Sunday, April 13, 2014

മലിനമാകുമോ ഒരുമയുടെ ഈ രാംഗംഗ

മൊറാദാബാദ്: രാജ്യത്തെ ഹിന്ദുമതവിശ്വാസികളെല്ലാം കടപ്പെട്ടിരിക്കുന്ന ഒരു കൂട്ടരുണ്ട് ഉത്തര്‍പ്രദേശില്‍. ക്ഷേത്ര ശ്രീകോവിലുകളിലെയും അവരുടെ വീട്ടിലെ പൂജാമുറികളിലെയും നിലവിളക്കുകളും പൂജാപാത്രങ്ങളും കിണ്ടിയും ഹോമത്തില്‍ നെയ്യ് സേവിക്കാനുള്ള കരണ്ടിയുംവരെ നിര്‍മിക്കുന്ന മൊറാദാബാദുകാര്‍. ഈ പട്ടണത്തിലെ തിരക്കേറിയ ഗലികളിലെ മുസ്ലിങ്ങളാണ് രാജ്യമെങ്ങുമുള്ള പൂജാമുറികളെ അലങ്കരിക്കാനുള്ള സാമഗ്രികളുടെ ശില്‍പ്പികള്‍. ഇന്ത്യന്‍സംസ്കാരത്തിന്റെ ഈടുവയ്പുകളിലൊന്നായ ഈ ഒരുമയുടെ സ്വച്ഛന്ദപ്രവാഹത്തിന് ഭംഗമുണ്ടാകുമോ എന്ന ചോദ്യമാണ് രാംഗംഗാ നദീതീരത്തെ മൊറാദാബാദില്‍ തെരഞ്ഞെടുപ്പുകാലത്ത് ഉയരുന്നത്. കാരണം ഗുജറാത്ത് വംശഹത്യയുടെ കാര്‍മികനായ മോഡിയുടെ ഉത്തര്‍പ്രദേശിലെ സാന്നിധ്യംതന്നെ. വാരാണസിയില്‍ നരേന്ദ്രമോഡി മത്സരിക്കുമ്പോള്‍ മൊറാദാബാദിലെ മുസ്ലിം ഗലികളില്‍ പടരുന്ന ആശങ്കയ്ക്ക് ന്യായമുണ്ട്. മതനിരപേക്ഷതയുടെ അടിത്തറയില്‍ കെട്ടിപ്പടുത്ത ജീവിതം ചിതറിത്തെറിക്കുമോ എന്ന ഭീതിയാണ് എല്ലാവര്‍ക്കും.

മുഗള്‍ ബാദ്ഷ ഷാജഹാന്റെ മകന്‍ മുറാദിന്റെ പേരിലുള്ള ഈ നഗരത്തെ ചുറ്റിയൊഴുകുന്ന രാംഗംഗ നദീതടത്തിലെ കറുത്ത മണ്ണാണ് പിച്ചള വ്യവസായത്തിന് അടിത്തറ പാകിയത്. ഈ കരിമണ്ണുപയോഗിച്ചാണ് സിങ്കും ചെമ്പും ചേര്‍ന്ന പിച്ചളയെന്ന മിശ്രിതത്തിന് രൂപം നല്‍കുന്നത്. "ഓം" "ജയ്മാതാ" "ജയ്ശ്രീരാം" എന്നെല്ലാമെഴുതിയ പിച്ചള ഫലകങ്ങളും ശിവപ്രതിമയോടു ചേര്‍ന്നുള്ള നാഗവും രൂപം കൊള്ളുന്നത് ഈ മുസ്ലിങ്ങളുടെ കൈകളില്‍. നാല് ലക്ഷം പേര്‍ ഈ വ്യവസായത്തെ ആശ്രയിക്കുന്നു. ഇവയുടെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നാണ് കേരളം. മൊറാദാബാദിലെ പിച്ചള വ്യവസായികള്‍ക്ക് കണ്ണൂരും കോഴിക്കോടും കൊല്ലവുമെല്ലാം സ്വന്തം നാടുതന്നെ. ഡെറാഡൂണ്‍- കൊച്ചുവേളി പ്രതിവാര ട്രെയിനാണ് ഇവരെ കേരളവുമായി ബന്ധിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെങ്ങുമുണ്ട് മതസൗഹാര്‍ദത്തിന്റെ ഇത്തരം മഹോന്നത മാതൃകകള്‍.

മരത്തിലെ കൊത്തുപണിക്ക് പേരുകേട്ടവരാണ് ഷഹാരന്‍പുര്‍ മുസ്ലിങ്ങള്‍. രാജ്യത്തെ ഏറ്റവും നല്ല മരപ്പണിക്കാര്‍. താഴും പൂട്ടും നിര്‍മിക്കുന്നത് അലിഗഢിലെ മുസ്ലിം ഗലികളില്‍. ലോകപ്രസിദ്ധമായ ബനാറസ് പട്ടുസാരികള്‍ നിര്‍മിക്കുന്നതും മുസ്ലിം നെയ്ത്തുകാര്‍. ബിജ്നോറിലെ മുസ്ലിം കുടിലുകളിലാണ് പെയിന്റ് ബ്രഷുകള്‍ ഉണ്ടാക്കുന്നത്. അയോധ്യയില്‍ പൂജാസാമഗ്രികളുടെ കടകള്‍ മുഴുവന്‍ മുസ്ലിങ്ങളുടേത്. കാണ്‍പുരിലെ തുകല്‍ വ്യവസായവും ആഗ്രയിലെ ചെരിപ്പ് നിര്‍മാണവും ഫിറോസാബാദിലെ വളനിര്‍മാണവും പ്രധാനമായും മുസ്ലിങ്ങളുടേത്. മോഡിയുടെ വരവോടെ ശക്തമായ വര്‍ഗീയധ്രുവീകരണം ഇവരുടെ ജീവിതപ്രതീക്ഷകളാണ് തകര്‍ക്കുന്നത്. മുസഫര്‍നഗറിലും വാരാണസിയിലും സരായ്കലാകാനിലും ഫൈസാബാദിലുമായി നാനൂറിലധികം വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടായതോടെ ഹിന്ദു-മുസ്ലിം ഐക്യത്തിന് വിള്ളലേറ്റു. 2009ല്‍ വലിയ പ്രതീക്ഷയോടെയാണ് മൊറാദാബാദുകാര്‍ മുന്‍ക്രിക്കറ്റ് നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ വിജയിപ്പിച്ചത്. പിച്ചള വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അസ്ഹറുദ്ദീന്റെ വാഗ്ദാനം. ജയത്തോടെ എംപി അപ്രത്യക്ഷനായി. എംപിയെ കാണാനില്ലെന്ന് ജനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊറാദാബാദില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും എംപിയെ കണ്ടില്ല.

2012ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ജനങ്ങള്‍ പകരംവീട്ടി. തോല്‍വി ഭയന്ന് അസ്ഹറുദ്ദീന്‍ രാജസ്ഥാനിലെ സവോയ് മധോപുരില്‍ ചേക്കേറി. ബിഎസ്പിയിലെ യാക്കൂബ് ഖുറേഷിയും ബിജെപിയിലെ സര്‍വേഷ് കുമാറും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം. മുഹമ്മദ് നബിയെ മോശമായി വരച്ച ഡാനിഷ് കാര്‍ട്ടൂണിസ്റ്റിനെ വധിക്കാന്‍ ഇനാം പ്രഖ്യാപിച്ച് കുപ്രസിദ്ധി നേടിയ യാക്കൂബ് ഖുറേഷി ഇവിടത്തെ പിന്നോക്ക മുസ്ലിങ്ങളുടെ നേതാവാണ്. ദളിതരിലും പിന്നോക്ക മുസ്ലിങ്ങളിലും വോട്ടു കണ്ടെത്താനുള്ള മായാവതിയുടെ തന്ത്രമാണ് ഖുറേഷിയുടെ സ്ഥാനാര്‍ഥിത്വം. സിപിഐ എമ്മിലെ നഫീസുദ്ദീനും കോണ്‍ഗ്രസിലെ നൂര്‍ ബാനു ബീഗവും രംഗത്തുണ്ട്. സമാജ്വാദി പാര്‍ടിയും പിന്നോക്ക മുസ്ലിങ്ങളുടെ പാര്‍ടിയായ പീസ് പാര്‍ടിയും മത്സരിക്കുന്നുണ്ട്.

വി ബി പരമേശ്വരന്‍ deshabhimai

No comments:

Post a Comment