Monday, April 7, 2014

യുഡിഎഫില്‍ പോയ ആര്‍എസ്പി പേരുമാറ്റണം: കാരാട്ട്

കൊല്ലം: രാഷ്ട്രീയ അവസരവാദം കാട്ടിയ കേരളത്തിലെ ആര്‍എസ്പി പേരുമാറ്റുന്നതാണ് ഉചിതമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അവസരവാദത്തിന്റെ പ്രതിരൂപമായി മാറിയ അവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മടിയിലിരിക്കുന്നു. ആര്‍എസ്പിക്ക് റെവല്യൂഷനെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും പറയാന്‍ അര്‍ഹത നഷ്ടപ്പെട്ടു. ഇതിന് ആര്‍എസ്പി വലിയ വില കൊടുക്കേണ്ടിവരും. അവരോട് കണക്കുതീര്‍ക്കാന്‍ കൊല്ലം മണ്ഡലത്തിലെ വോട്ടര്‍മാര്‍ തയ്യാറെടുക്കുകയാണെന്നും കാരാട്ട് പറഞ്ഞു.

കൊല്ലം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ ചേര്‍ന്ന യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാജ്യമാകെ ഉറ്റുനോക്കുകയാണ്. സിപിഐ എമ്മിന്റെ സമുന്നതനേതാക്കളില്‍ ഒരാളായ എം എ ബേബിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. രാഷ്ട്രീയ അപചയത്തിനു വിധേയമായി അവസരവാദരാഷ്ട്രീയം കാട്ടിയ കേരളത്തിലെ ആര്‍എസ്പിയുടെ പ്രതിനിധിയാണ് ബേബിയുടെ എതിരാളി എന്നതും പ്രധാനമാണ്.

തൊഴിലാളിവര്‍ഗത്തിന് വളക്കൂറുള്ള ഈ മണ്ണില്‍ ബേബിയുടെ വിജയം സുനിശ്ചിതമാണെന്ന് ഉറപ്പുണ്ട്. ബേബിക്ക് അനുകൂലമായ കൊല്ലത്തിന്റെ വിധി രാജ്യത്തിനാകെ മാതൃകയാകും. ഇടതുപക്ഷ മതനിരപേക്ഷബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും കാരാട്ട് പറഞ്ഞു.

കോടതിയോടുളള കേന്ദ്രനിലപാട് സംസ്ഥാന സര്‍ക്കാരിനും: കാരാട്ട്

പത്തനംതിട്ട: കോടതിയോടും ജഡ്ജിമാരോടും കേന്ദ്ര ഗവണ്‍മെന്റ്കൈക്കൊണ്ട അതേ നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പത്തനംതിട്ട, പെരുനാട് എന്നിവിടങ്ങളില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പറ്റി ഹൈക്കോടതി പരാമര്‍ശിച്ചപ്പോള്‍ കോടതിയേയും വ്യക്തിപരമായി ജഡ്ജിയേയും അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചത്. ടൂജി സ്പെക്ട്രം അഴിമതി അന്വേഷിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചപ്പോള്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സുപ്രിം കോടതിക്കെതിരെ തിരിഞ്ഞു. ടൂജി സ്പെക്ട്രം, കല്‍ക്കരി കുഭകോണം, ഗ്യാസ് വിലവര്‍ധന, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവയിലുടെ കോടികളുടെ അഴിമതിയാണ് നടന്നത്. ടൂജി സ്പെക്ട്രത്തിന് ലൈസന്‍സ് നല്‍കുന്നതിന് 1.86 ലക്ഷം കോടി രൂപ കോഴ വാങ്ങിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ ഉത്തരവാദിത്വം യുപിഎ സര്‍ക്കാരിനാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലനിയന്ത്രണം എടുത്തു കളഞ്ഞു, 26 തവണ പെട്രോളിന്റെ വില വര്‍ധിപ്പിച്ചു. 29 വയസില്‍ താഴെയുള്ള 33 കോടി ചെറുപ്പക്കാരില്‍ 14 ശതമാനവും തൊഴില്‍രഹിതരാണ്. വളത്തിന്റെ സബ്സിഡി എടുത്തു കളഞ്ഞു. യൂറിയ ഉള്‍പ്പെടെയുള്ള വളങ്ങള്‍ക്ക് മൂന്നും നാലും ഇരട്ടി വില വര്‍ധിപ്പിച്ചു. 1,46,000 കര്‍ഷകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്തത്. കേരളത്തിലും പിടിച്ചുനില്‍ക്കാനാവാതെ കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കാന്‍ ജനം കാത്തിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു.

ആസിയന്‍ കരാറിനെ ഇടതുപാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിരുന്നു. കരാര്‍ നടപ്പാക്കിയതോടെ സാമ്രാജ്യത്വ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്തു. ഇറക്കുമതി ചുങ്കം കുറച്ചതോടെ റബറിന്റെ വില ക്രമാതീതമായി കുറഞ്ഞു. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 85,000 കോടി രൂപ വന്‍കിട ടയര്‍ കമ്പനികള്‍ക്ക് ലഭിച്ചു. എ കെ ആന്റണി ഉള്‍പ്പെടെ കേരളത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നിട്ടും അവര്‍ എന്താണ് ചെയ്തത്. ഇത്ര വലിയ ജനദ്രോഹ നയം നടപ്പാക്കിയതിന് അവരും ഉത്തരവാദികളാണ്. എന്നിട്ടും എ കെ ആന്റണി പറയുന്നത് ഞങ്ങള്‍ മൂന്നാമത്തെ യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ്. ആന്റണി ഏതു ലോകത്താണ് ജീവിക്കുന്നത്.

ആന്റണിയുടെ വകുപ്പില്‍ ഇറ്റാലിയന്‍ കമ്പനിയുമായി 3,600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപടാണ് നടത്തിയത്. ഇതില്‍ കോഴ കൊടുത്തിട്ടുണ്ടെന്ന് കണ്ടെത്തി ഇറ്റലി കമ്പനിയുടെ സിഇഒയെ അറസ്റ്റ് ചെയ്തു. എന്നിട്ടും ആന്റണി തന്റെ വകുപ്പിലെ കുറ്റക്കാരെ സംരക്ഷിക്കുകയാണ്. കോണ്‍ഗ്രസിന് പകരം അധികാരത്തില്‍ വരുമെന്ന് പറയുന്ന ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണ്. തീവ്ര ഹിന്ദുത്വം നടപ്പാക്കുക, ബഹുരാഷ്ട്ര കുത്തകകള്‍ ഉള്‍പ്പെടെയുള്ള കമ്പനികളെ സഹായിക്കുക എന്നീ നയങ്ങളാണ് ബിജെപിക്കുള്ളത്. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ പിന്നോക്ക വിഭാഗക്കാരെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും രണ്ടാംകിട പൗരന്മാരായാണ് അവര്‍ കാണുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment