Thursday, April 3, 2014

ശമ്പളത്തിനായി കടപ്പത്രം ഇറക്കേണ്ടി വന്നത് ദുരവസ്ഥ: പിണറായി

തൃശൂര്‍: ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പുതിയ ധനകാര്യവര്‍ഷത്തിന്റെ രണ്ടാം ദിവസം തന്നെ കടപ്പത്രം ഇറക്കേണ്ട ദുരവസ്ഥയില്‍ സംസ്ഥാനത്തെ എത്തിച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള മൂലധനിക്ഷേപമായിട്ടാണ് സാധാരണ വായ്പയെടുക്കുക. എന്നാല്‍ ധനകാര്യവര്‍ഷത്തിന്റെ ഒന്നാം മാസത്തെ ശമ്പളം കൊടുക്കാന്‍ മൂന്നാം ദിവസം വായ്പയെടുക്കേണ്ട ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ സര്‍ക്കാര്‍ കള്ളകളി നടത്തുന്നുണ്ടോയെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. ധനക്കമ്മിയും റവന്യൂ കമ്മിയും എല്ലാ പരിധിയും ലംഘിച്ച് ഉയരും. സര്‍ക്കാരിന്റെ ധനസ്ഥിതി ആകെ താറുമാറാണ്. ഈ സാഹചര്യത്തില്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനും അതിലെ കണക്കുകള്‍ക്കും എന്തു സാംഗത്യമുണ്ട്?

ജീവനക്കാര്‍ക്കുള്ള സറണ്ടര്‍ ആനുകൂല്യവും പി. എഫും വിരമിക്കല്‍ ആനുകൂല്യങ്ങളും മരവിപ്പിച്ചു കഴിഞ്ഞു. ഇവയൊക്കെ എന്നു വിതരണം ചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല.ക്ഷേമപെന്‍ഷനുകള്‍ പത്തുമാസത്തോളം കുടിശികയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം കണ്‍സ്യൂമര്‍ ഫെഡിന്റെ ഈസ്റ്റര്‍ വിഷു വിപണി വേണ്ടെന്നു വെച്ചു. ട്രഷറി സേവിംഗ്സ് ബാങ്കു വഴി മാത്രമേ ജീവനക്കാരുടെ ശമ്പളം മാറാവൂ എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് 2013 ജനുവരിയില്‍ അട്ടിമറിച്ചത് എന്തിനു വേണ്ടിയാണ്.

ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ട്രഷറി നിക്ഷേപവും അനാകര്‍ഷകമാക്കി ട്രഷറികളെ തകര്‍ത്തവര്‍ ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് ട്രഷറിയിലേയ്ക്ക് നിക്ഷേപം മാറ്റാന്‍ നെട്ടോട്ടമോടുകയാണ്. ജീവനക്കാരുടെ ശമ്പളം ട്രഷറി വഴി മാത്രം മതിയെന്ന ഉത്തരവ് എന്തിനാണ് മാറ്റിയത് എന്ന് ഇനിയെങ്കിലും തുറന്നു പറയണം. ട്രഷറി സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉയര്‍ത്തി പണം സമാഹരിക്കാന്‍ ഇപ്പോള്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതേ സര്‍ക്കാര്‍ തന്നെയാണ് പുത്തന്‍ തലമുറ ബാങ്കുകള്‍ക്കു വേണ്ടി ട്രഷറി നിക്ഷേപത്തെ തകര്‍ത്തത്.

കൊച്ചി മെട്രോയുടെ പണം ആക്സിസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ഉത്തരവിട്ടത് ആരും മറന്നിട്ടില്ല. പുത്തന്‍ തലമുറ ബാങ്കുകള്‍ക്കു വേണ്ടി നടത്തിയ ഈ കളളക്കളികളാണ് നമ്മുടെ ട്രഷറി തകര്‍ത്തത്. സര്ക്കാര്‍ വകുപ്പുകളുടെ 5 0 5 0 കോടി രൂപ ഇപ്പോള്‍ പല ബാങ്കുകളിലുണ്ട്. നേരത്തെ ട്രഷറിയിലാണ് ഈ പണം നിക്ഷേപിച്ചിരുന്നത്. ഈ പണം തിരികെ ട്രഷറിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഈ പണം വിവിധ ബാങ്കുകളില്‍ നിക്ഷേപിക്കുകയായിരുന്നു എന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. ഇത് പച്ചക്കളളമാണ്. സര്‍ക്കാര്‍ അറിയാതെ വകുപ്പു തലവന്മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ പണം നിക്ഷേപിക്കാന്‍ പുതിയ ബാങ്ക് അക്കൗണ്ടു തുറക്കാനാവില്ല. മാത്രമല്ല, ട്രഷറിയില്‍ പണം ഇല്ല എന്നറിഞ്ഞതോടെ കൃത്യമായി ഈ 5050 കോടിയുടെ കാര്യം മന്ത്രിമാര്‍ക്ക് ഓര്‍മ്മ വരികയും ചെയ്തു. അതിനര്‍ത്ഥം അവര്‍ അറിഞ്ഞു കൊണ്ടുതന്നെയാണ് ഇത്ര ഭീമമായ തുക ട്രഷറിയില്‍ നിക്ഷേപിക്കാതെ ബാങ്കുകളില്‍ നിക്ഷേപിച്ചത്. ഈ കളളക്കളിയുടെ കമ്മിഷന്‍ എത്രയാണെന്നാണ് ഇനി അറിയേണ്ടതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment