Tuesday, April 1, 2014

ഇടതുപക്ഷത്തിന്റെ പിന്തുണ തേടാന്‍ കോണ്‍ഗ്രസ് ഉണ്ടാവില്ല: വൈക്കം വിശ്വന്‍

കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടതുപക്ഷത്തിന്റെ സഹകരണം തേടുന്ന എ കെ ആന്റണി, അതിനു പാകത്തില്‍ കോണ്‍ഗ്രസ് എവിടെയാണുള്ളതെന്ന് പറയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച "ഇന്ത്യ എങ്ങോട്ട്" എന്ന ചര്‍ച്ചാപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ പിന്തുണ തേടാന്‍ തക്കവിധം കോണ്‍ഗ്രസ് ഇന്ത്യയില്‍ ഉണ്ടാവില്ല. വലിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ഒളിച്ചോടി. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. ജനങ്ങളില്‍ നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ടപ്പോള്‍ കേരളത്തില്‍ വന്ന് ഇത്തരം അഭിപ്രായങ്ങള്‍ വിളമ്പുകയാണ്.

സിപിഐ എം നയം മാറ്റണമെന്നാണ് എ കെ ആന്റണി പറയുന്നത്. ഏത് നയമാണ് മാറ്റേണ്ടത്? സാമ്രാജ്യത്വത്തിന് രാജ്യത്തെ അടിയറ വയ്ക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നയമോ? രാജ്യത്തിന്റെ സമ്പത്തും പൊതുമേഖലാ സ്ഥാപനങ്ങളും വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനെതിരെ പ്രതിരോധമുയര്‍ത്തുന്ന നയമോ? ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും നല്‍കണമെന്ന് ആവശ്യപ്പെടുന്ന നയമോ? ഏത് നയമാണ് സിപിഐ എം മാറ്റേണ്ടത്?

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച് ചിലര്‍ നടത്തുന്ന സര്‍വേ അവരുടെ പ്രത്യേക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകമായ തരത്തില്‍ ആത്മനിഷ്ഠമായതാണ്. പല സ്ഥാനാര്‍ഥികളെയുംപറ്റി മുന്‍വിധിയോടെയാണ് കാര്യങ്ങള്‍ പറയുന്നത്. ഈ സര്‍വേകളൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു ഭീഷണിയുമുയര്‍ത്തുന്നില്ല. വളരെ നന്നായി എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു. എല്‍ഡിഎഫിന് അനുകൂലമായാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം. പൊലീസ് ഉദ്യോഗസ്ഥന്‍ കുഴപ്പം കാട്ടിയപ്പോള്‍ അതിന് ബന്ധപ്പെട്ട മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് ഇപ്പോള്‍ കോടതിയുടെ ശക്തമായ പരാമര്‍ശമുണ്ടായിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത്. ജനാധിപത്യ മൂല്യങ്ങളെ പൂര്‍ണമായും അട്ടിമറിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. സ്വന്തം പാളയത്തില്‍ നിന്നുപോലും മുഖ്യമന്ത്രിക്ക് പിന്തുണയില്ല.

മുഖ്യമന്ത്രിതന്നെയാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിയെന്ന നിലപാടാണ് കെപിസിസിക്ക്. കോടതി പരാമര്‍ശം ഗൗരവമുള്ളതാണെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു. കെ സി ജോസഫിനെപ്പോലുള്ള ചില മന്ത്രിമാര്‍ കോടതിയെ അധിക്ഷേപിക്കുകയുംചെയ്യുന്നു. ഇതിനു മുമ്പ് ഒരു വിധി പുറപ്പെടുവിച്ച ജഡ്ജിയെ മാനസികമായി പീഡിപ്പിച്ച് ആ സ്ഥാനത്തുനിന്ന് പറഞ്ഞയച്ച സംഭവവും ഉണ്ടായി. കേരളത്തെ എല്ലാ വിധത്തിലും തകര്‍ക്കുന്ന ഭരണമാണിത്. യുപിഎ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. പൊതുമേഖലാ വ്യവസായങ്ങളും പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഒരു യൂണിറ്റ് വൈദ്യുതി കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചിട്ടില്ല. കര്‍ഷക ആത്മഹത്യകള്‍ തിരിച്ചെത്തി. ക്രമസമാധാന പാലനത്തില്‍ കേരളം വീണ്ടും പിന്നിലായി. തട്ടിപ്പും വെട്ടിപ്പും നടത്തുന്നവര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്ചെയ്തികളെക്കൂടി വിലയിരുത്തുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളുടെ ശക്തമായ കൂട്ടായ്മ ഉയര്‍ന്നുവരും. അതിനുള്ള അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment