Wednesday, April 2, 2014

ചുവപ്പ് പെട്ടിയും കടലാസും

കല്‍പ്പറ്റ: 87 വയസ് പിന്നിടുമ്പോഴും പുല്‍പ്പാറ കെ ജെ ഡാനിയലിന് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ യുവത്വത്തിന്റെ പ്രസരിപ്പാണ്.

"ചെങ്കൊടി സിന്ദാബാദ് വിളിച്ചു നടക്കുന്ന കാലം, ഞങ്ങള്‍ 11 പേരെയുള്ളു. ജില്ല മുഴുവന്‍ നടന്ന് പോകും, വിശന്നുവലയുമ്പോള്‍ ഭക്ഷണം പോലും കിട്ടാനില്ലാത്ത അവസ്ഥ. അങ്ങനെയാണ് ഞങ്ങള്‍ പാര്‍ടിയെ പടുത്തുയര്‍ത്തിയത്". ഡാനിയലിന്റെ ഓര്‍മകള്‍ക്ക് ലവലേശം മങ്ങലില്ല. പണ്ട് കാലത്ത് ചിഹ്നങ്ങള്‍ക്ക് പകരം പെട്ടികളായിരുന്നു തെരഞ്ഞെടുപ്പിന്. ചുവപ്പ് പെട്ടി, പച്ച പെട്ടി, വെള്ളപെട്ടി. ട്രെയിന്‍ ടിക്കറ്റ് പോലത്തെ കടലാസാണ് ബാലറ്റ് പേപ്പര്‍.

തമിഴ്നാട് തിരിപ്പൂര്‍ കുപ്പാണ്ടന്‍ പാളയത്തിലെ ടെക്സ്റ്റയില്‍മില്‍ ജോലിക്കാരനായിരുന്നു ഡാനിയല്‍ 1948 ലാണ് വയനാട്ടിലേക്ക് വണ്ടികയറിയത്. പിന്നെ പാര്‍ടിയായിരുന്നു ഡാനിയലിനെല്ലാം. 1952 ലാണ് ജില്ലയിലെത്തി ആദ്യമായി ഡാനിയല്‍ വോട്ട് ചെയ്യുന്നത്. കല്‍പ്പറ്റ ബോര്‍ഡ് സ്കൂളിലായിരുന്നു വോട്ട്. താന്‍ രാവിലെ ആറിനു തന്നെ പോളിങ് ബൂത്തിലെത്തി ആദ്യ വോട്ട് ചെയ്യുമെങ്കിലും പിന്നീടാണ് യഥാര്‍ഥ ജോലിയിലേക്ക് തിരിയുന്നത്. പ്രദേശത്തുള്ള ആളുകളെ പോളിങ് ബൂത്തിലെത്തിക്കാനുള്ള തിരക്കാണ് പിന്നീട്. ചിലരെ എടുത്തു കൊണ്ടുവരേണ്ടിവരും, ചിലര്‍ക്ക് ബൂത്ത് ഏതാണെന്ന് കാണിച്ചുകൊടുക്കേണ്ടിവരും. അങ്ങനെ തെരഞ്ഞെടുപ്പിന്റെ ദിവസം വൈകീട്ട് വരെ പണിയാണ്. ഡാനിയല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് തെരഞ്ഞെടുപ്പിന്റെ അന്ന് വരെ വീട്ടില്‍വരെ പോകാറില്ല.

വളരെ രസകരമാണ് അന്നത്തെ പ്രചരണം. യോഗങ്ങള്‍ കൂടിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ഒരാള്‍ ഒരാളോട് പറയുന്ന രീതിയിലായിരുന്നു പ്രചരണം. എസ്റ്റേറ്റിലെ തൊഴിലാളി നേതാവ് തൊഴിലാളികളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കും. തൊഴിലാളികള്‍ അവരുടെ നാട്ടുകാരോടും കുടുംബക്കാരോടും വോട്ട് ചെയ്യാന്‍ പറയും. അങ്ങനെ സാധാരണ ജനങ്ങളുടെ വീടുകളിലൂടെയുള്ള പ്രചരണം രസകരമായിരുന്നു. ഇന്നത്തെ വോട്ടിങ് രീതിയോട് ഡാനിയല്‍ പൂര്‍ണതൃപ്തനല്ല. വാഹനത്തില്‍ നിന്നുള്ള പ്രചരണത്തേക്കാള്‍ തീവ്രത ഓരോ വീട്ടിലും പോയി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കുന്നതാണ് നല്ലതെന്ന് ഡാനിയല്‍ പറഞ്ഞു. പണ്ട് വാഹനങ്ങള്‍ ഒന്നും ഇല്ലാതെ ജില്ലയൊട്ടുക്ക് നടന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നത്തെ പോലെ ഹൈടക് രീതിയും അവിടെഇല്ല. മൈക്കും മറ്റ് ആധുനിക സമ്പ്രദായങ്ങളും ഒന്നും ഇല്ലാത്ത കാലം....എന്നിട്ടും വോട്ട് പിടിക്കാനായി ആളുകള്‍ കൂടും.

വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ അംഗമായിട്ടാണ് അദ്ദേഹം പാര്‍ടി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1962 ല്‍ എസ് കെ പൊറ്റക്കാടും സുകുമാര്‍ അഴിക്കോടും തമ്മില്‍ ലോക്സഭയിലേക്ക് നടന്ന മത്സരം ആവേശകരമായിരുന്നു. രണ്ട് പേരും സാഹിത്യകാരന്മാര്‍. മത്സരം പാര്‍ടിക്കാര്‍ക്ക് മാത്രമല്ല, സാധാരണ ജനങ്ങള്‍ക്കും ആവേശമായിരുന്നു. പാവങ്ങളുടെ പടത്തലവനായ എകെജിയാണ് തിരൂപ്പൂരില്‍ നിന്ന് വയനാട്ടിലെത്തിയ തനിക്ക് മീനങ്ങാടിയില്‍ നിന്ന് പാര്‍ടി അംഗത്വത്തിന്റെ ചുവന്ന കാര്‍ഡ് തന്നതെന്ന് അദ്ദേഹം ഇന്നും ആദരവോടെ ഓര്‍ക്കുന്നു. അഴിമതി നിറഞ്ഞ കേരളത്തെ രക്ഷിക്കാന്‍ ഇത്തവണ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ജനതയുടെ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment