Tuesday, April 8, 2014

ഇടത് മതേതര ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കും: കാരാട്ട്

കോണ്‍ഗ്രസിതര-മതേതര പാര്‍ടികളുടെ കൂട്ടായ്മയ്ക്കുമാത്രമേ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേട്ടമുണ്ടാക്കുന്നത് കോണ്‍ഗ്രസുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളില്‍മാത്രമായിരിക്കും. മറ്റിടങ്ങളിലെല്ലാം കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി നില്‍ക്കുന്ന പാര്‍ടികള്‍ മുന്നിലെത്തും. 11 പാര്‍ടികള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ധാരണയില്‍ എത്തിയിരിന്നു. ഈ അഭിപ്രായവോട്ടെടുപ്പുകളില്‍പ്പോലും നൂറ്ററുപതോളം സീറ്റ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്കും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും പുറമെയുള്ള പാര്‍ടികള്‍ക്ക് ലഭിക്കുമെന്നാണ്. ഇത്തരം സര്‍വേകളില്‍ പലപ്പോഴും ഇടതുപാര്‍ടികളെ പരിഗണിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷം കഴിഞ്ഞ തവണത്തേതിനേക്കാള്‍ നില മെച്ചപ്പെടുത്തും.

കേരളത്തില്‍ എല്‍ഡിഎഫ് തരംഗം എങ്ങും പ്രകടമാണ്. ത്രിപുരയിലും വിജയം ആവര്‍ത്തിക്കും. പശ്ചിമബംഗാളില്‍ നല്ല മുന്നേറ്റമുണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവിടെ പല ജില്ലയിലും എല്‍ഡിഎഫ് പ്രവര്‍ത്തകരെ വോട്ട് ചെയ്യാന്‍പോലും അനുവദിക്കാത്ത സ്ഥിതിയുണ്ട്. അതിനെതിരെ തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയിരിക്കുകയാണ്. നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ അവിടെ ഇടതുപക്ഷത്തിന് വന്‍ മുന്നേറ്റമുണ്ടാകുമെന്നും കാരാട്ട് പറഞ്ഞു.

സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്ന് അഭിപ്രായപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ധൈര്യം അപാരമാണ്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ജനങ്ങളുടെ പ്രതിഷേധത്തില്‍ രാജ്യമെങ്ങുമെന്നപോലെ കേരളത്തിലും കോണ്‍ഗ്രസ് തകരും. എല്‍ഡിഎഫ് തരംഗമാണ് കഴിഞ്ഞ മൂന്നുദിവസത്തെ പര്യടനത്തില്‍നിന്ന് വ്യക്തമായതെന്ന്കാരാട്ട് പറഞ്ഞപ്പോഴായിരുന്നു സംസ്ഥാനഭരണത്തിന്റെകൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രതികരണമാരാഞ്ഞത്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തെയും വിലയിരുത്തുന്നുണ്ട്. ജനങ്ങള്‍ വളരെ ശ്രദ്ധാലുക്കളാണെന്ന് ഉമ്മന്‍ചാണ്ടി മനസ്സിലാക്കണം. വ്യക്തിപരമായ അഭിപ്രായങ്ങള്‍കൂടി ചര്‍ച്ചചെയ്ത് കൂട്ടായ തീരുമാനമെടുക്കുന്ന പാര്‍ടിയാണ് സിപിഐ എം എന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാടും ഇതുതന്നെയാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള നിരാശ മനസിലാകുന്നുണ്ടെന്നും കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment