Thursday, April 3, 2014

മത നിരപേക്ഷ സര്‍ക്കാര്‍: കേരളം രാജ്യത്തെ വഴികാട്ടുമെന്ന് യെച്ചുരി

കൊച്ചി: കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപി ഇതര ഇടതുപക്ഷ ബദല്‍സര്‍ക്കാര്‍ രൂപം കൊള്ളുന്നതിന് കേരളം രാജ്യത്തെ വഴികാട്ടുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ബദല്‍നയങ്ങള്‍ക്കെ മികച്ച ഇന്ത്യയുടെ സൃഷ്ടിക്ക് വഴിയൊരുക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. വിലക്കയറ്റം, തൊഴിലില്ലായ്മ, സുരക്ഷിതത്വമില്ലായ്മ തുടങ്ങി ഇന്ത്യ നേരിടുന്ന നിലവിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായുള്ളത് കോണ്‍ഗ്രസ്, ബിജെപി ഇതര സര്‍ക്കാരാണ്. ജനം ആഗ്രഹിക്കുന്നതും അതാണ്.

ഇന്ത്യയില്‍ വിഭവങ്ങളുടെ കുറവില്ല. എന്നാല്‍ അത് മുഴുവന്‍ ജനങ്ങള്‍ക്കായും അടിസ്ഥാനസൗകര്യവികസനത്തിനായും തൊഴില്‍ ഉല്‍പാദനത്തിനായും ഉപയോഗിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ബാലറ്റിലുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാരത്തിലേറ്റുകയെന്ന ചരിത്രദൗത്യം നിറവേറ്റിയ കേരളം തന്നെ ഇടതുനേതൃത്വത്തിലുള്ള ബദല്‍സര്‍ക്കാരിനും വഴിയൊരുക്കി രാജ്യത്തിന് മാതൃകകാട്ടും. അല്‍പം വരുന്ന വന്‍സമ്പന്നര്‍ക്കായുള്ള തിളങ്ങുന്ന ഇന്ത്യയും,ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ ദുരിതപൂര്‍ണവുമായ ഇന്ത്യയും എന്നിങ്ങനെ രണ്ട് ഇന്ത്യയാണ് ഇപ്പോഴുള്ളത്. അതിന് പകരം വിഭവങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കായും ഒരുപോലെ ഉപയോഗപ്പെടുത്തി എല്ലാവര്‍ക്കുമായുള്ള ഒരൊറ്റ ഇന്ത്യ സൃഷ്ടിക്കുകയാണ് ഇടതുബദല്‍ ലക്ഷ്യമിടുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് ഒത്തുകളിക്കേസില്‍പ്പെട്ടുവെങ്കിലും യഥാര്‍ത്ഥ ഒത്തുകളി നടക്കുന്നത് കേന്ദ്രത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്.

അഴിമതിയിലും ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും ഇവര്‍ ഒരുമിച്ചാണ്. ഇക്കാരണത്താല്‍ തന്നെയാണ് ടു ജി സ്പെക്ട്രം അന്വേഷിച്ച പി സി ചാക്കോ അധ്യക്ഷനായുള്ള പാര്‍ലമെണ്ടറി സമിതിയോട് നിശ്ചിത കാലഘട്ടങ്ങള്‍ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടത്. അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാവ് അശോക്ചവാനും ബിജെപി നേതാവ് യെദിയൂരപ്പയും വീണ്ടും സ്ഥാനാര്‍ത്ഥികളാകുന്നതും ഇരുപാര്‍ടികളുടെയും അഴിമതിയോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്. മൂന്നാം മുന്നണിയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന വാദം അപ്രസക്തമാണ്. "77-ലെ ജനതാസര്‍ക്കാരിന്റെ കാലം മുതല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രിമാര്‍ രാജ്യത്തുണ്ടായിട്ടില്ല. സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഇന്ദിരാഗാന്ധി അന്ന് പരാജയപ്പെട്ടു. പില്‍ക്കാലത്ത് വി പി സിംഗ്, ദേവഗൗഡ, ഐ കെ ഗുജ്റാള്‍ തുടങ്ങിയവരും പ്രധാനമന്ത്രിയായത് മുന്‍നിശ്ചയ പ്രകാരമായിരുന്നില്ല.

2004-ല്‍ മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയാകുമെന്ന് ആരെങ്കിലും മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നോ. എന്നാല്‍ നെഹ്രുവിന് ശേഷം തുടര്‍ച്ചയായി ദീര്‍ഘകാലം പ്രധാനമന്ത്രിയാവാന്‍ മന്‍മോഹനു കഴിഞ്ഞു. ഇത്തരത്തില്‍ ബദല്‍സര്‍ക്കാരിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷംനിശ്ചയിക്കും. കോണ്‍ഗ്രസും ബിജെപിയുമല്ല, പ്രാദേശിക പാര്‍ടികള്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കൂടുതല്‍ കരുത്തുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം ഇവരുടെ കൂട്ടായ്മ ശക്തമാകും. വര്‍ഗീയശക്തികള്‍ ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല. ദേശീയമുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ച് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറാന്‍ ഇടയാക്കിയത് ഇവരുടെ നയങ്ങളാണ്.

തെരഞ്ഞെടുപ്പിന്റെ അഭിപ്രായസര്‍വ്വേകള്‍ പ്രഹസനങ്ങളാണ്. വോട്ട് ചെയ്തത് തെറ്റിപ്പോയെങ്കിലും അഭിപ്രായസര്‍വ്വേയില്‍ താന്‍ ശരിയാക്കിക്കൊള്ളാമെന്ന് പറയുന്ന ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെയാണ് അത് ഓര്‍മ്മപ്പെടുത്തതെന്നും യെച്ചൂരി പറഞ്ഞു. എം പി പ്രവീണ്‍ സ്വാഗതവും ആര്‍ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment