Tuesday, April 8, 2014

എന്നും അത്താണി ഇടതുപക്ഷം

ന്യൂനപക്ഷ സമൂഹങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് എന്നും അത്താണി ഇടതുപക്ഷം തന്നെയാണെന്ന് ക്രൈസ്തവ സാംസ്കാരിക പ്രസിദ്ധീകരണമായ ക്രൈസ്തവചിന്ത. ""ഒറീസയിലെ കന്ദമാലില്‍ ക്രൈസ്തവ ന്യൂനപക്ഷസമൂഹം ആര്‍എസ്എസിനെ പേടിച്ച് സിപിഐ എം ഓഫീസില്‍ മാസങ്ങളോളം ആരാധന നടത്തിയത് നാം കണ്ടതും കേട്ടതുമാണ്. ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും മതനിരപേക്ഷ പ്രസ്ഥാനംതന്നെ വേണമെന്ന്"" ക്രൈസ്തവചിന്തയുടെ ഏപ്രില്‍ മൂന്നിലെ ലക്കം ഓര്‍മിപ്പിക്കുന്നു.

കേരളത്തിലും പുറത്തുമുള്ള പെന്തക്കോസ്തുവിഭാഗത്തില്‍ വ്യാപകമായി പ്രചാരമുള്ള വാരികയാണിത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗൗരവമായി കാണേണ്ട മറ്റുവിഷയങ്ങളും ക്രൈസ്തവചിന്തയുടെ ഒന്നാംപേജിലെ ലേഖനത്തില്‍ വിശദീകരിക്കുന്നുണ്ട്. ""രണ്ടാം യുപിഎ സര്‍ക്കാരിന്റെ അഴിമതി ചുരുളുകള്‍ ഒന്നോ രണ്ടോ അക്കങ്ങള്‍ക്കകത്ത് നില്‍ക്കുന്ന കോടികളുടെ തട്ടിപ്പുകഥ പോലെയായിരുന്നില്ല. എല്ലാം ലക്ഷം കോടികള്‍ക്കപ്പുറമായിരുന്നു. 2ജി സ്പെക്ട്രം, കല്‍ക്കരി, ആദര്‍ശ് ഫ്ളാറ്റ് തട്ടിപ്പ് കച്ചവടങ്ങള്‍ കേട്ട് ഇന്ത്യന്‍ജനത അന്ധാളിച്ച് നില്‍ക്കുകയാണ്."" വാരിക പറയുന്നു. ""ഗ്യാസ് വിതരണത്തിലെ അപാകവും സിലിന്‍ഡറിന്റെ എണ്ണത്തിലെ അനിശ്ചിതാവസ്ഥയും പരിഹരിക്കാനായില്ല. ആദര്‍ശധീരന്റെ പ്രതിരോധവകുപ്പിലെ അഴിമതി വേറെയാണ്. വിദേശത്തുനിന്ന് പാട്ടവിലയ്ക്കുവാങ്ങി ഉപയോഗിക്കുന്ന അന്തര്‍വാഹിനികളും വിമാനങ്ങളും തകര്‍ന്ന് ജവാന്മാര്‍ മരിക്കുന്നത് തുടര്‍സംഭവമായിരിക്കുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് നിയന്ത്രണമുണ്ടായിരുന്ന ഒന്നാം യുപിഎ സര്‍ക്കാരിന്റെ പ്രകടനം സാമാന്യം ഭേദപ്പെട്ടതായിരുന്നു. കാര്യമായ അഴിമതി ആരോപണം ആ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നില്ല. ഇടതുപക്ഷത്തിന്റെ കൈകളില്‍ നിയന്ത്രണമുണ്ടായിരുന്നതുകൊണ്ടാണിത്.

ഇടതുപക്ഷമില്ലാതെ മറ്റുചില ചെറുകക്ഷികളുമായി തല്ലിക്കുട്ടിയ രണ്ടാം യുപിഎ സര്‍ക്കാര്‍ വരുത്തിവച്ച അഴിമതി ഇന്നേവരെ ഒരു രാജ്യത്തും കേട്ടിട്ടില്ലാത്തത്ര ഭയങ്കരമായിരുന്നെന്ന്"" ലേഖനം വിലയിരുത്തുന്നു. വന്‍കിട പട്ടണങ്ങളിലെ വ്യാവസായിക വളര്‍ച്ചകണ്ടും കോടീശ്വരന്മാരുടെ ലോകനിരയില്‍ അംബാനിമാര്‍ ഉണ്ടെന്നതുകൊണ്ടും രാജ്യം സാമ്പത്തികഭദ്രതയില്‍ എത്തണമെന്നില്ല. 70 ശതമാനം വരുന്ന ഗ്രാമീണജനത ഇന്നും ദാരിദ്ര്യത്തിലാണ്. ഏതാനും കിലോമീറ്ററിനപ്പുറത്ത് പെരിയാറിലെ ജലം കടലില്‍ പതിക്കുമ്പോഴും പശ്ചിമകൊച്ചിയില്‍ കുടിവെള്ളമില്ലെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ കോണ്‍ഗ്രസ്-ബിജെപി ഇതര ഭരണത്തിന് പ്രസക്തിയേറുന്നു എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എം എന്‍ ഉണ്ണിക്കൃഷ്ണന്‍

No comments:

Post a Comment