്‍കേണ്ട കുടിശ്ശിക കോടികളായി. റേഷന്‍കടകളില്‍ മണ്ണെണ്ണപോലും കിട്ടാനുമില്ല. ആദിവാസിയുടെ പരമ്പരാഗത കൃഷിരീതിയെ പ്രോത്സാഹിപ്പിക്കാന്‍ ഏഴരക്കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. നല്ലശിങ്ക ഊരില്‍ തുടങ്ങാന്‍ ഉദ്ദേശിച്ച പദ്ധതിയും കടലാസില്‍ മാത്രം. മണ്ണ് ഉഴുതുമറിക്കാന്‍ വാങ്ങിയ ട്രാക്ടറുകള്‍ പഞ്ചായത്ത് മൈതാനത്ത് തുരുമ്പെടുത്തു നശിക്കുന്നു. 40 ലക്ഷംരൂപ നല്‍കി വാങ്ങിയ ചീര, മുരിങ്ങതൈകള്‍ ആര്‍ക്കും പ്രയോജനമില്ലാതെ കരിഞ്ഞുണങ്ങി.

കഴിഞ്ഞ വിഷുദിനത്തിലാണ് പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞ് മരിച്ച സംഭവം അട്ടപ്പാടിയിലെ കടമ്പാറ ഊരില്‍നിന്ന് ആദ്യമായി പുറംലോകമറിഞ്ഞത്. വീരമ്മ-ശെല്‍വന്‍ ദമ്പതികളുടെ മകള്‍ കാളിയമ്മ മരിച്ച വാര്‍ത്തയറിഞ്ഞ എം ബി രാജേഷ് എംപി അന്നുതന്നെ ഊരിലെത്തി. മൂലഗംഗല്‍ ഊരും വെള്ളകുളം ഊരും സന്ദര്‍ശിച്ച് ആദിവാസികളുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തില്ല. മന്ത്രിമാര്‍ ആദിവാസികളെ മദ്യപാനികള്‍ എന്നു വിളിച്ച് പരിഹസിച്ചു. പ്രശ്നം സിപിഐ എം ഏറ്റെടുക്കുകയും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് പഠനം നടത്തി. ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ മരുന്നും ഭക്ഷണവും വിതരണം ചെയ്തു. എം ബി രാജേഷ് പാര്‍ലമെന്റിലും പ്രശ്നം ഉന്നയിച്ചു. ഇതോടെ സര്‍ക്കാരുകള്‍ക്ക് ഇടപെടേണ്ടിവന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ഒരു വര്‍ഷമാകുമ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.

പി എസ് പത്മദാസ് deshabhimani

No comments:

Post a Comment