Tuesday, April 8, 2014

ഫയാസ് കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസ്സ്: പിണറായി

കണ്ണൂര്‍: അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ഫയാസ് കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രേതസ്സാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഫയാസുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫയാസുമായി ഫണ്ട് പിരിവിന് പോകാനും ചെന്നിത്തല തയ്യാറായി. ഈ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രിസ്ഥാനത്ത് നിന്ന് ചെന്നിത്തല മാറി നിന്ന് ഈ വിഷയത്തില്‍ നിഷ്പക്ഷമായ ഒരന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. കണ്ണൂരില്‍ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര കള്ളക്കടത്തുകാരനെന്ന് കോണ്‍ഗ്രസ് തന്നെ വിശേഷിപ്പിച്ച ഫയാസുമായി കോണ്‍ഗ്രസിനുള്ളത് വഴിവിട്ട ബന്ധമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് ഫയാസുമായി അടുപ്പമുണ്ടെന്ന് നേരത്തെതന്നെ വാര്‍ത്തയുണ്ടായിരുന്നു. ചെന്നിത്തലയും ഫയാസുമായുള്ള അടുപ്പം കൂടി പുറത്തായ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. ഫയാസിനെ അറബിവേഷത്തില്‍ കോഴിക്കോട് ജയിലിലെത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ടെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെതിരെ വന്‍ അമര്‍ഷമാണ് നിലനില്‍ക്കുന്നത്. കേരളമാകെ എല്‍ഡിഎഫ് അനുകൂല തരംഗമാണ് ദൃശ്യമാകുന്നത്. ജനങ്ങളെ പാപ്പരാക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ആന്ധ്രപ്രദേശ് പോലും കൈവിട്ട് പോകുന്ന കോണ്‍ഗ്രസിന് ഒരു സംസ്ഥാനത്തും എടുത്തുപറയത്തക്ക മുന്‍തൂക്കമില്ല. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ എ കെ ആന്റണി കേരളത്തിലല്ലാതെ മറ്റെവിടെയും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇത്രമാത്രം കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ കേരളത്തില്‍ പ്രചരണത്തിനെത്തിയെങ്കിലും യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. അഴിമതിയും ജനവിരുദ്ധ നയങ്ങളുമല്ലാതെ യുപിഎയ്ക്ക് ഭരണനേട്ടമായി ഒന്നും കാണിക്കാനില്ല. ബിജെപിയ്ക്ക് നേതാക്കളെ സംഭാവന ചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. 58 കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിയ്ക്കുന്നത്. ഉത്തര്‍പ്രദേശില്‍ മാത്രം ബിജെപി മല്‍സരിപ്പിക്കുന്ന 15 പേര്‍ കോണ്‍ഗ്രസുകാരാണ്.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമചന്ദ്രനെ താന്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടില്ല. തന്റെ പരാമര്‍ശം പ്രേമചന്ദ്രനെക്കുറിച്ചായിരുന്നില്ല. ആ പരാമര്‍ശം പ്രേമചന്ദ്രനും ബാധകമാണെന്ന് പൊതുസമൂഹം വിലയിരുത്തിയതാണ്. വഞ്ചകന്‍മാരെ ജനം അംഗീകരിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ ജനം വഞ്ചനയ്ക്ക് മറുപടി പറയുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment