Tuesday, April 1, 2014

ജനങ്ങള്‍ക്കിടയില്‍ ബര്‍ദന് എന്നും ചെറുപ്പം...


നാലുപതിറ്റാണ്ട് മുമ്പ് കേരളത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അതേ ആഹ്ലാദത്തോടും ആവേശത്തോടുമാണ് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ ഇക്കുറിയും സംസ്ഥാനത്ത് എത്തിയത്. തിങ്കളാഴ്ച ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലായി ബര്‍ദന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പു യോഗങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നു. പകല്‍ രണ്ടരയോടെ തിരുവനന്തപുരത്തെത്തിയ ബര്‍ദന്‍ രണ്ടുമണിക്കൂര്‍ വിശ്രമത്തിന് ശേഷമാണ് ആദ്യ പൊതുയോഗ സ്ഥലമായ നെടുമങ്ങാട് ടൗണിലേക്ക് പുറപ്പെട്ടത്. സിപിഐ നേതാവ് ബിനോയ് വിശ്വം കൂടെ.

നെടുമങ്ങാട് ടൗണില്‍ പ്രത്യേകം തയ്യാറാക്കിയ വേദിക്കു മുന്നില്‍ വാഹനമെത്തിയപ്പോള്‍ ഇംഗ്ലീഷിലും മലയാളത്തിലും മുദ്രാവാക്യം ഉയര്‍ന്നു. ബര്‍ദന്‍ പറയുന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ കാതോര്‍ത്തു. പതിവുശൈലിയില്‍ "കോമ്രേഡ്സ്, ഫ്രണ്ട്സ്, ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ്" എന്ന് അഭിസംബോധനചെയ്ത് തുടങ്ങിയ പ്രസംഗം അര മണിക്കൂര്‍ നീണ്ടു. കഴിഞ്ഞ രണ്ട് യുപിഎ സര്‍ക്കാരുകളുടെ ഉള്ളടക്കവും സ്വഭാവവും അതിന്റെ രാഷ്ട്രീയ കാരണങ്ങളും ഇഴപിരിച്ചുകാണിച്ച പ്രഭാഷണം ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയം ഗൗരവമായ ഭീഷണിയായി ഉയര്‍ത്തിക്കാട്ടി. തുടര്‍ന്ന് എന്തുകൊണ്ട് ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ ബദല്‍ എന്ന വിശദീകരണം. ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സവിശേഷതകളും കടന്നുവന്നു. എ സമ്പത്ത് കേവലം ഡോക്ടറല്ല, കലയുടെയും തത്വചിന്തയുടെയും അറിവിന്റെയും ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ ആവേശത്തോടെ ജനങ്ങളുടെ കൈയടി. വേദിയിലുണ്ടായ സിപിഐ എം നേതാക്കളായ പിരപ്പന്‍കോട് മുരളിയോടും ആനാവൂര്‍ നാഗപ്പനോടും കുശലം പറഞ്ഞശേഷം വാഹനത്തില്‍ അടുത്ത പൊതുയോഗസ്ഥലമായ ഗാന്ധിപാര്‍ക്കിലേക്ക്. ഗാന്ധിപാര്‍ക്കിലെത്തിയപ്പോള്‍ വൈകിട്ട് 6.50. എം വിജയകുമാര്‍ പ്രസംഗിക്കുന്നു.

2004ല്‍ സിപിഐ നേതാവ് പി കെ വാസുദേവന്‍നായരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബര്‍ദന്‍ എത്തിയപ്പോഴും ഇതേപോലെ അധ്യക്ഷനായി താനുണ്ടായിരുന്നുവെന്ന് അനുസ്മരിച്ച വിജയകുമാര്‍, 2004ലെ വിജയം ഇക്കുറി ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. കൈയടിയോടെ ജനങ്ങള്‍ ഇത് സ്വീകരിച്ചപ്പോള്‍ എന്താണ് കാര്യമെന്ന് ബര്‍ദന്‍ ചോദിച്ച് മനസിലാക്കി. ഇന്ത്യയുടെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തിരുവനന്തപുരത്തിനുള്ള പ്രാധാന്യം സൂചിപ്പിച്ചായിരുന്നു ഇവിടെ ബര്‍ദന്റെ പ്രഭാഷണം.ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ്, ഇടതുപക്ഷ മന്ത്രിസഭകളുടെ ആസ്ഥാനമെന്ന പ്രാധാന്യം തിരുവനന്തപുരത്തിനുണ്ടെന്നും തെരഞ്ഞെടുപ്പിലൂടെ അത് വീണ്ടും പ്രകടിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചൊവ്വാഴ്ച അമ്പലപ്പുഴ, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് പൊതുയോഗങ്ങള്‍. എണ്‍പത് പിന്നിട്ടിട്ടും ചെറുപ്പത്തിന്റെ ഊര്‍ജസ്വലതയോടെ ബര്‍ദന്‍ ഇടതുപക്ഷത്തിന്റെ ശക്തനായ പ്രചാരകനായി നിലകൊള്ളുന്നു. രാജ്യത്തെ പ്രമുഖനായ കമ്യൂണിസ്റ്റ് നേതാവ് ജനങ്ങള്‍ക്കിടയിലെത്തുമ്പോള്‍ അവരിലൊരാളാവുന്നു. ലാളിത്യവും സ്നേഹവും നിറയുന്ന പെരുമാറ്റത്തിലൂടെ മനം കവരുന്നു.

വി ജയിന്‍ deshabhimani

No comments:

Post a Comment