Tuesday, April 8, 2014

ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ബാര്‍ലൈസന്‍സ്

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കവെ, കണ്ണൂരിലെ ഹോട്ടലിന് ബാര്‍ ലൈസന്‍സിന് അനുമതി നല്‍കിയ രീതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കള്ളിവെളിച്ചത്താക്കുന്നു. കണ്ണൂര്‍ ചെറുപുഴയിലെ എലഗന്‍സ് ഹോട്ടലാണ് അതിശയിപ്പിക്കുന്ന നിലയില്‍ ലൈസന്‍സ് നേടിയത്. നാല് നക്ഷത്ര പദവിയുള്ള ഹോട്ടലിനേ ലൈസന്‍സിന് അപേക്ഷിക്കാനാവൂ. ആ പദവിയില്ലാത്ത ഹോട്ടല്‍ എലഗന്‍സിന്റെ അപേക്ഷ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് എക്സൈസ് വകുപ്പ് പരിഗണിച്ചത്.

2012 ഒക്ടോബര്‍ 22ന് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ഹോട്ടല്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചു. നാല് നക്ഷത്ര പദവി ഇല്ലാതിരുന്നിട്ടും തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം അപേക്ഷ എക്സൈസ് കണ്ണൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറി. ഡെ. കമീഷണര്‍ അടുത്ത ദിവസം തന്നെ ഹോട്ടലിലെ പരിശോധന പൂര്‍ത്തിയാക്കി കോഴിക്കോട് ഉത്തര മേഖലാജോയിന്റ് എക്സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ അയച്ചു. നക്ഷത്രപദവി അടുത്തദിവസം തന്നെ ഹാജരാക്കാമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതായുള്ള ശുപാര്‍ശ കുറിപ്പോടെയായിരുന്നു ഇത്. ഒക്ടോബര്‍ 31ന്, ഹോട്ടലിന് നാല് നക്ഷത്ര പദവി ലഭ്യമായി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ മെമ്പര്‍ സെക്രട്ടറിയുടെ ഒപ്പുപതിച്ച സര്‍ട്ടിഫിക്കറ്റ് അന്നു തന്നെ സ്പീഡ് പോസ്റ്റിലൂടെ കണ്ണൂരേക്കും അവിടെ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ചെറുപുഴയിലെ ഹോട്ടലിലേക്കും എത്തി. സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ച ഹോട്ടല്‍ ജനറല്‍ മാനേജര്‍ അത് എക്സൈസ് ജില്ലാ കമ്മീഷണര്‍ക്ക് നല്‍കി. അദ്ദേഹം അന്നുതന്നെ കോഴിക്കോട് ഉത്തര മേഖലാ ജോയിന്റ് കമ്മീഷണര്‍ക്ക് ഇത് കൈമാറി.

2012 നവംബര്‍ ഒന്നിന് ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറുകയും നവംബര്‍ മൂന്നിന് കമ്മീഷണര്‍ ബാര്‍ലൈസന്‍സ് അനുവദിക്കാനുള്ള ശുപാര്‍ശ ടാക്സ് കമ്മീഷണര്‍ക്ക് അയക്കുകയും ചെയ്തു. എക്സൈസ് മന്ത്രിയുടെ അംഗീകാരത്തോടെ നവംബര്‍ എട്ടിന് ടാക്സ് സെക്രട്ടറി ബാര്‍ ലൈസന്‍സ് അനുവദിച്ചു. ഹോട്ടല്‍ അധികൃതര്‍ അന്ന് തന്നെ 22 ലക്ഷം രൂപ ഒടുക്കി ലൈസന്‍സ് കൈപ്പറ്റുകയും ചെയ്തു. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഫോര്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാതിരുന്നിട്ടും 17 ദിവസങ്ങള്‍ക്കകമാണ് ഈ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കിയത്. എക്സൈസ് മന്ത്രിക്ക് പുറമെ മന്ത്രിസഭയിലെ പ്രമുഖനായ മറ്റൊരു മന്ത്രിയുടെയും താല്‍പ്പര്യമാണ് വഴിവിട്ട നീക്കത്തിന് പിന്നില്‍.

നാല് പ്രമുഖരുടെ പങ്കാളിത്തമുള്ള ബാറിലെ ജനറല്‍ മാനേജര്‍ ഈ മന്ത്രിയുടെ ബന്ധുവാണ്. എന്നാല്‍ ഇതേ കാലയളവില്‍ അപേക്ഷിച്ച എറണാകുളത്തെ ഹോട്ടലിന്റെ കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ അഞ്ച് മാസത്തോളമെടുത്തു. അതും അപേക്ഷകര്‍ കോടതിയെ സമീപിച്ചതിനാല്‍. സ്റ്റാര്‍ അംഗീകാരം ഉള്‍പ്പെടെ 25ഓളം രേഖകളുമായി അപേക്ഷിച്ച എറണാകുളത്തെ ഹോട്ടലിന് ഒടുവില്‍ ലൈസന്‍സ് നിഷേധിക്കുകയായിരുന്നു.

ഷഫീഖ് അമരാവതി

പൂട്ടിയ ബാറുകാരും കോഴ നല്‍കും; 10നുശേഷം തുറക്കും

മരവിപ്പിച്ച ബാര്‍ ലൈസന്‍സുകള്‍ തെരഞ്ഞെടുപ്പിന് ശേഷം തുറക്കാന്‍ കെപിസിസി-സര്‍ക്കാര്‍ തലത്തില്‍ ധാരണയിലെത്തി. ബാറുകള്‍ കൂട്ടത്തോടെ അടച്ചിട്ടത് മദ്യദുരന്തം ഉണ്ടാക്കുമെന്ന എക്സൈസ് മന്ത്രി കെ ബാബുവിന്റെ ആശങ്ക ഇതിന്റെ ഭാഗമാണ്. മദ്യദുരന്തഭീഷണി നിലനില്‍ക്കുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അടച്ചിട്ട ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് 25 ലക്ഷം രൂപ നിരക്കിലാണ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. തുക മുന്‍കൂര്‍ ആയി നല്‍കണമെന്ന കാര്യത്തിലാണ് തര്‍ക്കം അവശേഷിച്ചത്. രണ്ട് ബാറുകളുടെ ഉടമയായ ഒരു മന്ത്രിയുടെ മുന്‍കൈയില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായാണ് സൂചന. ബാറുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ മദ്യദുരന്തമുണ്ടാകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഭീഷണി. ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മദ്യദുരന്തമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമായിരിക്കില്ലെന്നും സര്‍ക്കാരിലെ എല്ലാവര്‍ക്കും ഉണ്ടായിരിക്കുമെന്നുമാണ് മന്ത്രിയുടെ നിലപാട്. വ്യാജമദ്യം തടയുന്നതിന് എക്സൈസ് വകുപ്പിന് പരിമിതികളുണ്ടെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. മദ്യദുരന്തമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി അടച്ചിട്ട ബാറുകള്‍ തുറക്കാനുള്ള ഒത്തുകളിയാണ് ഇതിനുപിന്നില്‍.

അതിര്‍ത്തി ജില്ലകളില്‍ വന്‍തോതില്‍ സ്പിരിറ്റും വിദേശമദ്യവും സംഭരിച്ചതായി എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ് പ്രമാണിച്ച് ചെവ്വാഴ്ച വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ മദ്യനിരോധനം നിലവില്‍വരും. ഇതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് സൂചന. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മദ്യദുരന്തത്തിലേക്കാണ് ഇപ്പോഴത്തെ പ്രതിസന്ധി നീങ്ങുന്നത്. മദ്യദുരന്തഭീഷണി ഉയര്‍ത്തി ബാറുകള്‍ കൂട്ടത്തോടെ തുറക്കാനാണ് നീക്കം. വ്യാഴാഴ്ച വോട്ടെടുപ്പ് കഴിയുന്നതോടെ ഇതിനുള്ള നടപടികള്‍ക്ക് തുടക്കമാകും. നിലവാരമില്ലാത്ത ബാര്‍ ലൈസന്‍സ് പുതുക്കില്ലെന്ന മുന്നറിയിപ്പ്നല്‍കി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം പിരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 335 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ മന്ത്രിസഭ തിരക്കിട്ട് തീരുമാനമെടുത്തു. നിലവാരമില്ലാത്ത നിരവധി ബാറുകളുടെ ലൈസന്‍സും ഇക്കൂട്ടത്തില്‍ പുതുക്കിനല്‍കി. 418 ബാറുകളുടെ ലൈസന്‍സ് പുതുക്കല്‍ നടപടിയാണ് മരവിപ്പിച്ചിരിക്കുന്നത്. വന്‍കിട ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ 25 കോടിയാണ് പിരിച്ചെടുത്തത്. മറ്റ് ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍വേണ്ടിയാണ്് 25 ലക്ഷം രൂപ നിരക്കില്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ ധാരണയിലെത്തിയത്. മന്ത്രി കെ എം മാണിയുടെ മരുമകന്റെയും ബന്ധുക്കളുടെയും ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കിയിട്ടുണ്ട്. എക്സൈസ് മന്ത്രിയുമായി അടുത്ത ബന്ധമുള്ള കൊച്ചിയിലെ ഗ്രൂപ്പിന്റെ ഒമ്പത് ബാറുകളുടെ ലൈസന്‍സും പുതുക്കി. റവന്യൂമന്ത്രിയുടെ രണ്ട് ബാറുകളും യുഡിഎഫ് കണ്‍വീനറുടെ അടുത്ത ബന്ധുവിന്റെ ഒരു ബാറും തുറന്നുകൊടുക്കാനുള്ള നീക്കം നടത്തിവരികയാണ്.

ലൈസന്‍സ് പുതുക്കിയ ബാറുകളുടെ പട്ടിക നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പട്ടിക സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന് തീരുമാനമെടുത്തെങ്കിലും ഇവ ഏതൊക്കെയെന്ന് വ്യക്തമല്ലാത്തതിനാല്‍ ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ച ബാറുകളുടെ പട്ടിക സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ എം ഷെഫീക്കും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ബാര്‍ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടിന് നികുതിവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധസമിതി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഈ സാമ്പത്തികവര്‍ഷം ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ച ബാറുകളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാല്‍ നിലവാരമില്ലാത്ത ബാര്‍ ഹോട്ടലുകളും സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

deshabhimani

No comments:

Post a Comment