Sunday, April 13, 2014

ഇല്ലായ്മകളുടെ തമ്പുരാന്‍

മദ്യപാനവും പുകവലിയുമില്ലാഞ്ഞാല്‍ മാന്യനാകുമെന്ന് കരുതുന്നവരുണ്ട്. ദുശ്ശീലങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് മാന്യത എന്ന് വരുമ്പോള്‍ ഇല്ലായ്മയാണ് നന്മ എന്നും പറയാം. അതൊരു പൊതുതത്വമെങ്കില്‍ അറയ്ക്കപ്പറമ്പില്‍ കുര്യന്‍ മകന്‍ ആന്റണി മഹാമാന്യന്‍. കോണ്‍ഗ്രസ് നേതാക്കളില്‍ പൊതുവെ കണ്ടുവരാറുള്ള അഴിമതി, അഹന്ത, അപ്രമാദിത്തം തുടങ്ങിയ ഗുണങ്ങളൊന്നുമില്ല എന്നാണ് ആന്റണിയുടെ വാഴ്ത്തുപാട്ട്. ഉമ്മന്‍ചാണ്ടിയെപ്പോലെ തട്ടിപ്പുകേസില്‍ പെട്ടിട്ടില്ല, കരുണാകരനെപ്പോലെ പാമൊലിനില്‍ കൈയിട്ടിട്ടില്ല, വയലാര്‍ രവിയെപ്പോലെ അധോലോകബന്ധമില്ല, ചിദംബരത്തെപ്പോലെ കള്ളക്കേസ് പറഞ്ഞിട്ടില്ല- ഇങ്ങനെ ഇല്ലായ്മകളുടെ പട്ടിക നീട്ടിയെഴുതാം.

മികച്ച വാഗ്മിയെന്ന് ആരും പറയില്ല. പേരെടുത്ത ഭരണാധികാരിയെന്ന ദുഷ്പേര് ഇന്നുവരെ കേള്‍പ്പിച്ചിട്ടില്ല. ഗ്രൂപ്പിനതീതനല്ല- ഗ്രൂപ്പിസത്തിന്റെ ആശാനായാണ് എന്നും നിലക്കൊണ്ടത്. കരുണാകരന്റെ ഗ്രൂപ്പ് ഇന്ദിരയുടെ പേരിലായിരുന്നെങ്കില്‍ സ്വന്തം നാമധേയത്തില്‍ അന്നും ഇന്നും ഗ്രൂപ്പുള്ള നേതാവ് ആന്റണിതന്നെ. കോണ്‍ഗ്രസില്‍ എക്കാലത്തും അടിയുറച്ചുനിന്ന നേതാവ് എന്ന പേരും സ്വന്തമല്ല. അടിയന്തരാവസ്ഥയുടെ നടത്തിപ്പുകാരനായിരുന്നു. 77ല്‍ ഇന്ദിരയ്ക്ക് കാലിടറിയപ്പോള്‍ പാലംവലിച്ചവരുടെ കൂട്ടത്തിലായി. എണ്‍പതില്‍ സ്വന്തം ഗ്രൂപ്പിനെയുംകൊണ്ട് ഇടതുപക്ഷത്തേക്ക്. കിട്ടിയ ആദ്യ അവസരത്തില്‍ തിരിച്ചു ചാട്ടം; നൂറുകൊല്ലത്തേക്ക് നശിച്ചുപോകുമെന്ന് ശാപവചനം. ഈ ചരിത്രമൊന്നും ഓര്‍മിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതും ആന്റണിയുടെ ഇല്ലായ്കളുടെ പട്ടികയില്‍ പൊന്‍തൂവല്‍.

മുപ്പത്തേഴാം വയസ്സില്‍ തുടങ്ങി മൂന്നുവട്ടം ആറുകൊല്ലത്തോളം കേരളത്തിന്റെ മുഖ്യമന്ത്രി. 13 വര്‍ഷം കെപിസിസി പ്രസിഡന്റ്. ഏറ്റവും കൂടുതല്‍കാലം പ്രതിരോധവകുപ്പ് ഭരിച്ച കേന്ദ്രമന്ത്രി, എഐസിസി ഭാരവാഹി, കേരളത്തിലെ പ്രതിപക്ഷനേതാവ്, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്- ഇങ്ങനെ സ്ഥാനമാനങ്ങളില്‍ ഇല്ലായ്മകളുടെ കാലം ഒരിക്കലും ഉണ്ടായിട്ടില്ല. വ്യത്യസ്ത പാര്‍ലമെന്ററിസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍കാലം ഇരുന്ന മലയാളി എന്ന ബഹുമതിയും ആദര്‍ശക്കുപ്പായത്തില്‍ കുത്തിയിട്ടുണ്ട്. ആന്റണിയുടെ നേട്ടപ്പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ""കേരളത്തില്‍ ചാരായനിരോധനം കൊണ്ടുവന്നു. സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കി."" അതായത്, മലയാളിയെ വിലകുറഞ്ഞ ചാരായത്തില്‍നിന്ന് വിലകൂടിയ വിദേശമദ്യത്തിലേക്ക് പ്രൊമോട്ട് ചെയ്തതും പൊതുവിദ്യാലയങ്ങളില്‍നിന്ന് കുട്ടികളെ അടര്‍ത്തിയെടുത്ത് കച്ചവടക്കാര്‍ക്ക് കൊണ്ടുകൊടുത്തതുമാണ് നേട്ടങ്ങളെന്ന്.

പ്രതിരോധമന്ത്രിയായിരിക്കെ ഉണ്ടായ നേട്ടങ്ങളൊക്കെ കോണ്‍ഗ്രസിനാണ്- അഞ്ചരലക്ഷം കോടിയുടെ അഴിമതിപ്പണത്തില്‍ വലിയൊരു ഭാഗം വന്നത് ആ വഴിക്കാണ്. മുങ്ങിക്കപ്പലുകള്‍ തുടരെ മുങ്ങുന്നതും കൂറ്റന്‍ വിമാനം തകരുന്നതും കാര്യപ്രാപ്തിയുള്ള പ്രതിരോധമന്ത്രിയുടെ സ്വര്‍ണത്തൂവലുകള്‍. ഒന്നും മിണ്ടാത്ത പ്രധാനമന്ത്രിയുടെ തൊട്ടടുത്ത പദവിയാണെന്നതുകൊണ്ട്, മൗനത്തിന്റെ വകുപ്പും കൈയിലുണ്ട്. വല്ലപ്പോഴുമേ മിണ്ടാറുള്ളൂ- തെരഞ്ഞെടുപ്പുകാലത്തേ വാചാലനാകാറുള്ളൂ. തൊഴിലില്ലായ്മ, ഭക്ഷണമില്ലായ്മ, പാര്‍പ്പിടമില്ലായ്മ തുടങ്ങിയ ഇല്ലായ്മകളുടെ വിശേഷമാണ് കേന്ദ്രത്തില്‍.

കേരളത്തിലാണെങ്കില്‍ വിശ്വസ്ത ശിഷ്യര്‍ പലതിലും സമ്പന്നരാണ്- തട്ടിപ്പിലും തമ്മിലടിയിലും നിയമനിഷേധത്തിലും നാണമില്ലായ്മയിലും അഗ്രകേസരികള്‍. വോട്ടുപിടിക്കാന്‍ കേന്ദ്രത്തിലെ ഇല്ലായ്മയും കേരളത്തിലെ "സമ്പന്നത"യും പറയാന്‍ പാടില്ല. അതുകൊണ്ട് ആന്റണിക്കും പ്രതീക്ഷ "അടിയൊഴുക്കി"ലാണ്. അടിയൊഴുക്കുകള്‍ ഫലം നിര്‍ണയിക്കുമെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനം. പുറമേക്ക് എല്ലാ ഒഴുക്കും ഇടത്തോട്ടാണ്. പിന്നെങ്ങനെ ആരും കാണാത്ത അടിയൊഴുക്ക് യുഡിഎഫിന് അനുകൂലമാകുമെന്ന് ചോദിക്കുക: ആന്റണി മൗനംകൊണ്ട് "ഭീകരവും പൈശാചികവുമായ" മറുപടി നല്‍കും. പണംകൊടുത്തും കച്ചവടമുറപ്പിച്ചും പ്രീണിപ്പിച്ചും വാങ്ങുന്ന വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ്, ക്യാന്റീന്‍ ഭക്ഷണംപോലെ, ഓട്ടോ സവാരിപോലെ ലാളിത്യാധിഷ്ഠിത ആദര്‍ശമെന്ന് മനോരമ ഫീച്ചറെഴുതുമെന്നര്‍ഥം.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment