Sunday, April 13, 2014

രാജിവയ്ക്കുമെന്ന് മന്‍മോഹന്‍ സോണിയയെ ഭീഷണിപ്പെടുത്തി

ന്യൂഡല്‍ഹി: ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി അമേരിക്കയുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയായി തുടരില്ലെന്ന് മന്‍മോഹന്‍സിങ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്ന കാര്യത്തില്‍പ്പോലും സോണിയ ഗാന്ധിക്കും ഘടകകക്ഷികള്‍ക്കും പ്രധാനമന്ത്രി കീഴടങ്ങിയെന്നും പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു വെളിപ്പെടുത്തി. "ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: മെയ്ക്കിങ് ആന്‍ഡ് അണ്‍മെയ്ക്കിങ് ഓഫ് മന്‍മോഹന്‍ സിങ്" എന്ന പുസ്തകത്തിലാണ് അമേരിക്കയോടും സോണിയ ഗാന്ധിയോടുമുള്ള മന്‍മോഹന്‍സിങ്ങിന്റെ വിധേയത്വം തുറന്നുകാട്ടുന്നത്.

"ആണവകരാര്‍ സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളവെ 2008 ജൂണ്‍ 17ന് വൈകിട്ട് മന്‍മോഹന്‍സിങ് സോണിയയുമായി സംസാരിച്ചു. അടുത്ത ദിവസം രാവിലെ അന്ന് മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും സോണിയയും പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി. പ്രധാനമന്ത്രി അന്നത്തെ മുഴുവന്‍ പരിപാടികളും റദ്ദാക്കുകയും താന്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹം പരത്തുകയും ചെയ്തിരുന്നു. ഞാന്‍ പ്രധാനമന്ത്രിയെ വിളിച്ച് മാധ്യമങ്ങളോട് ഒന്നും പറയരുതെന്ന് പറഞ്ഞു. കരാര്‍ ഉറപ്പിച്ചു കഴിഞ്ഞതായി തനിക്കറിയാമായിരുന്നു. പ്രധാനമന്ത്രി വീണ്ടും തന്നെ വിളിപ്പിച്ചു. തന്റെ പ്രധാനമന്ത്രിസ്ഥാനം വെല്ലുവിളിയിലാണെന്ന് സോണിയ ഗാന്ധിയെ ധരിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു"-പുസ്തകം പറയുന്നു.

മന്ത്രിസഭയിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിയമനങ്ങള്‍ സോണിയ ഗാന്ധി തീരുമാനിക്കും പ്രകാരമായിരുന്നുവെന്നും ബാരു വെളിപ്പെടുത്തി. പ്രധാന ഫയലുകളില്‍ സോണിയ ഗാന്ധിയുടെ അനുമതിയോടെയാണ് തീരുമാനമെടുത്തിരുന്നത്- ബാരു വെളിപ്പെടുത്തി. എന്നാല്‍, കച്ചവടതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ബാരു തന്റെ പദവി ദുരുപയോഗപ്പെടുത്തുന്നതെന്ന് പിഎംഒ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ബാരുവിന്റെ പുസ്തകത്തെ വിമര്‍ശിച്ച് വീണ്ടും പിഎംഒ

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയായിരുന്നു ഭരണകേന്ദ്രമെന്ന് വെളിപ്പെടുത്തിയുള്ള സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ നിശിതമായി വിമര്‍ശിച്ച് വീണ്ടും പ്രധാനമന്ത്രികാര്യാലയം. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് അധ്യക്ഷ ഗൗനിച്ചിരുന്നില്ലെന്നും മറ്റും പുസ്തകത്തില്‍ പറയുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശ്യപരവുമാണെന്ന് പ്രധാനമന്ത്രികാര്യാലയം വക്താവ് പങ്കജ് പച്ചൗരി പ്രസ്താവനയില്‍ പറഞ്ഞു.

പുസ്തകത്തില്‍ പറയുന്നതെല്ലാം നിറംപിടിപ്പിച്ചതും കെട്ടുകഥകള്‍ക്ക് സമാനവുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. പിഎംഒയിലെ ഫയലുകള്‍ കോണ്‍ഗ്രസ് അധ്യക്ഷ കണ്ടെന്ന് പറയുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. പിഎംഒയിലെ ഒരു ഫയലും സോണിയ ഗാന്ധി കണ്ടിട്ടില്ല. മഹത്തായ ഒരു പദവിയും ഒരു ഉന്നത കാര്യാലയത്തിലെ സ്വാധീനവും ദുരുപയോഗപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് മുന്‍ മാധ്യമ ഉപദേഷ്ടാവിന്റെ പുസ്തകം. വാണിജ്യനേട്ടം മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണിത്. ഭാവനകളാണ് പുസ്തകം നിറയെ. മുന്‍ മാധ്യമഉപദേഷ്ടാവ് പറഞ്ഞുനടക്കുന്ന കാര്യങ്ങളെ കുറിച്ച് ചില മുതിര്‍ന്ന എഡിറ്റര്‍മാര്‍ ഒക്ടോബറില്‍ പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ ആരാഞ്ഞിരുന്നു.

അതൊന്നും വിശ്വസിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- പച്ചൗരി പ്രസ്താവനയില്‍ പറഞ്ഞു. തന്റെ പുസ്തകം വിമര്‍ശനംമാത്രം ലക്ഷ്യമിട്ടുള്ളതല്ലെന്നും വളരെ സന്തുലിതമാണെന്നും സഞ്ജയ് ബാരു പ്രതികരിച്ചു. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളും പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, മാധ്യമങ്ങള്‍ വിമര്‍ശനങ്ങളില്‍മാത്രം ശ്രദ്ധയൂന്നുകയാണുണ്ടായത്. നല്ലതും ചീത്തയും ഒരേപോലെ പുസ്തകത്തിലുണ്ടെന്ന് ആമുഖത്തില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്. പുസ്തകത്തില്‍ അതെല്ലാം പറഞ്ഞിട്ടുമുണ്ട്- ബാരു പറഞ്ഞു. ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന പേരിലുള്ള ബാരുവിന്റെ പുസ്തകത്തെ കൂട്ടുപിടിച്ച് പ്രതിപക്ഷത്തിന്റെ ആക്രമണം തുടരുകയാണ്.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ്റാലികളിലും പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും നരേന്ദ്രമോഡി വിമര്‍ശിച്ചു. പ്രധാനമന്ത്രി ദുര്‍ബലനായിരുന്നെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പുസ്തകമെന്ന് അരുണ്‍ ജെയ്റ്റ്ലിയും മറ്റും പ്രസ്താവിച്ചു.

deshabhimani

No comments:

Post a Comment